Quantcast

ഗോവ മെഡിക്കല്‍ കോളജില്‍ നാലു മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍; കോടതി അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണകാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.

MediaOne Logo

Web Desk

  • Published:

    11 May 2021 1:46 PM GMT

ഗോവ മെഡിക്കല്‍ കോളജില്‍ നാലു മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍; കോടതി അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രി
X

ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുമണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍. ഇന്നു പുലർച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങൾ ഉണ്ടായത്. സംഭവത്തിന്‍റെ വ്യക്തമായ കാരണം കണ്ടെത്താൻ ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഓക്സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. "ഈ മരണങ്ങളുടെ കാരണങ്ങൾ ഹൈക്കോടതി അന്വേഷിക്കണം. ഇവിടേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഇടപെട്ട് ഒരു ധവളപത്രം തയാറാക്കണം," റാണെ കൂട്ടിച്ചേര്‍ത്തു.

1,200 ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമുള്ളിടത്ത് 400 എണ്ണം മാത്രമാണ് ലഭിച്ചത്. മെഡിക്കൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടെങ്കിൽ, അത് എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ച നടത്തണം. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയുടെ മേൽനോട്ടത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച നോഡൽ ഓഫീസർമാരുടെ മൂന്നംഗ സംഘം പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരങ്ങൾ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന് കാരണമായതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചത്. മെഡിക്കൽ ഓക്സിജന്‍റെ സുഗമമായ വിതരണം ഉറപ്പാക്കാൻ വാർഡ് തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിനായി ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മെഡിക്കൽ ഓക്സിജന്‍റെയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗികൾക്ക് ദീൻ ദയാൽ സ്വസ്ത സേവ യോജന പ്രകാരമുള്ള ചികിത്സ ആനുകൂല്യങ്ങള്‍ നിരസിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗോവയില്‍ 3124 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 75 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 1804 ആയി.

TAGS :

Next Story