Quantcast

പാര്‍ട്ടിക്ക് ഹാട്രിക്, പക്ഷെ അമരക്കാരിക്ക് പരാജയം; ബംഗാളിൽ മമത മുഖ്യമന്ത്രിയാകുമോ?

നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ആരെങ്കിലും നേതാവിനു വേണ്ടി സ്ഥാനമൊഴിഞ്ഞുകൊടുക്കേണ്ടി വരും

MediaOne Logo

Web Desk

  • Published:

    3 May 2021 10:43 AM GMT

പാര്‍ട്ടിക്ക് ഹാട്രിക്, പക്ഷെ അമരക്കാരിക്ക് പരാജയം; ബംഗാളിൽ മമത മുഖ്യമന്ത്രിയാകുമോ?
X

തൃണമൂലിന്റെ മിന്നുന്ന പ്രകടനത്തിനിടയിലും പ്രവർത്തകർക്ക് നിരാശ നൽകുന്നതാണ് പാർട്ടി അമരക്കാരിയുടെ നന്ദിഗ്രാമിലെ പരാജയം. മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിലെത്തിയ മമതയ്ക്ക് നെഞ്ചിടിപ്പ് നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ അടിയറവ് പറയേണ്ടി വന്നിരുന്നു. 1,736 വോട്ടിനാണ് അധികാരി മമതയെ പരാജയപ്പെടുത്തിയത്.

പാർട്ടി ഹാട്രിക് വിജയം നേടിയെങ്കിലും മമതയ്ക്ക് മുഖ്യമന്ത്രിയാകാനാകുമോ എന്നാണ് പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്നത്. ഭരണഘടനാപരമായി മമതയ്ക്ക് മുഖ്യമന്ത്രിയാകാനാകും. അങ്ങനെയുള്ള മുഖ്യമന്ത്രിമാർ ഇതിനു മുൻപും രാജ്യത്ത് ഉണ്ടായിട്ടുണ്ട്.

ബിഹാറിന്റെ നിതീഷ് കുമാർ ഒരു ഉദാഹരണമാണ്. കഴിഞ്ഞ മൂന്നു ദശകമായി നിതീഷ് ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല; കഴിഞ്ഞ നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. പകരം ഇരുവരും സംസ്ഥാന കൗൺസിലുകളിൽ അംഗങ്ങളാണ്. ബിഹാറിനും മഹാരാഷ്ട്രയ്ക്കും രണ്ട് നിയമസഭകളുണ്ട്. പക്ഷെ ബംഗാളിന് അതില്ല.

അതുകൊണ്ട് തന്നെ അടുത്ത ആറു മാസത്തിനകം തെരഞ്ഞെടുപ്പിലൂടെ തന്നെ മമതയ്ക്ക് നിയമസഭയിലെത്തേണ്ടി വരും. നിലവിൽ തെരഞ്ഞെടുപ്പ് നടക്കാത്ത മണ്ഡലങ്ങൾ സംസ്ഥാനത്ത് ഏതുമില്ല. അപ്പോൾ നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ആരെങ്കിലും നേതാവിനു വേണ്ടി സ്ഥാനമൊഴിഞ്ഞുകൊടുക്കേണ്ടി വരും. മിക്കവാറും ഏറ്റവും സുരക്ഷിതമായ ഏതെങ്കിലും മണ്ഡലങ്ങളിൽ എംഎൽഎ രാജിവയ്ക്കുകയും ഉപതെരഞ്ഞെടുപ്പിലൂടെ മമതയെ വിജയിപ്പിക്കുകയുമാകും ചെയ്യുക. ആറു മാസത്തിനകം തെരഞ്ഞെടുപ്പ് വിജയിക്കാനായില്ലെങ്കിൽ മമതയ്ക്ക് സര്‍ക്കാരിനെ നയിക്കാനാകില്ല.

213 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് തൃണമൂൽ ബംഗാളിൽ തുടർച്ചയായ മൂന്നാം തവണയും വിജയം സ്വന്തമാക്കിയത്. ബംഗാൾ ഭരണം പിടിച്ചടക്കാനെത്തിയ ബിജെപിക്ക് മൂന്നക്കം കടക്കാനായില്ല; 77 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇടതുപക്ഷ-കോൺഗ്രസ് മുന്നണി സംപൂജ്യരായതാണ് തെരഞ്ഞെടുപ്പിലെ മറ്റൊരു വാർത്ത. നന്ദിഗ്രാമിൽ വോട്ടെണ്ണൽ മാറ്റിനടത്തണമെന്ന തൃണമൂലിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ചായിരുന്നു തൃണമൂൽ ആവശ്യമുന്നയിച്ചത്. എന്നാൽ, നന്ദിഗ്രാം ജനത നൽകിയ വിധി അംഗീകരിക്കുന്നുവെന്നായിരുന്നു മമതയുടെ പ്രതികരണം. അതേസമയം, തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായുള്ളതായുള്ള ആരോപണത്തെ തുടർന്ന് കോടതിയിൽ പോകുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story