Quantcast

ആം ആദ്മി പാര്‍ട്ടിയിലേക്കില്ല; അഭ്യൂഹങ്ങൾ തള്ളി ഹാർദിക് പട്ടേൽ

കോൺഗ്രസ് അനുഭാവികൾക്കും പട്ടീദാർ സമുദായത്തിനുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ വേണ്ടിയാണ് ബിജെപിയുടെ നിര്‍ദേശമനുസരിച്ച് മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും ഹാർദിക് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    15 Jun 2021 5:41 AM GMT

ആം ആദ്മി പാര്‍ട്ടിയിലേക്കില്ല; അഭ്യൂഹങ്ങൾ തള്ളി ഹാർദിക് പട്ടേൽ
X

അടുത്ത വർഷം ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖമാകുമെന്ന പ്രചാരണങ്ങൾ തള്ളി ഹാർദിക് പട്ടേൽ. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ എഎപിയിൽ ചേരുന്നില്ലെന്നും കോൺഗ്രസ് ഗുജറാത്ത് ഘടകം വർക്കിങ് പ്രസിഡന്റ് കൂടിയായ ഹാർദിക് വ്യക്തമാക്കി.

ഞാൻ ആം ആദ്മി പാർട്ടിയിൽ ചേരുന്നതായി വിവിധ മാധ്യമങ്ങളിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ കണ്ട് അതിശയപ്പെടുകയാണ്. അടുത്ത വർഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ എഎപിയുടെ മുഖമാകുമെന്നാണ് വാർത്തകളിൽ പറയുന്നത്. ഇത്തരം വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ബിജെപിയുടെ നിർദേശപ്രകാരമാണ് മാധ്യമങ്ങൾ ഇത്തരം ദുരുപദിഷ്ടമായ വാർത്തകൾ പടച്ചുവിടുന്നത്-ഹാർദിക് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

കോൺഗ്രസ് അനുഭാവികൾക്കും പട്ടീദാർ സമുദായത്തിനുമിടയിൽ ആശയകുഴപ്പം സൃഷ്ടിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും ഹാർദിക് പറഞ്ഞു. കർഷക-തൊഴിലാളി-പട്ടീദാർ വിരുദ്ധരായ ബിജെപി സർക്കാരിനെ പുറത്താക്കുകയെന്ന ഒരേയൊരു ലക്ഷ്യവുമായാണ് താൻ കോൺഗ്രസിൽ ചേർന്നിട്ടുള്ളത്. ഗുജറാത്തിൽ കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ച മറച്ചുവയ്ക്കാനാണ് ബിജെപി ഇത്തരം അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിയും എഎപി തലവനുമായ അരവിന്ദ് കെജ്രിവാൾ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനു പിറകെയായിരുന്നു ഹാർദിക് കൂടുമാറുന്നതായുള്ള പ്രചാരണങ്ങൾ ഉയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ഗുജറാത്തിൽ പാർട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എഎപി. തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം എഎപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story