Quantcast

ബംഗാളിനു പുറത്തും ചുവടുറപ്പിക്കാൻ മമത; യുവരക്തങ്ങളെ മുന്നിൽനിർത്തി തൃണമൂലിൽ നേതൃപുനസംഘാടനം

33കാരനും പാർലമെന്റ് അംഗവുമായ അഭിഷേക് ബാനർജിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു

MediaOne Logo

Web Desk

  • Published:

    5 Jun 2021 2:40 PM GMT

ബംഗാളിനു പുറത്തും ചുവടുറപ്പിക്കാൻ മമത; യുവരക്തങ്ങളെ മുന്നിൽനിർത്തി തൃണമൂലിൽ നേതൃപുനസംഘാടനം
X

ദേശീയരാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകാനുള്ള മുന്നൊരുക്കവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാളിനു പുറത്തേക്കും സംഘടനാശക്തി വ്യാപിപ്പിക്കാൻ പദ്ധതിയുമായി സംഘടനയിൽ വിപുലമായ നേതൃമാറ്റം. പാർട്ടിയുടെ വിവിധ വിഭാഗങ്ങളുടെ ചുമതലയിലേക്ക് യുവാക്കളെ കൊണ്ടുവന്നാണ് തൃണമൂൽ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.

എംപിയും പാർട്ടിയിലെ യുവരക്തവുമായ അഭിഷേക് ബാനർജിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. മമതയുടെ സഹോദരപുത്രൻ കൂടിയായ അഭിഷേക് നിലവിൽ ആൾ ഇന്ത്യാ തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാണ്. 2014ൽ 26-ാം വയസിൽ ഡയമണ്ട് ഹാർബറിൽനിന്നുള്ള ലോക്‌സഭാ അംഗമായാണ് അഭിഷേക് സജീവരാഷ്ട്രീയത്തിലെത്തുന്നത്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗംകൂടിയായിരുന്നു ഇദ്ദേഹം.

മമതാ ബാനര്‍ജിയുടെ സന്ദേശം രാജ്യത്തിന്‍റെ മുക്കുമൂലകളിലെത്തിക്കാന്‍ പരിശ്രമിക്കുമെന്ന് പുതിയ സ്ഥാനലബ്ധിയില്‍ അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. തോളോടുതോള്‍ ചേര്‍ന്ന് ഈ പോരാട്ടം വിജയിപ്പിക്കാന്‍ അണിനിരന്ന മുഴുവന്‍ പാര്‍ട്ടി പോരാളികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജനസേവനത്തിനായി സാധ്യമായത്രയും പരിശ്രമങ്ങള്‍ നടത്തുമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

നടി സായോനി ഘോഷ് ആണ് യുവജന വിഭാഗത്തിന്റെ പുതിയ പ്രസിഡന്റ്. തൊഴിലാളി വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയായി രാജ്യസഭാ എംപി കൂടിയായ ദോല സെന്നിനെ തിരഞ്ഞെടുത്തു. ചലച്ചിത്ര സംവിധായകനായ രാജ് ചക്രവർത്തിക്കാണ് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല. ലോക്‌സഭാ എംപിയായ കകോലി ഘോഷ് ദസ്തിദാറാണ് പുതിയ മഹിളാ മോർച്ച ദേശീയ അധ്യക്ഷ. മുതിർന്ന നേതാവ് പൂർണേന്ദു ബോസിനെ കർഷക വിഭാഗം പ്രസിഡന്റായും നിയമിച്ചു.

ബംഗാളിലെ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനുശേഷം ചേർന്ന ആദ്യ സംഘടനാ പ്രവർത്തക സമിതി യോഗത്തിലാണ് നേതൃപുനസംഘാടനം നടന്നത്. ബംഗാൾ മന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ പാർത്ഥ ചാറ്റർജിയാണ് പുതിയ സംഘടനാ ഭാരവാഹികളെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഒറ്റ പദവി നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംഘടനാ പുനസംഘാടനമെന്ന് പാർത്ഥ പറഞ്ഞു.

TAGS :

Next Story