Quantcast

ഹൈക്കമാന്‍ഡ് നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല; സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിടുമോ?

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല.

MediaOne Logo

Web Desk

  • Published:

    9 Jun 2021 12:40 PM GMT

ഹൈക്കമാന്‍ഡ് നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല; സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിടുമോ?
X

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പേര് കൂടി ഉയരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസിന്റെ രണ്ടാം തലമുറനേതാക്കളില്‍ പ്രധാനിയുമായ സച്ചിന്‍ പൈലറ്റിന്റെ ഭാവി സംബന്ധിച്ചാണ് ചര്‍ച്ച മുറുകുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അഭിപ്രായഭിന്നത ശക്തമാണ്. ഇതില്‍ പ്രതിഷേധിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അന്ന് ഹൈക്കമാന്‍ഡ് നല്‍കിയ ഉറപ്പുകള്‍ പരിഗണിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ അന്ന് നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്തതാണ് സച്ചിന്‍ കോണ്‍ഗ്രസില്‍ തുടരുമോയെന്ന ചര്‍ച്ചക്ക് കാരണം.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. ഇതില്‍ അംഗമായിരുന്നു അഹമ്മദ് പട്ടേല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തിരുന്നു.

താനുന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതില്‍ സച്ചിന്‍ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ 10 മാസങ്ങള്‍ പിന്നിട്ടു. സര്‍ക്കാറിന്റെ കാലാവധി പകുതി പിന്നിട്ടു. പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ അഹോരാത്രം പണിയെടുത്ത പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്-ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

സച്ചിനെ പിന്തുണക്കുന്ന ആളുകളെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കണം എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു ആവശ്യം. നേരത്തെ ഇത് സമ്മതിച്ചിരുന്നെങ്കിലും ഇപ്പോള്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ തയ്യാറില്ലെന്ന നിലപാടിലാണ് ഗെഹ്‌ലോട്ട്.

TAGS :

Next Story