Quantcast

"ഡോക്ടര്‍ എന്ന നിലയില്‍ രോഗികള്‍ക്ക് ജീവവായു നല്‍കാന്‍ പോലുമാകുന്നില്ല": കണ്ണീരടക്കാനാകാതെ ആശുപത്രി മേധാവി

രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ സ്റ്റോക്കു മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നതെന്നും ശാന്തി മുകന്ദ് ആശുപത്രി സി.ഇ.ഒ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    22 April 2021 12:56 PM GMT

ഡോക്ടര്‍ എന്ന നിലയില്‍ രോഗികള്‍ക്ക് ജീവവായു നല്‍കാന്‍ പോലുമാകുന്നില്ല: കണ്ണീരടക്കാനാകാതെ ആശുപത്രി മേധാവി
X

കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാവുകയാണ്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ മിക്ക കോവിഡ് ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം അതീവ ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കണ്ണീരടക്കി ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് വിവരിക്കുകയാണ് ഡല്‍ഹി ശാന്തി മുകന്ദ് ആശുപത്രി സി.ഇ.ഒ സുനില്‍ സാഗര്‍.

രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ സ്റ്റോക്കു മാത്രമാണ് ആശുപത്രിയില്‍ ഇനിയുള്ളതെന്നാണ് സുനില്‍ സാഗര്‍ എ.എന്‍.ഐയ്ക്കു നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്. സാധ്യമായ എല്ലാ രോഗികളെയും ഡിസ്ചാര്‍ജ് ചെയ്യാനാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സുനില്‍ സാഗര്‍ പറഞ്ഞു. നിലവില്‍ വളരെ സൂക്ഷിച്ചാണ് ഓക്സിജന്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ജീവന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്ക് ഓക്സിജന്‍ പോലും നല്‍കാന്‍ സാധിക്കുന്നില്ലെന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്, ഇങ്ങനെ പോയാല്‍ രോഗികള്‍ മരിച്ചുവീഴുമെന്നു പറഞ്ഞാണ് ഡോക്ടര്‍ വികാരാധീനനായത്. വെന്‍റിലേറ്ററിലുള്ള 12 പേരടക്കം 110ഓളം രോഗികള്‍ക്ക് ഓക്സിജന്‍ അത്യാവശ്യമാണ്. കോവിഡ് രോഗികള്‍ക്കു പുറമെ അര്‍ബുധ രോഗികളുടെയും ഹൃദ്യോഗികളുടെയും ചികിത്സയെ ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായി ബാധിക്കുന്നതായും സുനില്‍ സാഗര്‍ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച കേന്ദ്രം ഡല്‍ഹിയുടെ ഓക്‌സിജന്‍ ക്വാട്ട 378 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്ണായി ഉയര്‍ത്തിയിരുന്നു. കണക്കനുസരിച്ച് ഡൽഹിയില്‍ പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ ആവശ്യമാണ്.

ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കൂടുതൽ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഓക്സിജൻ ദൗർലഭ്യത്തിൽ കേന്ദ്രം ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

TAGS :

Next Story