Quantcast

'ആശുപത്രി കിടക്കകളും മറ്റും അന്വേഷിച്ച് കുറേ വിളികള്‍ വരുന്നു, നിസ്സഹായനാണ്': സോനു സൂദ്

നടന്‍ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    17 April 2021 9:38 AM GMT

ആശുപത്രി കിടക്കകളും മറ്റും അന്വേഷിച്ച് കുറേ വിളികള്‍ വരുന്നു, നിസ്സഹായനാണ്: സോനു സൂദ്
X

രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ച ആദ്യ ഘട്ടം മുതല്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായവുമായെത്തിയ നടന്‍ സോനു സൂദിന് കോവിഡ്. രാജ്യമാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ നാടുകളിലെത്താനുള്ള സാഹചര്യം ഒരുക്കിയത് മുതല്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താന്‍ വരെ സോനു സൂദ് മുന്നിലുണ്ട്.

"ഇന്ന് രാവിലെ ഞാന്‍ കോവിഡ് പോസിറ്റീവായി. മുന്‍കരുതലിന്‍റെ ഭാഗമായി നേരത്തെ തന്നെ ഞാന്‍ സ്വയം ക്വാറന്‍റൈനിലായിരുന്നു. ആരും ആശങ്കപ്പെടേണ്ട. ഇനി നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് ഇഷ്ടംപോലെ സമയമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാനിവിടെ തന്നെയുണ്ട്"..



കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ നിസ്സഹായത തോന്നുന്നുവെന്ന് സോനു സൂദ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഏറെ ഭയപ്പെടുത്തുന്ന സാഹചര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

"രാവിലെ മുതല്‍ ഫോണ്‍ താഴെ വെയ്ക്കാനായിട്ടില്ല. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നായി ആശുപത്രി കിടക്കകള്‍ക്കും മരുന്നിനും ഇന്‍ജക്ഷനും വേണ്ടിയുള്ള വിളി വരുന്നു. പലര്‍ക്കും ഇതൊന്നും ലഭ്യമാക്കാനായില്ല. നിസ്സഹായത തോന്നുന്നു. സാഹചര്യം പേടിപ്പെടുത്തുന്നതാണ്. എല്ലാവരും ദയവ് ചെയ്ത് വീട്ടിലിരിക്കുക, മാസ്ക് ധരിക്കുക, സ്വയം മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുക"..

ഒരുമിച്ച് നിന്നാല്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാമെന്നും സോനു സൂദ് ഓര്‍മിപ്പിക്കുന്നു- "ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ലിത്. ആര്‍ക്കാണോ സഹായം വേണ്ടത് അവരെ സഹായിക്കാം. ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് അത് ഉറപ്പാക്കാന്‍ നമുക്ക് ശ്രമിക്കാം. നമുക്കൊരുമിച്ച് ജീവനുകള്‍ രക്ഷിക്കാം. എപ്പോഴും നിങ്ങള്‍ക്കായി ഞാന്‍ ഇവിടെയുണ്ട്".

ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളെത്തിക്കാനും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ഉറപ്പുവരുത്താനും സോനു സൂദ് മുന്നിലുണ്ട്. പഞ്ചാബില്‍ കോവിഡ് വാക്സിനേഷന്‍ അംബാസിഡറാണ് അദ്ദേഹം. താന്‍ രക്ഷകനൊന്നുമല്ല. സാധാരണ മനുഷ്യന്‍ മാത്രമാണ്. ദൈവത്തിന്‍റ വലിയ പദ്ധതിയിലെ ഒരു ചെറിയ ഭാഗം മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സോനു സൂദ് പറഞ്ഞു.

TAGS :

Next Story