Quantcast

വാക്‌സിനെടുത്ത സന്തോഷം മതി, സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കിടേണ്ട; പണിവരുന്നത് ഇങ്ങനെയാകും

മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    26 May 2021 3:57 PM IST

വാക്‌സിനെടുത്ത സന്തോഷം മതി, സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കിടേണ്ട; പണിവരുന്നത് ഇങ്ങനെയാകും
X

രാജ്യം മുഴുവൻ കോവിഡ് വാക്‌സിനു വേണ്ടി കാത്തിരിക്കുമ്പോള്‍ നേരത്തെ തന്നെ വാക്‌സിന്‍ ലഭിക്കുകയെന്നത് വലിയ ഭാഗ്യവും സന്തോഷവുമൊക്കെയാണ്. ആ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനും പ്രശ്‌നമില്ല. എന്നാൽ, കൂട്ടത്തിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടി പങ്കുവച്ച് തങ്ങളുടെ സന്തോഷത്തിന് ആധികാരികത തെളിയിക്കാൻ ശ്രമിക്കുന്നവരുണ്ട്. നിങ്ങളും അത്തരക്കാരാണെങ്കിൽ സൂക്ഷിക്കുക. ഇപ്പോൾ സന്തോഷമാകുമെങ്കിലും പിറകിൽ വലിയ പണിയായിരിക്കും നിങ്ങൾക്കത് നൽകുക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് ഇത്തരമൊരു മുന്നറിയിപ്പ് പൗരന്മാർക്ക് നൽകിയിരിക്കുന്നത്. രഹസ്യമായി സൂക്ഷിക്കേണ്ട പല വിവരങ്ങളും സർട്ടിഫിക്കറ്റിലുണ്ടെന്ന് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ഡോസ്റ്റ് ഒരു ട്വീറ്റിലൂടെ വിശദീകരിക്കുന്നു. പൗരന്മാരുടെ പേര്, മറ്റു വ്യക്തിവിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ സർട്ടിഫിക്കറ്റിലുണ്ട്. ഇതെല്ലാം അടങ്ങിയ സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കുക വഴി സൈബർ തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുകയാണ് നിങ്ങൾ ചെയ്യുന്നതെന്ന് ഹാൻഡിൽ മുന്നറിയിപ്പ് നൽകുന്നു.

വാക്‌സിനെടുക്കുന്ന ആളുടെ പേര്, ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ, വാക്‌സിനെടുത്ത സ്ഥലം, സമയം അടക്കമുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിലുണ്ട്. ഇത് പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപകാരപ്പെടുന്ന വിവരങ്ങളാണ്. അതിനാല്‍ സൂക്ഷിച്ചുവേണം ഇവയുടെ ഉപയോഗം എന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.

ഭാവിയിൽ ആധാർ കാർഡ് പോലെ പ്രധാനമായൊരു രേഖയാകും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റെന്നും ബന്ധപ്പെട്ടവർ പറയുന്നു. വിദേശരാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും പോകുമ്പോൾ ഭാവിയില്‍ ഇതു പ്രധാനമായി വരും. അതിനാൽ, വാക്‌സിനെടുത്തവർ സർട്ടിഫിക്കറ്റ് കൃത്യമായി സൂക്ഷിക്കണമെന്നും അധികൃതർ ഉണർത്തുന്നു. വാക്‌സിനേഷൻ പൂർത്തീകരിച്ചവർക്ക് കോവിൻ പോർട്ടലിൽനിന്നോ ആരോഗ്യ സേതു ആപ്പിൽനിന്നോ തങ്ങളുടെ അക്കൗണ്ടുകൾ തുറന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

TAGS :

Next Story