Quantcast

'അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണം'; ചീഫ് ജസ്റ്റിസിന് കത്തയച്ച് അഭിഭാഷകർ

ഒരു മതസമൂഹത്തെ പരസ്യമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ജഡ്ജി ശേഖർ യാദവ് വിശ്വ ഹിന്ദു പരിഷത്തിന്റെ വേദിയിൽ നടത്തിയ പ്രസംഗമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Published:

    18 Jan 2025 2:33 PM IST

അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് അഭിഭാഷകർ
X

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിൻ്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ എഫ് ഐ ആർ ചുമത്താൻ സി ബി ഐക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്. ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷപരമായ പ്രസംഗം ജുഡീഷ്യറിയുടെ നിഷ്പക്ഷ സ്വഭാവത്തെ ഹനിക്കുന്നതാണെന്ന് 13 മുതിർന്ന അഭിഭാഷകർ ചേർന്ന് ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് വെള്ളിയാഴ്ച നൽകിയ കത്തിൽ പറയുന്നു.

ഒരു മതസമൂഹത്തെ പരസ്യമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ജഡ്ജി ശേഖർ യാദവ് വിശ്വ ഹിന്ദു പരിഷത്തിന്റെ വേദിയിൽ നടത്തിയ പ്രസംഗമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ദിര ജെയ്‌സിംഗ്, ആസ്പി ചിനോയ്, നവ്‌റോസ് സെർവായ്, ആനന്ദ് ഗ്രോവർ, ചന്ദർ ഉദയ് സിംഗ്, ജയ്ദീപ് ഗുപ്ത, മോഹൻ വി കടർക്കി, ഷൂബ് ആലം, ആർ വൈഗൈ, മിഹിർ ദേശായി, ജയന്ത് ഭൂഷൺ, ഗായത്രി സിംഗ് ഉൾപ്പെടെയുള്ളവരാണ് ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് സമർപ്പിച്ചത്.

സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായ ബി ആർ ഗവായ്, സൂര്യ കാന്ത്, ഋഷികേശ് റോയ്, എ എസ് ഓക എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. 2024 ഡിസംബർ എട്ടിനാണ് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യ ഭൂരിപക്ഷ വിഭാഗത്തിന്റെ ഇഷ്ട്ത്തിനനുസരിച്ചാകും നയിക്കപ്പടുകയെന്ന് ശേഖർ യാദവ് പറഞ്ഞത്. മുസ്‌ലിം സമുദായത്തെ “രാജ്യത്തിന് ഹാനികരം” എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. "രാജ്യത്തിൻറെ പുരോഗതി ആഗ്രഹിക്കാത്ത ആളുകളാണ് ഇവർ. അവരെ ജാഗ്രതയോടെ കാണണം" ഹൈക്കോടതി സിറ്റിങ് ജഡ്ജി പറഞ്ഞു.

പിന്നാലെ, ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്നും ജുഡീഷ്യൽ പ്രവർത്തനങ്ങളിൽനിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യം ഉയർന്നിരുന്നു. രാജ്യസഭ ഉൾപ്പെടെ ഇക്കാര്യം എംപിമാർ ഉന്നയിച്ചിരുന്നു. ഏക വ്യക്തി നിയമം ഉൾപ്പെടെയുള്ളതിനെ വിദ്വേഷ പ്രസംഗത്തിനുള്ള മറയായാണ് ഹൈക്കോടതി ജഡ്ജി ഉപയോഗിച്ചതെന്നും അഭിഭാഷകർ നൽകിയ കത്തിൽ കുറ്റപ്പടുത്തുന്നു.

ശേഖർ യാദവിൻ്റെ പരാമർശം സുപ്രീംകോടതി ഇതിനോടകം പരിഗണിക്കുകയും വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. സഞ്ജിവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഡിസംബർ 17ന് ഹാജരായ ശേഖർ യാദവിനോട് കൊളീജിയം വിശദീകരണം തേടിയിരുന്നു. എന്നാൽ തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയും ഖേദം പ്രകടിപ്പിക്കാൻ തയാറായിട്ടില്ല എന്നും ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

TAGS :

Next Story