Quantcast

സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു

ഹൃദായാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2021-04-30 02:53:07.0

Published:

30 April 2021 7:55 AM IST

സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു
X

സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദായാഘാതത്തെ തുടർന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം.

തേന്മാവിൻ കൊമ്പത്തിലെ ഛായാഗ്രഹണ മികവിന് ദേശീയ പുരസ്‌കാരം ലഭിച്ച ആനന്ദ് മിന്നാരം, ചന്ദ്രലേഖ, മുതൽവൻ തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാനായിരുന്നു. അയൻ, കാപ്പാൻ, മാട്രാൻ, അനേകൻ തുടങ്ങി ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തു.

1966 ഒക്ടോബർ 30ന് ചെന്നൈയിൽ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനനം. ഡി.ജി വൈഷ്ണവ് കോളേജിൽനിന്ന് ബിരുദം നേടി. പി.സി ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായാണ് കരിയർ തുടങ്ങിയത്. ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ സഹ ഛായാഗ്രാഹകനായി ജോലി ചെയ്തു.

പ്രിയദർശൻ, എസ്. ശങ്കർ എന്നിവരോടൊപ്പം ജോലി ചെയ്ത ആനന്ദ് തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു. അരങ്ങേറ്റ ചിത്രമായ തേന്മാവിൻ കൊമ്പത്തിലൂടെ തന്നെ ദേശീയപുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. കടൽദേശം ആണ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം. ദേശീയ പുരസ്‌കാരത്തിനു പുറമെ ഫിലിം ഫെയർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൻ ആണ് രണ്ടാമത്തെ ചിത്രം. ഇന്ത്യ ടുഡേ, കൽകി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റായിരുന്നു.

TAGS :

Next Story