Quantcast

മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി കോവിഡ് ബാധിച്ചു മരിച്ചു

ആവിഷ്‌ക്കാര, മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ പേരിൽ പ്രശസ്തനാണ് പദ്മ വിഭൂഷൺ ജേതാവ് കൂടിയായ സൊറാബ്ജി

MediaOne Logo

Web Desk

  • Published:

    30 April 2021 9:59 AM IST

മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി കോവിഡ് ബാധിച്ചു മരിച്ചു
X

പ്രശസ്ത നിയമജ്ഞനും ഇന്ത്യയുടെ മുൻ അറ്റോണി ജനറലുമായ സോളി ജഹാംഗീർ സൊറാബ്ജി കോവിഡ് ബാധിച്ചു മരിച്ചു. 91 വയസായിരുന്നു. ഇന്നു രാവിലെ ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ പേരിൽ പ്രശസ്തനാണ് പദ്്മവിഭൂഷൺ ജേതാവ് കൂടിയായ ജഹാംഗീർ സൊറാബ്ജി. ആവിഷ്‌ക്കാര, മാധ്യമ സ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ സുപ്രധാനമായ നിരവധി വിധികളിൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു. സെൻസർഷിപ്പ് ഉത്തരവുകളും പ്രസിദ്ധീകരണ വിലക്കുകളും പിൻവലിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങൾ പരിഗണിച്ചാണ് 2002ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ പദ്മ വിഭൂഷൺ നൽകി ആദരിച്ചത്.

1953ൽ ബോംബെ ഹൈക്കോടതിയിലാണ് സൊറാബ്ജി അഭിഭാഷകവൃത്തി ആരംഭിച്ചത്. 1971ൽ സുപ്രീംകോടതി സീനിയർ കോൺസലായി നിയമിതനായി. 1997ൽ നൈജീരിയയിലേക്കുള്ള പ്രത്യേക പ്രതിനിധിയായി യുഎൻ അയച്ചിരുന്നു. നൈജീരിയയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഇത്. ഇതിനു പിറകെ മനുഷ്യാവകാശ സംരക്ഷണ, പ്രചാരണങ്ങൾക്കായുള്ള യുഎൻ സബ് കമ്മിഷന്റെ ചെയർമാനായും നിയമിതനായിരുന്നു. 1989-90, 1998-2004 കാലഘട്ടത്തിലാണ് ഇന്ത്യയുടെ അറ്റോണി ജനറലായി പ്രവർത്തിച്ചത്.

TAGS :

Next Story