വോട്ടെണ്ണൽദിനത്തിലെ ലോക്ഡൗൺ: ഹരജി ഇന്ന് ഹൈക്കോടതിയിൽ
കേന്ദ്ര വാക്‌സിൻ നയത്തിനെതിരായ ഹരജിയും ഇന്നു പരിഗണിച്ചേക്കും

മെയ് രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികൾ നിയന്ത്രിക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിവിധ ഹരജികളിലാണ് സർക്കാർ ഇന്നു വാദം കേൾക്കുന്നത്. ഹരജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കും.
വോട്ടെണ്ണൽദിനത്തിൽ ആളുകൾ നിരത്തിലിറങ്ങി ആഘോഷ പരിപാടികളിൽ വൻജനക്കൂട്ടം ഒന്നിച്ചുകൂടാനും അതുവഴി രോഗവ്യാപനത്തിനും സാധ്യത നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിവിധ സ്വകാര്യ ഹരജികൾ കോടതിയിലെത്തിയത്. മെയ് രണ്ടിന് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ഹരജികൾ ആവശ്യപ്പെടുന്നത്. ഹരജി നേരത്തെ തന്നെ കോടതിക്കു മുൻപാകെ എത്തിയിരുന്നു. സർവകക്ഷി യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു സർക്കാർ അന്ന് കോടതിയെ അറിയിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ വോട്ടെണ്ണൽ ദിവസത്തെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടിരുന്നു. മെയ് രണ്ടിന് നിയന്ത്രണം വേണമെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കില്ലെന്നുമായിരുന്നു യോഗതീരുമാനം. ഓരോ കക്ഷികളും തങ്ങളുടെ പ്രവർത്തകരെ സ്വമേധയാ നിയന്ത്രിക്കാനാണ് ധാരണയായത്. ഇതുതന്നെയായിരിക്കും സർക്കാർ ഇന്നു കോടതിയെ അറിയിക്കുക.
കേന്ദ്ര വാക്‌സിൻ നയത്തിനെതിരായ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വാക്‌സിനുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെയാണ് പൊതുതാൽപര്യ ഹരജികൾ കോടതിയിലെത്തിയിരിക്കുന്നത്. വാക്‌സിൻ വില, വാക്‌സിൻ നൽകുന്നതിലെ വിവേചനപരമായ നിലപാടുകള്‍ തുടങ്ങിയവയാണ് ഹരജികളിൽ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16

