Quantcast

ഇന്ത്യയുടെ കൈപിടിച്ച് ഗൾഫ്; സഹായങ്ങൾ നൽകുമെന്ന് ഖത്തറും കുവൈത്തും

ഖത്തർ അമീർ ശൈഖ് തമീം ആൽഥാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ് നാസർ അൽമുഹമ്മദ് അസ്സബാഹുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഫോണിൽ സംസാരിച്ചു

MediaOne Logo

Web Desk

  • Published:

    28 April 2021 3:06 AM GMT

ഇന്ത്യയുടെ കൈപിടിച്ച് ഗൾഫ്; സഹായങ്ങൾ നൽകുമെന്ന് ഖത്തറും കുവൈത്തും
X

യുഎഇക്കും സൗദിക്കും പിറകെ ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിച്ച് ഖത്തറും കുവൈത്തും. ഇതുമായി ബന്ധപ്പെട്ട് ഖത്തർ അമീർ ശൈഖ് തമീം ആൽഥാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ് നാസർ അൽമുഹമ്മദ് അസ്സബാഹുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഫോണിൽ ആശയവിനിമയം നടത്തി.

ഖത്തർ അമീറുമായി സംസാരിച്ച വിഷയം ട്വിറ്ററിലൂടെ മോദി തന്നെയാണ് അറിയിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഖത്തർ നൽകുന്ന പിന്തുണയ്ക്കും സഹായവാഗ്ദാനങ്ങൾക്കും പ്രധാനമന്ത്രി നന്ദിയർപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ഭരണകൂടം കാണിക്കുന്ന കരുതലിനും സ്‌നേഹത്തിനും കൃതജ്ഞത രേഖപ്പെടുത്തിയതായും പ്രധാനമന്ത്രി കുറിച്ചു. ഗൾഫ് മേഖലയിൽ സൗദി, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയപ്പോഴും ഖത്തർ മാത്രം നിയന്ത്രണങ്ങളോടെ ഇന്ത്യൻ യാത്രക്കാരെ സ്വീകരിക്കുന്നുണ്ട്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയ്ക്ക് ഓക്‌സിജൻ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാനാണ് കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി ഏറ്റവും വേഗത്തിൽ അതിജീവിക്കാൻ ഇന്ത്യയ്ക്ക് കഴിയട്ടെയെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽഹമദ് അസ്സബാഹ് ആശംസിച്ചു.

കോവിഡ് ദുരിതം അനുഭവിക്കുന്ന ഇന്ത്യയ്ക്ക് ഐക്യദാർഢ്യം അറിയിക്കാനും സഹായം വാഗ്ദാനം ചെയ്യാനുമാണ് കുവൈത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ വിളിച്ചത്. കോവിഡിനെ അതിജീവിച്ച് സാധാരണനില കൈവരിക്കാൻ ഇന്ത്യയ്ക്ക് എളുപ്പത്തിൽ കഴിയട്ടെയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ആശംസിച്ചു.

TAGS :

Next Story