Quantcast

വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനമാക്കി സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

തവക്കല്‍ന ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ ഇനി മുതല്‍ കടത്തി വിടില്ല

MediaOne Logo

Web Desk

  • Published:

    23 April 2021 2:45 AM GMT

വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനമാക്കി സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
X

കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി സൗദിയിലെ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. യാത്രക്കാര്‍ക്കൊപ്പം എത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും പരിശോധനകള്‍ ശക്തമാക്കിയുമാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. നിരീക്ഷണത്തിനായി കൂടുതല്‍ സുരക്ഷാവിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി കൂടിയാണ് നിയന്ത്രണം കടുപ്പിച്ചത്.

യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും, വ്യക്തികളുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന തവക്കല്‍ന ആപ്ലിക്കേഷന്‍ പരിശോധന കര്‍ശനമാക്കിയുമുള്ള പരിശോധനകളാണ് നടന്നു വരുന്നത്. ഇതിനായി പ്രത്യേക സുരക്ഷാ ഏജന്‍സികളുടെ സേവനം ലഭ്യമാക്കിയതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വിമാനത്താവളത്തിലും അതോറിറ്റിയുടെ അനുബന്ധ കെട്ടിടങ്ങളിലും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായുള്ള നിരീക്ഷണം തുടരും. ഓരോ വിമാനത്താവളത്തിലും ഇതിനായി പ്രത്യേക പ്രോട്ടോ കോള്‍ ഓഫീസറെ നിയമിച്ചതായും, 250 ലധികം വരുന്ന നിരീക്ഷകരെ ചുമതലപ്പെടുത്തിയതായും ജി.എ.സി.എ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് പറഞ്ഞു. തവക്കല്‍ന ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ ഇനി മുതല്‍ കടത്തി വിടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.



TAGS :

Next Story