Quantcast

'ബജ്രങ്ങും നീരജും കർഷകരുടെ മക്കൾ, അഭിനന്ദനങ്ങൾക്കുമുൻപ് മാപ്പുപറയൂ'; മോദിയെ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

''കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. രാജ്യത്തിന്റെ അന്നദാതാക്കൾക്ക് സംസാരിക്കാനുള്ള ഭരണഘടനാ അവകാശമുണ്ട്. ബലം പ്രയോഗിച്ച് ആരുടെയും ശബ്ദം അടിച്ചമർത്താനാകില്ല''-2020 നവംബറിൽ ബജ്രങ് പുനിയ ടിറ്ററിൽ കുറിച്ചതാണിത്

MediaOne Logo

Web Desk

  • Published:

    7 Aug 2021 3:06 PM GMT

ബജ്രങ്ങും നീരജും കർഷകരുടെ മക്കൾ, അഭിനന്ദനങ്ങൾക്കുമുൻപ് മാപ്പുപറയൂ; മോദിയെ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
X

വെങ്കലവും വെള്ളിയും ഒടുവിൽ സ്വർണവുമായി ടോക്യോയിൽ ഇന്ത്യൻ താരങ്ങൾ ചരിത്രമെഴുതിയിരിക്കുകയാണ്. ഇന്ത്യൻ കായികചരിത്രത്തിലെ സുവർണദിനമായിട്ടായിരിക്കും ഈ ദിവസം ഇനി അറിയപ്പെടുക. ടോക്യോ ഒളിംപിക്‌സിൽ ഗോൾഫിൽ ഇന്ത്യയുടെ പ്രതീക്ഷകളുണർത്തിയ അദിതി അശോകിന്റെ മികച്ച പോരാട്ടത്തോടെയായിരുന്നു ഇന്നത്തെ തുടക്കം. പിറകെ ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ വെങ്കലവുമായി ബജ്രങ് പുനിയ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചു. ഒടുവിൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനറുതി വരുത്തി നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണവും സ്വന്തമാക്കി. ഒരൊറ്റ ഒളിംപിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽകൊയ്ത്ത്.

ലോകമെങ്ങുമുള്ള ഇന്ത്യൻ ജനതയ്ക്ക് രോമാഞ്ചം പകരുന്നതാണ് ഈ നേട്ടങ്ങളെല്ലാം. ലോകത്തിന്റെ മുക്കുമൂലകളിൽനിന്ന് താരങ്ങൾക്കു വേണ്ടിയുള്ള അഭിനന്ദനങ്ങളും പ്രശംസകളും പ്രവഹിക്കുകയുമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള പ്രമുഖർ താരങ്ങളെ പ്രശംസ കൊണ്ട് മൂടി. എന്നാൽ, ഇതിനിടയിൽ നരേന്ദ്ര മോദിക്കും കേന്ദ്ര ഭരണകൂടത്തിനും അത്ര രസകരമല്ലാത്തൊരു കാര്യം സാന്ദർഭികമായി ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. കർഷകരുടെ മക്കളാണ് ഇന്ത്യയുടെ അഭിമാനമുയർത്തിയിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ഒരൊറ്റ ശബ്ദമായി വിളിച്ചുപറയുന്നത്.

ഹരിയാനക്കാരാണ് ബജ്രങ് പുനിയയും നീരജ് ചോപ്രയും. രണ്ടുപേരും കർഷകരുടെ മക്കൾ. അക്കാര്യം പ്രത്യേകം ഓർമയിൽ വേണമെന്നാണ് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നത്. കർഷകസമരത്തെ പിന്തുണച്ചുകൊണ്ടുള്ള ബജ്രങ് പുനിയയുടെ പഴയ ട്വീറ്റുകൾ പൊക്കിക്കൊണ്ടുവന്നാണ് പലരും കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളെ ഓർമിപ്പിക്കുന്നത്.

''കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരെ തടയരുത്. രാജ്യത്തിന്റെ അന്നദാതാക്കൾക്ക് സംസാരിക്കാനുള്ള ഭരണഘടനാ അവകാശമുണ്ട്. ബലം പ്രയോഗിച്ച് ആരുടെയും ശബ്ദം അടിച്ചമർത്താനാകില്ല. തങ്ങളുടെ മക്കളുടെ ഭാവി സംരക്ഷിക്കാനായി നിരത്തിലിറങ്ങിയ കർഷകരോട് സംസാരിക്കണം. സർക്കാർ അവരെ കേൾക്കണം''-2020 നവംബറിൽ പുനിയ ടിറ്ററിൽ കുറിച്ചതാണിത്.

കർഷകസമരത്തിനുനേരെ നടന്ന പൊലീസ് അതിക്രമങ്ങളെ അപലപിച്ചുകൊണ്ടുള്ള പുനിയയുടെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: ''ജനാധിപത്യത്തിൽ സംവാദത്തിനുള്ള സാധ്യത ഇല്ലാതാകുകയാണെങ്കിൽ അത് സ്വേച്ഛാധിപത്യമാകുകയാണ് ചെയ്യുക. ഹിസാറിൽ കർഷകർക്കുനേരെയുണ്ടായ അതിക്രമം സംവാദം എത്രമാത്രം പ്രധാനമാണെന്നതിന്റെ തെളിവാണ്. പ്രശ്‌നപരിഹാരത്തിനായി കർഷകനേതാക്കളുമായി ചർച്ചയ്ക്ക് തുടക്കമിടാൻ സർക്കാർ തയാറാകണം.''

പുനിയയെയും നീരജിനെയും അഭിനന്ദിക്കും മുൻപ് കർഷകവിരുദ്ധ നയങ്ങൾ പിൻവലിക്കൂവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് പലരും ട്വിറ്ററിൽ ആവശ്യപ്പെടുന്നത്. കർഷകവിരുദ്ധ നിയമങ്ങൾ നടപ്പാക്കുകയും കർഷകരെ ദ്രോഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് അവരുടെ മക്കളെ അഭിനന്ദിക്കാൻ നാണമില്ലേയെന്ന് ഒരാൾ ചോദിക്കുന്നു.

ബജ്രങ്ങിനെയും നീരജിനെയും കർഷകർ സമരവേദിയിലേക്ക് ക്ഷണിക്കണമെന്ന് ഒരാൾ ആവശ്യപ്പെടുന്നു. വലിയൊരു പ്രസ്താവനയായിരിക്കും അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിജയം കൊയ്ത കർഷകമക്കളെ അനുമോദിക്കണമെന്നും ആവശ്യമുണ്ട്.

TAGS :

Next Story