Quantcast

പി.ടി തോമസ്; ഉറച്ചുനിന്ന നിലപാടിന്റെ പേര്

പാർട്ടിക്കകത്ത് നടത്തിയ വിമർശനവും സർക്കാറിനെതിരെ തൊടുത്തു വിട്ട ആക്രമണങ്ങളും അദ്ദേഹത്തിന്റെ മാറ്റു തെളിയിക്കുന്നതായിരുന്നു

MediaOne Logo

അഭിമന്യു എം

  • Updated:

    2021-12-22 07:36:51.0

Published:

22 Dec 2021 6:35 AM GMT

പി.ടി തോമസ്; ഉറച്ചുനിന്ന നിലപാടിന്റെ പേര്
X

വിമർശനത്തിന്റെയും തന്റേടത്തിന്റെയും നിർഭയ സ്വരം. പി.ടി തോമസ് എന്ന കോൺഗ്രസ് നേതാവിനെ കേരള രാഷ്ട്രീയം അടയാളപ്പെടുത്തുന്നത് ഇങ്ങനെയായിരിക്കും. നിലപാടിലെ കാർക്കശ്യം ഒരുഘട്ടത്തിൽ പോലും വിടാൻ കൂട്ടാക്കാതിരുന്ന നേതാവ്. പാർട്ടിക്കകത്ത് നടത്തിയ വിമർശനവും സർക്കാറിനെതിരെ തൊടുത്തു വിട്ട ആക്രമണങ്ങളും അദ്ദേഹത്തിന്റെ മാറ്റു തെളിയിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വച്ചു മാറാനുള്ളതായിരുന്നില്ല തോമസിന് നിലപാടുകൾ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ കോൺഗ്രസിന്റെ പുതിയ നേതൃത്വത്തെ കുറിച്ചു വരെ അദ്ദേഹം സധൈര്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി.

വിമർശനങ്ങൾ തോമസിന്റെ കൂടപ്പിറപ്പായിരുന്നു. കെ കരുണാകരൻ പാർട്ടിയിൽ ശക്തനായിരുന്ന കാലത്ത് നിയമസഭാ കക്ഷി യോഗത്തിൽ ലീഡറെ വിമർശിച്ചതിന് നടപടി നേരിട്ടിട്ടുണ്ട് തോമസ്. നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ വയലാർ രവിയാണ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. പാർട്ടി യോഗത്തിൽ വിമർശനം നടത്തിയതിന് കേരളത്തിൽ ആദ്യമായി നടപടി ഏറ്റുവാങ്ങിയത് താനാണ് എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.


പാലായിൽ നിന്ന് ഇടുക്കിയിലേക്ക് കുടിയേറിയ പുതിയാപറമ്പിൽ തോമാച്ചൻ-അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമനാണ് തോമസ്. പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദിവസവും 24 കിലോമീറ്റർ നടന്നാണ് തോമസ് വിദ്യാലയത്തിലെത്തിയിരുന്നത്. ആ നിശ്ചയദാർഢ്യമാണ് രാഷ്ട്രീയത്തിലും തോമസിന് കൂട്ടായത്. സ്‌കൂൾ കാലം കഴിഞ്ഞതോടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീ ഡിഗ്രിക്ക് ചേർന്നു. അവിടെ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി. തൊടുപിഴ ന്യൂമാൻ കോളജിലായിരുന്നു ബിരുദപഠനം. പൊതുപ്രവർത്തകന്റെ കുപ്പായം അവിടെയും അഴിച്ചുവച്ചില്ല. കോളജ് യൂണിയൻ കൗൺസിലറായിരുന്നു അവിടെ.

പി.ടി തോമസും ഭാര്യ ഉമയും

പതിയെ ഇടുക്കിയുടെ കെ.എസ്.യു നേതൃത്വത്തിലെത്തി. പിന്നാലെ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന അമരത്തേക്കും. എറണാകുളം മഹാരാജാസിലായിരുന്നു ബിരുദാനന്തര പഠനം. അവിടെയും കോളജ് കൗൺസിലർ ആയിരുന്നു. പിന്നീട് കോഴിക്കോട് ലോ കോളജിൽ നിയമം പഠിച്ചു. മഹാരാജാസിലെ സഹപാഠി ഉമ പിന്നീട് ജീവിതസഖിയായി. പ്രണയം വീട്ടുകാർ എതിർത്തോടെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്നതിന് ധൈര്യം കൊടുത്തത് വയലാർ രവിയും ബെന്നി ബഹാനുമൊക്കെയായിരുന്നു.

അതിനിടെ, പാർട്ടിയിൽ വച്ചടി വച്ചടി കയറ്റമായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. 1980 മുതൽ കെപിസിസി നിർവാഹക സമിതി അംഗമാണ്. രമേശ് ചെന്നിത്തല കോൺഗ്രസ് ഐയുടെ പ്രസിഡണ്ടായിരുന്ന വേളയിലാണ് തോമസ് എയുടെ പ്രസിഡണ്ടായിരുന്നത്. ജില്ലാ കൗൺസിലിലേക്ക് മത്സരിക്കാനാണ് ആദ്യം പാർട്ടി പറഞ്ഞത്. നിയമസഭയിലേക്ക് ആദ്യം കിട്ടിയത് തൊടുപുഴ സീറ്റ്. 96ലെ കന്നിയങ്കത്തിൽ പിജെ ജോസഫിനോട് (കേരള കോൺഗ്രസ് ജെ) തോറ്റു. എന്നാൽ 2001ൽ ജോസഫിനെ മലർത്തിയടിച്ചു. 2006ൽ വീണ്ടും ജോസഫിനോട് തോറ്റു. 2009ൽ മത്സരിച്ചത് ലോക്‌സഭയിലേക്ക്, ഇടുക്കി മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തി. 2016ൽ തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രൻ സെബാസ്റ്റ്യൻ പോളിനെയാണ് തോമസ് പരാജയപ്പെടുത്തിയത്. 2021ലും മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല.

വിഎം സുധീരനൊപ്പം

ഒരു കാലത്ത് എ ഗ്രൂപ്പിന്റെ വക്താവായിരുന്ന തോമസ് കെപിസിസി വർക്കിങ് പ്രസിഡണ്ടായതോടെ ഗ്രൂപ്പുകളിൽ നിന്ന് അകലം പാലിച്ചു. പുതിയ നേതൃത്വത്തെ അംഗീകരിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിശാല മനസ്‌കത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ വിമർശനം ഉന്നയിച്ചതിനേക്കാളേറെ ഗൗരവത്തോടെ സഭയിൽ സർക്കാറിനെതിരെയുള്ള ആക്രമണത്തിന്റെ കുന്തമുനയുമായി. സർക്കാറിന്റെ കോവിഡ് കാല കിറ്റ്, അഴിമതി എന്നിവയിൽ തോമസ് നിരന്തരം ശബ്ദമുയർത്തി.

പരിസ്ഥിതി വിഷയങ്ങളിൽ കോൺഗ്രസിന്റെ ഉറച്ച ശബ്ദം കൂടിയായിരുന്നു പി.ടി തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ ക്രിസ്ത്യൻ സഭകളിൽ നിന്നു പോലും എതിർപ്പുകൾ ഉയർന്നെങ്കിലും അദ്ദേഹം കുലുങ്ങാതെ നിന്നു. ആ നിലപാടിൽ തോമസിന് രാഷ്ട്രീയ തിരിച്ചടിയുമുണ്ടായി. കിറ്റക്‌സ് കമ്പനി കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

TAGS :

Next Story