നീതി തേടുന്ന നടി, ജനപ്രിയത തേടുന്ന ദിലീപ്

"നീതി പുലരാനും തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും"- അതിക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും പിഴച്ചത് ഇവിടെയാണ്.

MediaOne Logo

സിതാര ശ്രീലയം

  • Updated:

    2022-03-23 10:21:10.0

Published:

11 Jan 2022 5:38 AM GMT

നീതി തേടുന്ന നടി, ജനപ്രിയത തേടുന്ന ദിലീപ്
X

"അഞ്ച് വര്‍ഷമായി എന്‍റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്"- തനിക്കു നേരെയുണ്ടായ...

"അഞ്ച് വര്‍ഷമായി എന്‍റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്"- തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് നീതിക്കായി അഞ്ച് വര്‍ഷമായി പോരാട്ടം തുടരുന്ന നടിയുടെ, ധീരയായ സ്ത്രീയുടെ വാക്കുകളാണിത്. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തിലാണ്. അതിനിടെ അപ്രതീക്ഷിത വഴിത്തിരിവുകളാണ് കേസിൽ ഉണ്ടാകുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസില്‍ എത്രത്തോളം നിര്‍ണായകമാണ്? ദിലീപിന് കുരുക്ക് മുറുകുകയാണോ? ഇക്കാര്യം പരിശോധിക്കും മുന്‍പ് എന്താണ് ഈ കേസെന്ന് നോക്കാം.


കേസിന്‍റെ നാള്‍വഴി

2017 ഫെബ്രുവരി 17- തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകവേ, നടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം കൊണ്ടിടിപ്പിച്ചു. കാർ തടഞ്ഞു നിർത്തി അക്രമികള്‍ നടിയെ തട്ടിക്കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറിൽ അതിക്രൂരമായി ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിന്‍ എന്നയാള്‍ നടിയെ സംവിധായകനും നടനുമായ ലാലിന്‍റെ വീട്ടിലെത്തിച്ചു. ലാലിന്‍റെ സിനിമയുടെ ഡബ്ബിങ്ങിനായിട്ടായിരുന്നു നടി എറണാകുളത്തേക്ക് വന്നത്. എന്താണുണ്ടായതെന്ന് നടി തുറന്നു പറഞ്ഞു. സ്ഥലത്തെ എംഎൽഎ പി ടി തോമസിനെ വിവരമറിയിച്ചു. അന്നു തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം വണ്ടിയോടിച്ചിരുന്ന മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച വടിവാള്‍ സലീം, പ്രദീപ് എന്നിവരെ തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്തു. ഫെബ്രുവരി 23ന് മുഖ്യപ്രതി പൾസർ സുനി പിടിയിലായി. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ആക്രമത്തിനിരയായ നടി തിരിച്ചറിഞ്ഞു.


നടിയെ തട്ടിക്കൊണ്ടു പോയത് 50 ലക്ഷം രൂപയുടെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. അതോടെ ആര് എന്തിന് എന്ന ചോദ്യത്തിനൊപ്പം ദിലീപിന്‍റെ പേരും അന്തരീക്ഷത്തിലുയര്‍ന്നു. പക്ഷേ സുനിയുടെ പരസ്പര വിരുദ്ധമായ മൊഴികൾ അന്വേഷണ സംഘത്തെ വട്ടം കറക്കി. സുനി അറസ്റ്റിലായി മൂന്നാം ദിനത്തില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. സുനി സഹതടവുകാരോട് നടത്തിയ വെളിപ്പെടുത്തലുകളും ജയിലിൽ വെച്ച് ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതുമാണ് ജനപ്രിയ നായകനിലേക്ക് അന്വേഷണമെത്താന്‍ കാരണം.

ഇതിനിടെ സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവർത്തകർ കൊച്ചിയിൽ ഒത്തുകൂടിയപ്പോൾ മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ഏറെ കോളിളക്കമുണ്ടാക്കി. തന്റെ സുഹൃത്ത് ആക്രമിക്കപ്പെട്ടതിനു പിന്നിൽ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാണ് മഞ്ജു പറഞ്ഞത്. ആ യോഗത്തിൽ ദിലീപും പങ്കെടുത്തിരുന്നു. ഇതിനകം തന്നെ സംശയത്തിന്റെ നിഴലിലായ ദിലീപിനെ അന്വേഷണ സംഘം ആദ്യമായി ചോദ്യംചെയ്തത് 2017 ജൂൺ 28നാണ്. ആ ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടുനിന്നു. അന്ന് സംവിധായകന്‍ നാദിര്‍ഷയെയും ചോദ്യംചെയ്തിരുന്നു. ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ, ആന്റണി പെരുമ്പാവൂര്‍, ജയറാം തുടങ്ങിയവര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. പലതവണ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ദിലീപ് ജാമ്യത്തിലിറങ്ങിയത് 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ്.


രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചത് എന്തുകൊണ്ട്?

കേസ് കോടതിയിലെത്തിയപ്പോള്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് 2019 നവംബര്‍ 29ന് സുപ്രീംകോടതി ഉത്തരവിട്ടു. നീതി പുലരുമെന്ന് തോന്നിയ ദിവസങ്ങള്‍. പക്ഷേ എല്ലാ കേസുകളിലും സംഭവിക്കുന്നതുപോലെ വിചാരണ നീണ്ടുനീണ്ട് ഒടുവില്‍ 2022 ഫെബ്രുവരി 16നകം പൂര്‍ത്തിയാക്കണം എന്നായി. ചില നിര്‍ണായക സാക്ഷികള്‍ കൂറുമാറി. ഇതിനിടെ വിചാരണക്കോടതി മാറ്റണമെന്ന് നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു. എ സുരേശന്‍ 2020 ഒക്ടോബറിലാണ് രാജിവെച്ചതെങ്കില്‍, വി എന്‍ അനില്‍കുമാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസമാണ് രണ്ട് പേരുടെയും രാജിയില്‍ കലശിച്ചത്. ജഡ്ജി പക്ഷപാതപരമായി പെരുമാറിയോ അതോ പ്രോസിക്യൂട്ടര്‍മാര്‍ തെളിവുകള്‍ കോടതിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. മാധ്യമങ്ങള്‍ വിചാരണാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ഗാഗ് ഓര്‍ഡര്‍ ദിലീപ് സ്വന്തമാക്കിയതോടെ വിചാരണയുടെ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.


പുതിയ വെളിപ്പെടുത്തലുകള്‍, പുതിയ കേസ്

വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ദിലീപിന്‍റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി- പള്‍സര്‍ സുനിയെ ദിലീപിന്‍റെ വീട്ടില്‍ കണ്ടിരുന്നു, നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, ദിലീപ് ഈ ദൃശ്യങ്ങള്‍ 2017 നവംബര്‍ 15ന് സഹോദരനും സഹോദരീ ഭര്‍ത്താവിനുമൊപ്പം കണ്ടതിന് താന്‍ സാക്ഷിയാണ് എന്നെല്ലാമാണ് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. ഇതേദിവസം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ദിലീപിനെതിരെ പുതിയൊരു കേസ് കൂടി കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്‍റെ ദേഹത്ത് കൈവെച്ച സുദര്‍ശന്‍റെ കൈവെട്ടണം, സന്ധ്യയും സോജനും സുദര്‍ശനും ബൈജു പൌലോസും ജോര്‍ജും അനുഭവിക്കാന്‍ പോവുകയാണ് എന്നെല്ലാം ദിലീപ് പറഞ്ഞെന്ന് എഫ്ഐആറിലുണ്ട്. ബൈജു പൌലോസിനെ നാളെ ഏതെങ്കിലും ട്രക്കോ ലോറിയോ ഇടിച്ചാല്‍ ഒന്നരക്കോടി കൂടി കരുതേണ്ടിവരുമല്ലോ എന്ന് ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ശബ്ദരേഖകളും ഫോണ്‍രേഖകളും സഹിതമാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. ഈ രേഖകളുടെയെല്ലാം ആധികാരികത പരിശോധിക്കാനുള്ള സമയം വിചാരണ തീരും മുന്‍പ് അന്വേഷണസംഘത്തിന് ലഭിക്കുമോ അതോ വിചാരണ നീട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.


ദിലീപിന്‍റെ പ്രതിച്ഛായാ നിര്‍മിതി

കോടതിക്ക് പുറത്തുനടക്കുന്ന ദിലീപിന്‍റെ പ്രതിച്ഛായാ നിര്‍മിതിയെ കുറിച്ച് കൂടി ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. "ദിലീപിന്‍റെ കാര്യത്തില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഹൈക്കോടതി ജഡ്ജിയെ സ്വാധീനിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ പറയാന്‍ പാടില്ല. എന്നാല്‍ ജാമ്യം അനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ എന്റെ നിലപാടിനുളള സാധൂകരണമായി. ദിലീപിനോടുളള സമൂഹത്തിന്റെ നിലപാടില്‍ മാറ്റം വരുത്തുന്നതിന് എന്റെ നിലപാടുകള്‍ പ്രേരകമായി. ജാമ്യത്തേക്കാള്‍ ദിലീപിന് സന്തുഷ്ടിയുളവാക്കിയത് അദ്ദേഹത്തോടുളള സമൂഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മനോഭാവത്തില്‍ എന്റെ ഇടപെടലിന് ശേഷം മാറ്റമുണ്ടായി എന്നതിലാണ്. അമ്മച്ചി മരിച്ചപ്പോള്‍ അനുശോചനം അറിയിക്കാന്‍ എത്തിയ ദിലീപിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്നോട് നന്ദി പറയുക എന്നതായിരുന്നു"- മുന്‍ എംപിയും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോളിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥയിലെ വാചകങ്ങളാണിത്. പെൺമക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന അച്ഛൻ, സ്നേഹനിധിയായ ഭർത്താവ് എന്നിങ്ങനെ ദിലീപിന്റെ വ്യക്തിജീവിതം അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറയുകയാണ്. ദിലീപ് കേസില്‍പ്പെട്ട ശേഷം പുറത്തുവന്ന സിനിമകളിലും ട്രെയിലറുകളിലുമെല്ലാം വെള്ളപൂശല്‍ വ്യക്തമായിരുന്നു. ഈ ഇമേജ് ബിൽഡിങ് നിഷ്കളങ്കമാണോ? കോടതി വിധിക്കും വരെ കുറ്റാരോപിതന്‍ മാത്രമല്ലേ, പിന്നെന്താണ് പ്രശ്നമെന്നാണ് ദിലീപിനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം. ശരിയാണ്.. ദിലീപ് കുറ്റംചെയ്തോ ഇല്ലയോ എന്ന് കോടതിയിലാണ് തെളിയേണ്ടത്. അതുവരെ ദിലീപിനെ പൊതുസമൂഹം കുറ്റക്കാരനെന്ന് വിധിക്കുന്നതുപോലെ തന്നെ തെറ്റല്ലേ നിരപരാധിയെന്ന ഇമേജ് ബോധപൂര്‍വം സൃഷ്ടിക്കുന്നതും എന്നാണ് പ്രസക്തമായ ചോദ്യം.


മകനെ ചേര്‍ത്തുനിര്‍ത്തിയ, മകളെ ഒറ്റപ്പെടുത്തിയ 'അമ്മ'

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ഡബ്ല്യു.സി.സി എന്ന വനിതാ കൂട്ടായ്മ മലയാള സിനിമയിലുണ്ടായി. എന്നാല്‍ താരസംഘടനയായ അമ്മ തുടക്കം മുതല്‍ പ്രത്യക്ഷമായി തന്നെ ദിലീപിനൊപ്പമായിരുന്നു. ദിലീപിനെതിരെ ആരോപണം ഉയര്‍ന്ന ആദ്യ കാലത്ത് അമ്മ ഭാരവാഹികള്‍ പറഞ്ഞത് നടിയും ദിലീപും അമ്മയുടെ മക്കളാണെന്നാണ്. എന്നാല്‍ അറസ്റ്റിലായതോടെ ദിലീപിന്‍റെ ട്രഷറര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും അമ്മ റദ്ദാക്കി. ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു പിന്നാലെ അമ്മയില്‍ തിരിച്ചെടുക്കുകയും ചെയ്തു. വിചാരണ പോലും പൂര്‍ത്തിയാകാത്ത കേസില്‍, ആക്രമണത്തെ അതിജീവിച്ച് നിയമ പോരാട്ടം നടത്തുന്ന മകളോടൊപ്പം നില്‍ക്കാതെ കുറ്റാരോപിതനായ മകനൊപ്പം നില്‍ക്കുന്നതിനെതിരെ ഡബ്ല്യു.സി.സി അംഗങ്ങള്‍ ശബ്ദമുയര്‍ത്തി. പാര്‍വതി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ അമ്മയില്‍ നിന്ന് രാജിവെച്ചു. പിന്നീട് സമവായ ചര്‍ച്ച നടന്നെങ്കിലും അതിജീവിച്ചവള്‍ക്കൊപ്പമല്ല അമ്മ ഭാരവാഹികളെന്നും അമ്മയിലെ ചർച്ചകൾ പൂർണമായും നടിക്കെതിരായിരുന്നുവെന്നും ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം നടത്തി പറയേണ്ടിവന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം ചിലര്‍ ആ വനിതാ കൂട്ടായ്മയില്‍ നിന്ന് പുറത്തുപോയെങ്കിലും ഡബ്ല്യു.സി.സി അവള്‍ക്കൊപ്പം തന്നെയുണ്ട്.


നീതി പുലരാനുള്ള യാത്ര

"നീതി പുലരാനും തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും"- നടിയുടെ വാക്കുകളാണിത്. ഈ കേസില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും പിഴച്ചത് ഇവിടെയാണ്. സമ്പൂര്‍ണ പുരുഷാധിപത്യം നിലനില്‍ക്കുന്ന തൊഴിലിടത്തില്‍ നിന്നുള്ള ഒരു സ്ത്രീ, സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും നടന്നത് പുറത്തുപറയാനോ പൊലീസില്‍ പരാതിപ്പെടാനോ തയ്യാറാകില്ലെന്നായിരുന്നു അക്രമികളുടെ കണക്കുകൂട്ടല്‍. അക്രമികളുടെ പ്രതീക്ഷ തെറ്റിച്ച് അസാമാന്യ നിശ്ചയദാര്‍ഢ്യത്തോടെ നീതിക്കായി പൊരുതുകയാണ് നടി. ലൈംഗികാതിക്രമ കേസുകളില്‍ പരാതിപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പറഞ്ഞറിയിക്കാനാവില്ല. പ്രതിഭാഗത്തിന്‍റെ ക്രൂരമായ ചോദ്യങ്ങളെ കോടതിമുറിയില്‍ നേരിടേണ്ടിവരുമ്പോള്‍, കോടതിക്ക് പുറത്ത് പൊതുസമൂഹത്തിന്‍റെ വിചാരണയും നേരിടേണ്ടി വരുന്നു. ചിലപ്പോള്‍ കോടതി പോലും ദയാരഹിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സൂര്യനെല്ലി ഉള്‍പ്പെടെയുള്ള കേസുകളില്‍ കണ്ടതാണിത്. അതുകൊണ്ടുതന്നെ അതിക്രമങ്ങളെ അതിജീവിച്ചവളെ സംബന്ധിച്ച് വൈകിയെത്തുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഇനിയും ഈ കേസില്‍ നീതി നിഷേധിക്കപ്പെട്ടുകൂടാ.

TAGS :

Next Story