Quantcast

തോറ്റാൽ തരൂരിനെ കോൺഗ്രസ് എന്തു ചെയ്യും?

തോറ്റാൽ തരൂർ എന്തു ചെയ്യും എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേയുണ്ട്

MediaOne Logo

അഭിമന്യു എം

  • Updated:

    2022-10-19 06:43:37.0

Published:

19 Oct 2022 6:38 AM GMT

തോറ്റാൽ തരൂരിനെ കോൺഗ്രസ് എന്തു ചെയ്യും?
X

മല്ലികാർജുൻ ഖാർഗെയോ ശശി തരൂരോ? കോൺഗ്രസിനെ നയിക്കാൻ അടുത്തതാര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ആരായാലും രണ്ടു പതിറ്റാണ്ടിനു ശേഷം കോൺഗ്രസിന് നെഹ്‌റു-ഗാന്ധിയിതര കുടുംബത്തിൽനിന്ന് ഒരു നായകൻ വരും.

പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് കരുതപ്പെടുന്ന മല്ലികാർജുൻ ഖാർഗെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗാന്ധിമാർ ഒഴിച്ച് പാർട്ടിയുടെ മിക്ക മുതിർന്ന നേതാക്കളും ഖാർഗെയ്ക്കുള്ള പിന്തുണ പരസ്യമായോ രഹസ്യമായോ അറിയിച്ചിരുന്നു. രണ്ടാം തലമുറയിൽപ്പെട്ട സൈഫുദ്ദീൻ സോസ്, മുഹ്‌സിന കിദ്വായ്, കാർത്തി ചിദംബരം തുടങ്ങിയ നേതാക്കൾ മാത്രമാണ് തരൂരിനെ പിന്തുണച്ചത്. എന്നാൽ തരൂരിന്റെ ചുറുചുറുക്കും പ്രസരിപ്പുമാണ് നാലാളറിയാതെ വിരസമായി തീരേണ്ടിയിരുന്ന ഈ തെരഞ്ഞെടുപ്പിനെ ഇത്രമേൽ ചടുലമാക്കിയത്.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് വോട്ടെണ്ണൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുദ്രവച്ച ബാലറ്റ് ബോക്‌സുകൾ കഴിഞ്ഞ ദിവസം തന്നെ എഐസിസി ആസ്ഥാനത്തെത്തിച്ചിരുന്നു. 9915 വോട്ടർമാരിൽ 96 ശതമാനവും വോട്ടുരേഖപ്പെടുത്തിയ സംഘടനാ തെരഞ്ഞെടുപ്പായിരുന്നു തിങ്കളാഴ്ചയിലേത്.

അത്ഭുതങ്ങൾ പ്രതീക്ഷിക്കാമോ?

യാഥാർത്ഥ്യങ്ങൾ ഒപ്പമില്ലെങ്കിലും ഈ പോരിൽ ചരിത്രത്തിലെ രണ്ടു സംഭവങ്ങൾ തരൂരിന്റെ കൂടെയുണ്ട്. ഒന്ന് 1939ൽ. അന്ന് സാക്ഷാൽ മഹാത്മാഗാന്ധിയുടെ പിന്തുണയോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച പട്ടാഭി സീതാരാമയ്യ, സുഭാഷ് ചന്ദ്രബോസിനോട് തോറ്റു.

രണ്ടാമത്തേത് 1950ൽ, സ്വാതന്ത്ര്യത്തിന് ശേഷം. കോൺഗ്രസിലെ മുടിചൂടാമന്നനായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ പിന്തുണയുണ്ടായിരുന്ന ആചാര്യ കൃപലാനിയാണ് ആ തെരഞ്ഞെടുപ്പിൽ തോറ്റത്. കൃപലാനിയെ മലർത്തിയടിച്ചത് പുരുഷോത്തം ദാസ് ടാണ്ഠനും. അന്ന് സർദാർ പട്ടേൽ വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു ടാണ്ഠൻ. കൃപലാനിക്ക് 1092 വോട്ടും ടാണ്ഠന് 1306 വോട്ടുമാണ് കിട്ടിയത്. തോൽവിയോടെ കോൺഗ്രസ് വിട്ട കൃപലാനി കിസാൻ മസ്ദൂർ പ്രജാപാർട്ടിക്ക് രൂപം നൽകി.

ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

47 വർഷത്തിന് ശേഷമാണ് പ്രസിഡണ്ട് പദവിയിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നടന്നത്, 1997ൽ. സീതാറാം കേസരി, ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവർ മത്സരിച്ച പോരാട്ടത്തിൽ ജയം കേസരിക്കൊപ്പമായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ പിസിസികളും കേസരിയെ പിന്തുണച്ചു. സീതാറാം കേസരി-6224, ശരദ് പവാർ 882, രാജേഷ് പൈലറ്റ് 354. എന്നിങ്ങനെയായിരുന്നു വോട്ടുനില.

2000 ത്തിലാണ് അടുത്ത തെരഞ്ഞെടുപ്പു വന്നത്. സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദ് ദയനീയമായി തോറ്റു. സോണിയയ്ക്ക് 7400ലേറെ വോട്ടുകൾ കിട്ടിയപ്പോൾ 94 വോട്ടു മാത്രമേ ജിതേന്ദ്രയ്ക്ക് ലഭിച്ചുള്ളൂ. ചില്ലറക്കാരനായിരുന്നില്ല ജിതേന്ദ്ര. പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു അദ്ദേഹം.

തോൽക്കുന്ന തരൂർ

തോറ്റാൽ തരൂർ എന്തു ചെയ്യും എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേയുള്ളതാണ്. ബിജെപിയിലേക്ക് ചേക്കേറും, സിപിഎമ്മിലേക്കു പോകും, എഎപിയില്‍ ചേരും തുടങ്ങിയ അഭ്യൂഹങ്ങൾ അതിന്റെ ഉത്തരങ്ങളായി അന്തരീക്ഷത്തിലുമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇവയെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താൻ തരൂരിനായി. നടക്കുന്നത് കോൺഗ്രസിലെ ജനാധിപത്യ പ്രക്രിയയാണ് എന്നും പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും തരൂർ പറഞ്ഞത് മുതിർന്ന നേതാക്കൾക്കു പോലും ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽ തരൂരിനെ സംശയത്തോടെ നോക്കിയിരുന്ന നേതാക്കൾ ഇപ്പോൾ ആ കണ്ണു കൊണ്ടല്ല അദ്ദേഹത്തെ കാണുന്നത്.

പ്രചാരണത്തിനിടെ ശശി തരൂര്‍

നേരത്തെ കൂടെയുണ്ടായിരുന്ന ജി 23 അപ്രതീക്ഷിതമായി കൈവിട്ടിട്ടും ഉലയാത്ത ആത്മവിശ്വാസത്തോടെ തരൂർ പോര്‍മുഖത്ത് ഉറച്ചുനിന്നു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെ ഇടയ്ക്കിടെ സന്ദർശിച്ച് താൻ 'വിമതനല്ലെന്ന്' അണികളെ ബോധ്യപ്പെടുത്താനും തരൂരിനായി. നേതാക്കളിൽ, പ്രത്യേകിച്ചും യുവാക്കളിൽ ഇത് തരൂരിനുണ്ടാക്കിയ സ്വാധീനം വലുതാണ്.

പോരിൽ തോറ്റാലും കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയൊരു കസേരയിട്ട് ഇരിക്കാവുന്ന പ്രഭാവത്തിലേക്ക് തരൂർ മാറി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. അതുകൊണ്ടു തന്നെ തരൂരിനെ അവഗണിച്ച് പുതിയ കോൺഗ്രസിന് ഒരിക്കലും മുമ്പോട്ടു പോകാനാകില്ല. കോൺഗ്രസ് പ്രവർത്തക സമിതിയിൽ തരൂരിന് വലിയ സ്ഥാനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിന് അനുവദിച്ച, പാർലമെന്റിന്റെ രാസവളം സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിനെ സോണിയാ ഗാന്ധി പരിഗണിച്ചത് തിരുവനന്തപുരം എംപിയെ പാർട്ടി കൈവിടില്ലെന്ന സൂചന തന്നെയാണ് നൽകുന്നത്.

TAGS :

Next Story