ഷിൻസോ ആബെയുടെ പിൻഗാമി; ചൈനയോട് വിട്ടുവീഴ്ചയില്ലാത്ത സനേ തകായിച്ചി
ഫെബ്രുവരി 8-ന് നടന്ന ജപ്പാൻ പൊതുതെരഞ്ഞെടുപ്പിൽ തകായിച്ചിയുടെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്

ടോക്കിയോ: കൊടുംശൈത്യത്തെയും മഞ്ഞുവീഴ്ചയെയും അവഗണിച്ചുകൊണ്ട് പോളിങ് ബൂത്തിലെത്തിയ ഒരു കൂട്ടം വോട്ടര്‍മാര്‍ ഒരു രാജ്യത്തിന്‍റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. അഴിമതി ആരോപണങ്ങളിൽ പെട്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട പാര്‍ട്ടി മുൻവര്‍ഷങ്ങളിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷം അധികാരമുറപ്പിക്കുമ്പോൾ അതിന് പിന്നിൽ ഒരേയൊരു പേരെ ഉള്ളൂ..സനേ തകായിച്ചി. ജപ്പാന്‍റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി...
ഫെബ്രുവരി 8-ന് നടന്ന ജപ്പാൻ പൊതുതെരഞ്ഞെടുപ്പിൽ തകായിച്ചിയുടെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. തകായിച്ചിയുടെ വിജയം ആധുനിക ജപ്പാൻ്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ജനവിധിയായിട്ടാണ് ലോകം നോക്കിക്കാണുന്നത്.
ജപ്പാൻ പാർലമെന്‍റായ നാഷണൽ ഡയറ്റിലെ 465 അംഗങ്ങളുള്ള അധോസഭയിൽ, സനാ തകായിച്ചിയുടെ നേതൃത്വത്തിലുള്ള എൽഡിപി സഖ്യം 352 സീറ്റുകൾ തൂത്തുവാരി . 1955-ൽ രൂപീകൃതമായതിനുശേഷം പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 1986-ൽ സ്ഥാപിച്ച 300 സീറ്റുകളുടെ റെക്കോർഡ് മറികടന്നു. സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടി 36 സീറ്റുകൾ കൂടി നേടിയതോടെ ഭരണസഖ്യത്തിന്‍റെ ആകെ സീറ്റ് നില 352 ആണ്.
ഹിമപാതത്തിലും തളരാതെ വോട്ടര്‍മാര്‍
ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായാണ് ജപ്പാനിൽ ഫെബ്രുവരി മാസത്തിൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നത്. സാധാരണയായി ജപ്പാനിൽ കടുത്ത മഞ്ഞുവീഴ്ചയുള്ള മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താറില്ല. എന്നാൽ പ്രധാനമന്ത്രി സനേ തകായിച്ചി പെട്ടെന്ന് സഭ പിരിച്ചുവിട്ട് (Snap Election) വോട്ടെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അത് രാജ്യത്തെ ഏറ്റവും കടുത്ത ശൈത്യകാലത്തായി മാറി. വടക്കൻ ജപ്പാനിലും കടലോര മേഖലകളിലും റെക്കോർഡ് മഞ്ഞുവീഴ്ചയാണ് ആ സമയത്ത് അനുഭവപ്പെട്ടത്.
വോട്ടെടുപ്പ് ദിവസം ജപ്പാനിലെ പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിൻ ഗതാഗതവും വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇത് വോട്ടർമാർക്ക് പോളിങ് ബൂത്തുകളിൽ എത്തുന്നതിന് വലിയ പ്രയാസമുണ്ടാക്കി. കൊടുംശൈത്യം കാരണം പ്രായമായ വോട്ടർമാർ വീടിന് പുറത്തിറങ്ങാൻ മടിച്ചത് വോട്ടിങ് ശതമാനത്തിൽ നേരിയ കുറവുണ്ടാക്കി. ചിലയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം വോട്ടിങ് വളരെ മന്ദഗതിയിലായിരുന്നു.ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്തിയ തകായിച്ചിയുടെ തീരുമാനത്തെ പ്രതിപക്ഷം ശക്തമായി വിമർശിച്ചിരുന്നു.
ചില വടക്കൻ മേഖലകളിൽ (ഉദാഹരണത്തിന് അയോമോറി, ഹൊക്കൈഡോ) മഞ്ഞുവീഴ്ച അതിരൂക്ഷമായതിനെത്തുടർന്ന് മഞ്ഞ് നീക്കം ചെയ്യാനും വോട്ടർമാരെ സഹായിക്കാനും സെൽഫ് ഡിഫൻസ് ഫോഴ്സിനെ (SDF) വിന്യസിക്കേണ്ടി വന്നു. ബൂത്തുകളിലേക്കുള്ള വഴികൾ തെളിക്കാൻ സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു.പ്രതികൂല കാലാവസ്ഥയിലും സനേ തകായിച്ചിയുടെ വ്യക്തിപ്രഭാവം വോട്ടർമാരെ ആകർഷിച്ചു. യുവാക്കൾ മഞ്ഞിനെ അവഗണിച്ചും ബൂത്തുകളിലെത്തി വോട്ട് ചെയ്തത് തകായിച്ചിക്ക് വൻ ഭൂരിപക്ഷം നേടിക്കൊടുക്കുന്നതിൽ നിർണായകമായി.
വിജയത്തിന് പിന്നിലെ കാരണങ്ങൾ
യുവാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും തകായിച്ചിക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് ഏറ്റവും പ്രധാന ഘടകം. ഏകദേശം 70% ജനപിന്തുണയോടെയാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജപ്പാനിലെ പരമ്പരാഗത രാഷ്ട്രീയക്കാർ കാണിക്കാത്ത തന്‍റേടവും വ്യക്തമായ കാഴ്ചപ്പാടുകളും യുവാക്കളെ അവരിലേക്ക് ആകർഷിച്ചു. ഇത് സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറുകയും വോട്ടായി മാറുകയും ചെയ്തു.ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി ഭക്ഷണസാധനങ്ങളുടെ നികുതി (Consumption tax) ഒഴിവാക്കുമെന്ന വാഗ്ദാനം സാധാരണക്കാരെ സ്വാധീനിച്ചു.പ്രതിരോധ മേഖലയിലും സാങ്കേതിക വിദ്യയിലും കൂടുതൽ സർക്കാർ നിക്ഷേപം നടത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ ഉറപ്പുനൽകിയിരുന്നു.
യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക്
1961ൽ പടിഞ്ഞാറൻ ജപ്പാനിലെ നാരയിലുള്ള യഥാസ്ഥിതിക കുടുംബത്തിലായിരുന്നു തകായിച്ചിയുടെ ജനനം. മാതാവ് പൊലീസ് ഓഫീസറായിരുന്നു. പിതാവ് ഓട്ടോമോട്ടീവ് മേഖലയിലെ ജീവനക്കാരനും. ടോക്കിയോയിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടിയെങ്കിലും സാമ്പത്തികാവസ്ഥ കണക്കിലെടുത്ത മാതാപിതാക്കൾ വീടിനടുത്ത സ്കൂളിലേക്കാണ് തകായിച്ചിയെ അയച്ചത്. പിന്നീട് രാജ്യത്തെ തന്നെ പ്രമുഖ സര്‍വകലാശാലയായ കോബെ സർവകലാശാലയിൽ പ്രവേശനം നേടിയ തകായിച്ചി പാര്‍ട് ടൈം ജോലികളിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയത്. ദിവസവും ആറ് മണിക്കൂര്‍ യാത്ര ചെയ്താണ് തകായിച്ചി സര്‍വകലാശാലയിലെത്തിയിരുന്നത്.
കുട്ടിക്കാലം മുതൽ സൗമ്യമായ പ്രകൃതമായിരുന്ന തകായിച്ചിയുടേത്. ഒരു ഹെവി മെറ്റൽ ബാൻഡിൽ ഡ്രംസ് വായിച്ചിരുന്ന തകായിച്ചി സ്റ്റേജ് പെര്‍ഫോര്‍മൻസുകൾക്കിടയിൽ ഡ്രം സ്റ്റിക്കുകൾ പൊട്ടിക്കുക പതിവായിരുന്നു. രാഷ്ട്രീയ തിരക്കുകൾക്കിടയിലും വീട്ടിൽ ഒരു ഇലക്ട്രിക് ഡ്രം കിറ്റ് സൂക്ഷിക്കുന്നുണ്ട് അവര്‍. സ്കൂബ ഡൈവിംഗിൽ വൈദഗ്ധ്യം നേടിയിട്ടുള്ള തകായിച്ചി ഒരു വാഹനപ്രേമി കൂടിയാണ്. അവരുടെ ടൊയോട്ട സുപ്ര നാരയിലെ ഒരു മ്യൂസിയത്തിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്നും ഒഴിവുസമയങ്ങളിൽ ബൈക്ക് റേസിംഗിനോടുള്ള ഇഷ്ടം അവർ പ്രകടിപ്പിക്കാറുണ്ട്. ഈ 'കൂൾ' ഇമേജ് യുവാക്കൾക്കിടയിൽ അവർക്ക് വലിയ സ്വീകാര്യത നൽകി.
ബിസിനസ് മാനേജ്‌മെന്‍റിൽ ബിരുദം നേടിയ ശേഷം, 1980-കളിൽ യുഎസ് കോൺഗ്രസിൽ കോൺഗ്രസ് ഫെലോ ആയി അവർ കുറച്ചു കാലം സേവനമനുഷ്ഠിച്ചു. ലോകം എങ്ങനെ ജപ്പാനെ നോക്കിക്കാണുന്നു എന്നറിയാൻ ടോക്കിയോയെ നിശിതമായി വിമർശിക്കുന്ന അമേരിക്കൻ വിപ്ലവകാരിയായ പട്രീഷ്യ ഷ്രോഡറുടെ ഓഫീസിലാണ് അവർ ജോലി ചെയ്തത്. ജപ്പാനിലേക്ക് മടങ്ങിയെത്തിയ തകായിച്ചി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ടെലിവിഷൻ അവതാരക, എഴുത്തുകാരി, നിരൂപകൻ എന്നീ വേഷണങ്ങളിലും തിളങ്ങിയിട്ടുണ്ട്.
ഷിൻസോ ആബെയുടെ അനുയായി
1993-ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അവർ ആദ്യമായി ജപ്പാൻ പാർലമെന്‍റിലേക്ക് (Diet) തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അവർ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (LDP) ചേർന്നു. പിന്നീട് പത്ത് തവണ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഒരു തവണ മാത്രമാണ് തകായിച്ചി പരാജയപ്പെട്ടത്. സാമ്പത്തിക സുരക്ഷാ മന്ത്രി, വ്യാപാര-വ്യവസായ മന്ത്രി, ആഭ്യന്തരകാര്യ, ആശയവിനിമയ മന്ത്രി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയായ തകായിച്ചി മാതാപിതാക്കളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.
ഇതിനിടയിൽ നിരവധി ആരോപണങ്ങളും തകായിച്ചിക്ക് നേരെ ഉയര്‍ന്നിരുന്നു. ഒരു മുതിർന്ന രാഷ്ട്രീയക്കാരന്‍റെ കാമുകിയാണെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഹീൽസ്, മിന്നുന്ന ആഭരണങ്ങൾ, ഇറക്കം കുറഞ്ഞ പാവാട എന്നിവ ധരിച്ചതിന് സ്ത്രീകളിൽ നിന്ന് പലപ്പോഴും വിമർശനങ്ങളും നേരിട്ടു.
മാര്‍ഗരറ്റ് താച്ചറിന്‍റെ ആരാധിക
യുണൈറ്റഡ് കിങ്ഡത്തിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായ തകായിച്ചി അവരോടുള്ള ആരാധന എപ്പോഴും പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. താച്ചറുമായി സ്വയം താരതമ്യം ചെയ്യാറുള്ള തകായിച്ചി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടേത് പോലെ നീല സ്യൂട്ടുകൾ ധരിക്കാറുണ്ട്. താച്ചറിനോടുള്ള അവരുടെ ആരാധന മാറ്റിനിർത്തിയാൽ, അധികാരത്തിലേക്കുള്ള അവരുടെ ഉയർച്ച യുകെയിലെ ഉരുക്കു വനിതയുടേതിനോട് വളരെ സാമ്യമുള്ളതാണ്. "എന്‍റെ ലക്ഷ്യം ഉരുക്കു വനിതയാകുക എന്നതാണ്," അവർ തന്‍റെ പ്രചാരണ വേളയിൽ സ്കൂൾ കുട്ടികളോട് പറഞ്ഞ് താച്ചറിനോടുള്ള തന്‍റെ ആരാധന ആവർത്തിച്ചു.
എൽഡിപിയെ നയിക്കുന്ന ആദ്യ വനിതയാണെങ്കിലും സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവായി തകായിച്ചിയെ കാണുന്നില്ല.ഒരു കടുത്ത യാഥാസ്ഥിതികയായ തകായിച്ചി സ്വവർഗ വിവാഹത്തെ എതിർക്കുകയും പുരുഷന്മാർക്ക് മാത്രമുള്ള രാജവംശ പിന്തുടർച്ചാവകാശത്തെ അവർ പിന്തുണയ്ക്കുന്നു.
ഇതൊക്കെയാണെങ്കിലും, ചില സാമൂഹിക വിഷയങ്ങളിൽ അവർ അടുത്തിടെ തന്‍റെ സമീപനം മയപ്പെടുത്തിയിരുന്നു. തന്‍റെ പ്രചാരണ വേളയിൽ, ഇൻ-ഹൗസ് ചൈൽഡ് കെയർ നൽകുന്ന കമ്പനികൾക്ക് ഭാഗികമായി നികുതി കിഴിവ് നൽകാവുന്ന ബേബി സിറ്റർ ഫീസും കോർപറേറ്റ് നികുതി ഇളവുകളും അവർ നിർദേശിച്ചിരുന്നു.
രണ്ട് മണിക്കൂർ ഉറക്കവും പുലർച്ചെ 3 മണിക്കുള്ള മീറ്റിങ്ങുകളും
പ്രധാനമന്ത്രിയായ ആദ്യ കാലയളവിന്‍റെ തുടക്കത്തിൽ, താൻ സാധാരണയായി രാത്രികളിൽ വെറും രണ്ട് മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂവെന്നും പുലർച്ചെ 3 മണിക്ക് മീറ്റിങ്ങുകൾ വിളിച്ചുകൂട്ടാറുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. പാർലമെന്‍റിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ടോക്കിയോയിൽ പുലർച്ചെ മീറ്റിങ് വിളിച്ചതിന് പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തകായിച്ചി ഇക്കാര്യം സമ്മതിച്ചത് .ബജറ്റ് കമ്മിറ്റി ഹിയറിംഗ് ആരംഭിക്കുന്നതിന് ആറ് മണിക്കൂർ മുമ്പായിരുന്നു ഇത്. 'പുലര്‍ച്ചെയുള്ള മൂന്ന് മണി പഠന സെഷൻ' എന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.
ചൈനയോടുള്ള കടുത്ത നിലപാട്
ചൈനയോട് എപ്പോഴും കടുത്ത നിലപാട് സ്വീകരിക്കുന്ന നേതാവായിട്ടാണ് തകായിച്ചി അറിയപ്പെടുന്നത്. ചൈനയുടെ സാമ്പത്തിക നയങ്ങളെയും ബൗദ്ധിക സ്വത്തവകാശ മോഷണത്തെയും അവർ എതിർക്കുന്നു. ചൈനയുടെ കടന്നുകയറ്റങ്ങളെ വെറുതെ കണ്ടുനിൽക്കില്ലെന്ന നിലപാടാണ് തകായിച്ചിക്കുള്ളത്. തായ്‌വാൻ്റെ സുരക്ഷ ജപ്പാൻ്റെ കൂടി ആവശ്യമാണെന്ന് അവർ തുറന്നുപറയാറുണ്ട്. ഈ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അവരെ ചൈനയുടെ കണ്ണിലെ കരടാക്കുന്നത്.
തായ്‌വാന് നേരെ ചൈന നടത്തുന്ന സൈനിക നീക്കങ്ങൾ ജപ്പാൻ്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് (Existential crisis) അവർ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇത് ചൈനയെ ചൊടിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കുകയും ചെയ്തു.യുദ്ധക്കുറ്റവാളികൾ ഉൾപ്പെടെ രണ്ടാം ലോകമഹായുദ്ധത്തിലെ ജാപ്പനീസ് സൈനികരുടെ ഓർമക്കായി സ്ഥാപിച്ച യാസുകുനി സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ആളാണ് തകായിച്ചി. ചൈന ഇതിനെ ജപ്പാൻ്റെ പഴയകാല സൈനികാധിനിവേശത്തിൻ്റെ അടയാളമായാണ് കാണുന്നത്, അതിനാൽ ഇതിനെ ശക്തമായി എതിർക്കുന്നു.
തകായിച്ചിയുടെ ചൈന വിരുദ്ധ നിലപാടുകൾക്ക് മറുപടിയായി ചൈന ജപ്പാനിൽ നിന്നുള്ള കടൽ വിഭവങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും ജപ്പാനിലേക്കുള്ള വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.ജപ്പാൻ്റെ സൈനിക ശേഷി വർധിപ്പിക്കണമെന്നും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി പ്രതിരോധ സംവിധാനം ശക്തമാക്കണമെന്നും വാദിക്കുന്ന 'ഹോക്കിഷ്' (Hawkish) നിലപാടുള്ള നേതാവാണ് അവർ. ഇത് ചൈന അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ചൈനയുടെ വിപുലീകരണ നയങ്ങളെ ശക്തമായി എതിർക്കുന്ന, ജപ്പാൻ്റെ ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന നേതാവായിട്ടാണ് തകായിച്ചി അറിയിപ്പെടുന്നത്.
ഇന്ത്യ-ജപ്പാൻ ബന്ധം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന നേതാവാണ് തകായിച്ചി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തകായിച്ചിയെ മോദി അഭിനന്ദിച്ചിരുന്നു.
"പ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് സനായേ താകായിച്ചിക്ക് അഭിനന്ദനങ്ങൾ! നമ്മുടെ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തം ആഗോള സമാധാനവും അഭിവൃദ്ധിയും വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. നിങ്ങളുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യ-ജപ്പാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്," എന്നാണ് മോദി എക്സിൽ കുറിച്ചത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായിയായ തകായിച്ചി, ആബെ വിഭാവനം ചെയ്ത 'ഇന്ത്യ-ജപ്പാൻ ആഴത്തിലുള്ള സൗഹൃദം' എന്ന നയം തന്നെയാണ് പിന്തുടരുന്നത്. ഏഷ്യയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ഇന്ത്യയും ജപ്പാനും ഒരുപോലെ ആഗ്രഹിക്കുന്നു. ആസ്ത്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിന് തകായിച്ചി വളരെയധികം പ്രാധാന്യം നൽകുന്നു. ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം നിർണായകമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ (ധർമ്മ ഗാർഡിയൻ, വീർ ഗാർഡിയൻ) കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതി വേഗത്തിലാക്കാൻ തകായിച്ചി സർക്കാർ പ്രത്യേക താൽപര്യം കാണിക്കുന്നു.ചൈനയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയെ ഒരു ബദൽ നിർമ്മാണ കേന്ദ്രമായി (Manufacturing Hub) ജപ്പാൻ കാണുന്നു. ഇതിനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും സാങ്കേതിക മേഖലയിലും ജപ്പാൻ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്.
ആഗോള തലത്തിൽ 'ഗ്ലോബൽ സൗത്ത്' (Global South) രാജ്യങ്ങളുടെ ശബ്ദമാകാൻ ഇന്ത്യയെ ജപ്പാൻ പിന്തുണക്കുന്നു. ചിപ്പ് നിർമാണ രംഗത്ത് (Semiconductors) ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ജപ്പാൻ്റെ സാങ്കേതികവിദ്യ കൈമാറുന്നതിൽ തകായിച്ചി സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് വലിയ കരുത്താകും.
Adjust Story Font
16

