Quantcast

ഇരട്ട കിരീടവുമായി സ്‌പെയിൻ; കളംമാറി മെസിയും റൊണാൾഡോയും, സിറ്റി ഓഫ് ജോയ് : ഫുട്‌ബോളിലെ ഈ വർഷം

ലോക ഫുട്‌ബോളിലെ പ്രധാന താരങ്ങളെ റാഞ്ചി സഊദി ക്ലബുകള്‍ വരവറിയിച്ചതും 2023ലാണ്‌

MediaOne Logo

Sharafudheen TK

  • Published:

    30 Dec 2023 11:21 AM GMT

ഇരട്ട കിരീടവുമായി സ്‌പെയിൻ; കളംമാറി മെസിയും റൊണാൾഡോയും, സിറ്റി ഓഫ് ജോയ് : ഫുട്‌ബോളിലെ ഈ വർഷം
X

മോഹകപ്പിൽ മുത്തമിട്ട അർജന്റീനയുടെ വിജയാഘോഷത്തോടെയാണ് 2023 സമാരംഭം കുറിച്ചത്. ഖത്തർ ലോകകപ്പിന് ശേഷമുള്ള വാഗ്വാദങ്ങൾക്ക് ശേഷം ഇതിഹാസ താരങ്ങളായ ലയണൽ മെസിയുടേയും ക്രിസ്റ്റിയാനോ റൊണാൾഡോയുടേയും കൂടുമാറ്റമായിരുന്നു സോക്കർ ലോകത്തെ പ്രധാന ചർച്ചാവിഷയം. ലോക ഫുട്ബോളിലെ പ്രധാനതാരങ്ങളെ റാഞ്ചി സഊദി ക്ലബുകൾ വരവറിയിച്ചതും ഇതേ വർഷമാണ്.

വനിതാ ലോകകപ്പിലും യുവേഫ നാഷൺസ് ലീഗിലും മുത്തമിട്ട് സ്പെയിൻ; അണ്ടർ 17 ലോക കിരീടം ചൂടി ജർമ്മനി

ഫിഫ വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ (1-0)കീഴടക്കി സ്പെയിൻ ലോകത്തിന്റെ നെറുകയിലെത്തിയ വർഷമായിരുന്നു 2023. ഒൾഗ കർമോണയുടെ ഏക ഗോളിലാണ് ഓഗസ്റ്റ് 20 ന് യൂറോപ്യൻ ക്ലബ് ആദ്യമായി വനിതാ വിശ്വകിരീടം ചൂടിയത്. യുവേഫ നാഷൺസ് ലീഗ് ചാമ്പ്യൻഷിപ്പിൽ സ്‌പെയിൻ പുരുഷ ടീമും ചാമ്പ്യൻമാരായി. ക്രൊയേഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് 2012 യൂറോകപ്പിന് ശേഷം വീണ്ടുമൊരു മേജർ ട്രോഫിയിൽ മുത്തമിട്ടത്.ആസ്‌ത്രേലിയയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ജർമ്മനി കിരീടം സ്വന്തമാക്കിയത് ഡിസംബറിലായിരുന്നു. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കൗമാര ലോക കപ്പിൽ മുത്തമിട്ടത്.




ബാലൺ ഡി ഓർ, ഫിഫ അവാർഡ് തിളക്കത്തിൽ മെസി

ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ എട്ടാം തവണയും മെസിയെ തേടി ബാലൺ ഡി ഓർ എത്തിയത് ഒക്ടോബറിലായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് അർജന്റൈനൻ നേട്ടം കൈവരിച്ചത്. ഫിഫയുടെ 2022ലെ മികച്ചതാരത്തിനുള്ള അവാർഡും മെസിയ്ക്ക് തന്നെയായിരുന്നു.സ്‌പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് വനിത ബാലൺ ഡി ഓർ നേടിയത്. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റൈൻ താരം എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി.




പി.എസ്.ജിയിൽ നിന്ന് ഇന്റർമയാമിയിലേക്ക് ചുവട്മാറ്റം

ഈവർഷം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ട്രാൻസ്ഫർ വാർത്തയിലൊന്ന് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ നിന്ന് ലയണൽ മെസിയുടെ ഇന്റർ മയാമിലേക്കുള്ള കൈമാറ്റമായിരുന്നു. അമേരിക്കൻ ക്ലബുമായി രണ്ടര വർഷ കരാറാണ് 36 കാരൻ ജൂണിൽ ഏർപ്പെട്ടത്. മെസിക്ക് പുറമെ സെർജിയോ ബുസ്‌കെറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ പഴയ ബാഴ്സലോണൻ താരങ്ങളും ഇന്റർ മയാമിയിലെത്തുകയുണ്ടായി.

റെക്കോർഡ് തുകക്ക് ക്രിസ്റ്റ്യാനോ അൽ നസറിലേക്ക്

റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് പോർച്ചുഗീസ് സൂപ്പർതാരം സഊദി ക്ലബ് അൽ നസറിലെത്തിയത് ആശ്ചര്യത്തോടെയാണ് ഫുട്ബോൾ ലോകം വീക്ഷിച്ചത്. 2022 ഡിസംബറിൽ കരാറിലെത്തിയെങ്കിലും സൗദിയിലേക്ക് സിആർ 7 എത്തിയതും പന്തുതട്ടുന്നതുമെല്ലാം ഈ വർഷം ജനുവരിയിലായിരുന്നു. 2025 വരെ രണ്ടര വർഷ കരാറിലാണ് 37കാരൻ ഒപ്പുവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന പ്രധാന താരങ്ങളെയെത്തിച്ച് സൗദി പ്രോലീഗ് ലോകശ്രദ്ധയാകർഷിച്ചതും 2023ലാണ്. ചെൽസിയിൽ നിന്ന് ഫ്രാൻസിന്റെ എൻകോളോ കാന്റെ, റയൽ മാഡ്രിഡിൽ നിന്ന് കരിം ബെൻസെമ, സെനഗൽതാരം സാദിയോ മാനെ തുടങ്ങിയ നിരവധി താരങ്ങളാണ് സൗദി ക്ലബിലേക്ക് ചേക്കേറിയത്.

2034 ലോകകപ്പ് വേദിയാകാൻ സഊദി

2034 വിശ്വകായിക മേള സഊദിയിൽ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ അറിയിച്ചതും ഈ വർഷമായിരുന്നു. ആസ്ത്രേലിയ പിൻമാറിയതോടെയാണ് അവസാന നിമിഷം അറബ് രാജ്യത്തിന് നറുക്ക് വീണത്. ഖത്തറിൽ 2022 ലോകകപ്പ് വിജയകരമായി നടത്തിയതും വീണ്ടും പശ്ചിമേഷ്യയിലേക്ക് മോഹകപ്പ് എത്തുന്നതിന് കാരണമാക്കി.

ഒരുവർഷം അഞ്ച് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി

ഒരു വർഷം അഞ്ച് പ്രധാന കിരീടം നേടി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിൽ ഇടംപിടിച്ചു. പ്രീമിയർലീഗ് നിലനിർത്തിയതിന് പുറമെ ക്ലബ് ലോകകപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, യുവേഫ സൂപ്പർകപ്പ് കിരീടങ്ങളും പെപ് ഗ്വാർഡിയോളയുടെ പരിശീലനത്തിൽ ഇറങ്ങിയ സിറ്റി എത്തിഹാദ് സ്റ്റേഡിയത്തിലെത്തിച്ചത്.




പ്രമുഖ താരങ്ങളുടെ വിരമിക്കൽ വർഷം

നിരവധി പ്രധാന താരങ്ങളാണ് ഈവർഷം അന്താരാഷ്ട്ര, ക്ലബ് കരിയറിനോട് വിടപറഞ്ഞത്. നേരത്തെ ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്ന് വിടപറഞ്ഞ ജർമ്മൻ താരം മൊസ്യൂട്ട് ഓസീൽ ക്ലബ് കരിയറും ഈ വർഷം അവസാനിപ്പിച്ചു. സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിചാണ് വിരമിച്ച മറ്റൊരു പ്രമുഖൻ. 41ാം വയസിലാണ് എ സി മിലാൻ താരം ബൂട്ടഴിച്ചത്. സ്പെയിൻ ലോകകപ്പ് ടീം അംഗവും മുൻ ആഴ്സനൽ,ചെൽസി താരവുമായ സെസ്‌ക് ഫാബ്രിഗസും കളിമതിയാക്കി. ബെൽജിയത്തിന്റെ സുവർണ തലമുറയിൽ ഉൾപ്പെട്ട ഏദൻ ഹസാർഡ്, വെയിൽസിന്റെ മുൻ റയൽമാഡ്രിഡ് താരം ഗ്യാരത് ബെയിൽ എന്നിവരും ഈവർഷം മൈതാനംവിട്ടു.

സാഫ് കിരീടം സ്വന്തമാക്കി ഇന്ത്യ

കുതിച്ചും ഇടക്ക് കിതച്ചുമാണ് ഈവർഷം ഇന്ത്യൻ ഫുട്ബോളിന്റെ പ്രയാണം. ബെഗളൂരുവിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കാനാതാണ് വലിയനേട്ടം. കുവൈത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് നീലപട മറികടന്നത്. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലും കുവൈത്തിനെ കീഴടക്കാനായി. എന്നാൽ മറ്റൊരു യോഗ്യതാമാച്ചിൽ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടങ്ങി. റാങ്കിങിലും നൂറിൽ താഴേക്കെത്താൻ ഈവർഷം സാധിച്ചില്ല. 102ലാണ് ഇന്ത്യയുടെ സ്ഥാനം.




മോഹൻ ബഗാൻ ഐ.എസ്.എൽ ചാമ്പ്യൻസ്; സന്തോഷ് ട്രോഫി മേഘാലയക്ക്

ബെഗളൂരു എഫ്.സിയെ കീഴടക്കി കൊൽക്കത്തൻ ക്ലബ് മോഹൻ ബഗാൻ ഐ.എസ്.എൽ ചാമ്പ്യൻമാരായി. മുഴുവൻ സമയവും ഇരുടീമുകളും 2-2 സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് ബഗാൻ കിരീടം ചൂടിയത്. കർണാടകയെ കീഴടക്കി (3-2) മേഘാലയ 76മത് സന്തോഷ് ട്രോഫി ജേതാക്കളായി. 54 വർഷത്തിന് ശേഷമാണ് നോർത്ത് ഈസ്റ്റ് ടീം കിരീടം നേടിയത്. മുൻ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് വ്യത്യസ്തമായി സഊദിയിലാണ് ഇത്തവണ സെമി, ഫൈനൽ മത്സരങ്ങൾ നടന്നത്. ഐലീഗിൽ പഞ്ചാബ് എഫ്.സി ജേതാക്കളായി.

സോഷ്യൽ മീഡിയ റെക്കോർഡ് തകർത്ത് മുഹമ്മദ് റിസ്വാന്റെ സൂപ്പർകിക്ക്

ഫ്രീസ്റ്റൈൽ ഫുട്‌ബോൾ താരമായ അരീക്കോട് സ്വദേശി മുഹമ്മദ് റിസ്വാൻ സമൂഹ മാധ്യമങ്ങളിൽ അത്ഭുതം തീർത്തത് ഈ വർഷം അവസാനമായിരുന്നു. മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് മുഹമ്മദ് റിസ്വാൻ ഉതിർത്ത ഷോട്ടാണ് ലോകം ഏറ്റെടുത്തത്. റീൽ ഇതുവരെ കണ്ടത് 35 കോടിയിലധികം പേരാണ്. വീഡിയോ 51 ലക്ഷത്തിലേറെ പേർ ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകണ്ട റീൽസിന് ഉടമായായി ഫ്രീ സ്റ്റൈൽ ഫുട്ബോൾ താരമായി റിസ്വാൻ. നിലവിൽ ഇൻസ്റ്റഗ്രാമിൽ കൂടുതൽ കാഴ്ചക്കാർ വീക്ഷിച്ച റീൽ ഫ്രീസ്റ്റൈൽ വിഡിയോ ഉൾപ്പെടെ ചെയ്യുന്ന ഇറ്റലിക്കാരന്റെ പ്രകടനമാണ് പഴങ്കഥയായത്.

TAGS :

Next Story