ഗര്‍ഭച്ഛിദ്രത്തിനുള്ള സമയ പരിധി 24 ആഴ്ച; നിയമത്തിന് പാര്‍ലമെന്‍റ് അംഗീകാരം
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് ഭേദഗതി ചെയ്താണ് പുതിയ ബില്‍ കൊണ്ടുവന്നത്.

പ്രത്യേക സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 24 ആഴ്ച വരെയായി ഉയര്‍ത്തുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി ഭേദഗതി ബില്ലിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് ഭേദഗതി ചെയ്താണ് പുതിയ ബില്‍ കൊണ്ടുവന്നത്.
പീഡനത്തിനിരയാകുന്നവര്‍, ഭിന്നശേഷിക്കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ തുടങ്ങി പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഭ്രൂണഹത്യ നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍. ലോക്സഭ ഒരു വര്‍ഷം മുമ്പ് അംഗീകാരം നല്‍കിയ ഭേദഗതി ബില്‍ ചൊവ്വാഴ്ച രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കുകയായിരുന്നു.
നിലവില്‍ 20 ആഴ്ചയാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന പരിധി. 20 ആഴ്ചകള്‍ക്കപ്പുറം ഗര്‍ഭച്ഛിദ്രം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അതിസങ്കീര്‍ണമായ നിയമനടപടികള്‍ നേരിടേണ്ടി വന്നിരുന്നു. അതേസമയം, ഭ്രൂണത്തിന് കാര്യമായ തകരാറുകള്‍ ഉള്ളതായി മെഡിക്കല്‍ ബോര്‍ഡ് നിര്‍ണ്ണയിക്കുന്ന സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന പരിധി തടസ്സമല്ല.
ബലാല്‍സംഗത്തിന് ഇരയായവരെയും രോഗികളെയും പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകളെയും അനാവശ്യ ഗര്‍ഭധാരണം നിയമപരമായി അവസാനിപ്പിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്. ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തരുതെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.
Adjust Story Font
16

