Quantcast

ഇന്ധന വില കുറയ്ക്കില്ല; സംസ്ഥാനങ്ങൾക്കു മേൽ കുറ്റംചാർത്തി, കൈ കഴുകി കേന്ദ്രം!

രാജ്യസഭയിൽ കെസി വേണുഗോപാൽ എംപിയാണ് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.

MediaOne Logo

  • Published:

    10 Feb 2021 7:40 AM GMT

ഇന്ധന വില കുറയ്ക്കില്ല; സംസ്ഥാനങ്ങൾക്കു മേൽ കുറ്റംചാർത്തി, കൈ കഴുകി കേന്ദ്രം!
X

ന്യൂഡൽഹി: തുടർച്ചയായ പെട്രോൾ-ഡീസൽ വില വർധനയിൽ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ന് പാർലമെന്റിൽ നടന്ന ചർച്ചയിൽ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനാണ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചത്. ഇന്ധന വില കുറയ്ക്കുമെന്ന സൂചനയും സർക്കാർ നല്കിയില്ല.

'അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സംസ്ഥാനങ്ങളാണ് ഉത്തരവാദികൾ. നികുതി വിഷയത്തിൽ കേന്ദ്ര ഗവൺമെന്റും ഉത്തരവാദികളാണ്. കേന്ദ്രം എക്‌സൈസ് തീരുവ വർധിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ വികസനാവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾ വാറ്റ് നികുതിയും കൂട്ടിയിട്ടുണ്ട്. എന്നാൽ ചില വേളയിൽ സർക്കാർ എക്‌സൈസ് തീരുവ കുറച്ചു. ഈ മുന്നൂറ് ദിവസത്തിൽ 250 ദിവസം വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇന്ധനവില എല്ലാ കാലത്തെയും ഉയർന്ന നിലയിലാണ് എന്ന ആരോപണം ശരിയല്ല'
ധർമേന്ദ്ര പ്രധാൻ/ പെട്രോളിയം മന്ത്രി

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂട്ടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ ഒരു ലിറ്റർ ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 87.87രൂപയായി. ഡീസലിന് 83.59 രൂപയും. കോഴിക്കോട് പെട്രോൾ ലിറ്ററിന് 88.04 രൂപയും ഡീസലിന് 82.27 രൂപയുമാണ് വില. മുംബൈ അടക്കമുള്ള മഹാനഗരങ്ങളിൽ പെട്രോൾ വില തൊണ്ണൂറു കടന്നിട്ടുണ്ട്.

രാജ്യസഭയിൽ കെസി വേണുഗോപാൽ എംപിയാണ് വിഷയത്തിൽ സർക്കാറിൽനിന്ന്‌ വിശദീകരണം ആവശ്യപ്പെട്ടത്. തന്റെ ഗ്രാമത്തിൽ പെട്രോൾ വില നൂറു രൂപയിലെത്തിയെന്ന് വേണുഗോപാൽ പറഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നിൽക്കുന്ന വേളയിലാണ് രാജ്യത്ത് ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേണുഗോപാലിന്റെ വിമർശനം ശരിയല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ' വേണുഗോപാൽജി നല്ല രാഷ്ട്രീയക്കാരനും ബുദ്ധിമാനായ അംഗവുമാണ്. അങ്ങേയറ്റം താഴ്മയോടെ പറയട്ടെ, ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ ഓയിലിന് 61 ഡോളറാണ് വില. അദ്ദേഹം (വേണുഗോപാൽ) കേരളത്തിൽ നിന്ന് വരുന്നയാളാണ്. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം പേർ അവിടെയുണ്ട്. സഭയിലേക്ക് വരുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളോട് വിലയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കേണ്ടിയിരുന്നു' - മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര പ്രൈസിങ് മെക്കാനിസം അനുസരിച്ചാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇങ്ങനെയാണ് വിലയിൽ വ്യത്യാസം വരുന്നത്. നമുക്ക് ആവശ്യമുള്ള ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില വർധനയുണ്ടാകുമ്പോൾ ഇവിടെയും വില വർധിക്കും. കുറയുമ്പോൾ കുറയുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.

എണ്ണവില കുറയ്ക്കാനുള്ള ബാധ്യതയിൽ 95 ശതമാനം കേന്ദ്രത്തിന്റെ കൈയ്യിലാണെന്നിരിക്കേ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് തൃണമൂൽ അംഗം ശാന്തനു സെൻ ചോദിച്ചു. എന്നാൽ കേന്ദ്രമാണ് 95 ശതമാനവും നിയന്ത്രിക്കുന്നത് എന്ന വാദം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിൽ വില, ഗതാഗതച്ചെലവ്, ചരക്കുനീക്ക ചെലവ്, കേന്ദ്ര- സംസ്ഥാന നികുതികൾ എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയിലെ എണ്ണവിലയെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story