അണികളോട് ശാന്തരാകാൻ അഭ്യർത്ഥിച്ച് മമത ബാനർജി; 'വീൽചെയര്‍ ഉപയോഗിച്ചാണെങ്കിലും തിരിച്ചുവരും'
ആക്രമണത്തിൽ പരിക്കേറ്റതായി ആരോപിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ കഴിയവെ വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ അഭ്യർത്ഥന

അണികളോട് ശാന്തരാകാൻ അഭ്യർത്ഥിച്ച് മമത ബാനർജി. ആക്രമണത്തിൽ പരിക്കേറ്റതായി ആരോപിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ കഴിയവെ വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ അഭ്യർത്ഥന.
'എല്ലാവരും ശാന്തത പാലിക്കണമെന്നും ആളുകളെ അസൗകര്യപ്പെടുത്തുന്ന ഒന്നും ചെയ്യരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. കാലിന് പരിക്കുണ്ട്, ഇപ്പോഴും വേദനയുമുണ്ട്. വീൽചെയര്‍ ഉപയോഗിച്ചാണെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ താൻ തിരികെ വരും'- മമത പറഞ്ഞു.
അതേസമയം മമത ബാനർജിക്കെതിരെ നടന്ന ആക്രമണം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂൽ കോണ്‍ഗ്രസ്. മമതയെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസ് പരാതി നൽകി. മമതക്ക് പരിക്കേറ്റ സാഹചര്യത്തിൽ പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂൽ കോൺഗ്രസ് മാറ്റിവെച്ചു.
കഴിഞ്ഞ ദിവസമാണ് നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ മമതക്ക് നേരെ ആക്രമണമുണ്ടായത്. കാലിനും മുഖത്തും പരിക്കേറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് തള്ളുകയായിരുന്നുവെന്നാണ് മമതയുടെ ആരോപണം. അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചിരുന്നു.
Adjust Story Font
16

