Quantcast

'ഗ്രാമങ്ങളിലിറങ്ങണം; ബി.ജെ.പിയുടെ ഹിന്ദുത്വ തന്ത്രങ്ങൾ പൊളിക്കണം'- പ്രവർത്തകരോട് താക്കറെയുടെ ആഹ്വാനം; മഹാരാഷ്ട്രയിൽ കരുതലോടെ ശിവസേന

ഹിന്ദുക്കൾ അപകടത്തിലാണെന്നൊരു ആഖ്യാനം സൃഷ്ടിച്ചിരിക്കുകയാണ് ബി.ജെ.പി. ഈ പ്രചാരണങ്ങൾ തകർക്കാൻ പ്രവർത്തകർ ഓരോ ഗ്രാമത്തിലുമെത്തി സജീവമാകണം- പ്രവർത്തകരോട് ഉദ്ദവ് താക്കറെ

MediaOne Logo

Web Desk

  • Updated:

    2022-03-20 17:34:37.0

Published:

20 March 2022 3:38 PM GMT

ഗ്രാമങ്ങളിലിറങ്ങണം; ബി.ജെ.പിയുടെ ഹിന്ദുത്വ തന്ത്രങ്ങൾ പൊളിക്കണം- പ്രവർത്തകരോട് താക്കറെയുടെ ആഹ്വാനം; മഹാരാഷ്ട്രയിൽ കരുതലോടെ ശിവസേന
X

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയിൽ പാർട്ടി അടിത്തറ ഇളകാതെ കാക്കാൻ നീക്കവുമായി ശിവസേന. അടുത്ത ഘട്ടമായി മഹാരാഷ്ട്ര തിരിച്ചുപിടിക്കാനുള്ള കരുനീക്കങ്ങൾ ബി.ജെ.പി ആരംഭിച്ചത് തിരിച്ചറിഞ്ഞ് പാർട്ടി പ്രവർത്തകരോട് ഒരുങ്ങിയിരിക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ദവ് താക്കറെ.

ഗ്രാമങ്ങളിലേക്ക് ഇറങ്ങാൻ ആഹ്വാനം

ഇന്ന് വിഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ദവ് താക്കറെ പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ബി.ജെ.പിയുടെ ഹിന്ദുത്വ അവസരവാദം തകർക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് താക്കറെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

ബി.ജെ.പിയുടെ ഹിന്ദുത്വ അവസരവാദ ഹിന്ദുത്വയാണെന്ന് താക്കറെ പറഞ്ഞു. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലും അവരെ തോൽപിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കാനും പ്രവർത്തകർക്ക് നിർദേശമുണ്ട്.

ഹിന്ദുക്കൾ അപകടത്തിലാണെന്നൊരു ആഖ്യാനം സൃഷ്ടിച്ചിരിക്കുകയാണ് ബി.ജെ.പി. എന്നാൽ, ഈ പ്രചാരണങ്ങൾ തകർക്കാൻ പ്രവർത്തകർ ഓരോ ഗ്രാമത്തിലുമെത്തി സജീവമാകണം. ശിവസേനയുടെ സന്ദേശം ജനങ്ങൾക്ക് കൃത്യമായി എത്തിക്കണം-താക്കറെ പ്രവർത്തകരോട് നിർദേശിച്ചു.

കരുതലോടെ എൻ.സി.പിയും

സഭയിലും പുറത്തും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും കഴിഞ്ഞ ദിവസം പാർട്ടി നേതാക്കന്മാർക്കും നിയമസഭാ സാമാജികർക്കും നിർദേശം നൽകിയിരുന്നു. ബി.ജെ.പിയുടെ വ്യാജ പ്രചാരണങ്ങൾ തകർക്കാൻ ശക്തമായ കാംപയിനുകൾ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വന്തം മണ്ഡലങ്ങൾക്കപ്പുറം സമീപ മണ്ഡലങ്ങളിലും ജില്ലയിൽ മുഴുവനായി സജീവമാകുമെന്ന് എൻ.സി.പി നേതാക്കൾ പവാറിന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ശിവസേന, എൻ.സി.പി, കോൺഗ്രസ് അടങ്ങുന്ന മഹാരാഷ്ട്രയിലെ മഹാവികാസ് സഖ്യത്തിലെ നിരവധി എം.എൽ.എമാർ ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് കേന്ദ്രമന്ത്രി ഭഗവത് കാരാട് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയായതിനാൽ സംസ്ഥാനത്തും ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Summary: Maharashtra CM Uddhav Thackeray has asked Shiv Sena to get ready to counter the BJP in every village

TAGS :

Next Story