വിധിയെഴുത്ത് ഏപ്രില്‍ ആറിന്; പുതുച്ചേരി എങ്ങോട്ട് ചായും?
നാടകീയമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രഭരണ പ്രദേശം കൂടിയായ പുതുച്ചേരി സാക്ഷ്യം വഹിച്ചത്

നാടകീയമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രഭരണ പ്രദേശം കൂടിയായ പുതുച്ചേരി സാക്ഷ്യം വഹിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും നാല് എം.എല്‍.എമാര്‍ രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയതിനെത്തുടര്‍ന്ന് നാരായണസ്വാമി മന്ത്രിസഭ പിരിച്ചുവിടുകയും പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരികയും ചെയ്തു. ഏപ്രില്‍ അറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എങ്ങനെയായിരിക്കും പുതുച്ചേരിയുടെ രാഷ്ട്രീയ ചിത്രം.?
പുതുച്ചേരി, കളരിക്കല്‍, മാഹി, യാനം എന്നിങ്ങനെ നാല് ജില്ലകളിലായി 33 നിയമസഭ മണ്ഡലങ്ങളാണ് പുതുച്ചേരിയിലുള്ളത്. അതില്‍ അഞ്ച് സീറ്റുകള്‍ എസ്.സി/എസ്.ടി സംവരണവും മൂന്നെണ്ണം കേന്ദ്ര സര്‍ക്കാരിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കുന്നതുമാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത മൂന്ന് പേര്‍ മാത്രമാണ് ബിജെപി സാന്നിധ്യമായി പുതുച്ചേരിയിലുള്ളത്. മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തില്‍ നിന്നും ആറ് എം.എല്‍.എമാരാണ് രാജിവെച്ചത്. അതില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്ക് ചേക്കേറി. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ ബിജെപി എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രസക്തമാണ്.
ആരായിരിക്കും പുതുച്ചേരിയില്‍ വാഴുക?
എം.എല്‍.എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയെങ്കിലും പുതുച്ചേരിയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായി പോരിനുള്ളത് കോണ്‍ഗ്രസ് തന്നെയാണ്. പി.ഡബ്ല്യു.ഡി മന്ത്രി എ നമശിവായം, എം.എല്‍.എമാരായ തീപ്പൈന്‍തന്‍, എ ജോണ്‍കുമാര്‍ എന്നിവരാണ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പേരില്‍ പുറത്താക്കപ്പെട്ട എന്‍ ധനവേലു എം.എല്‍.എയും ബിജെപിയിലേക്ക് ചേക്കേറി. നിലവില്‍ മൂന്ന് ഡി.എം.കെ എം.എല്‍.എമാരും ഒരു സ്വതന്ത്രന്‍റെയും പിന്തുണയുള്‍പ്പടെ 14 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. വി നാരായണസ്വാമി തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.

എന്നാല്‍, എന്‍. രംഗസ്വാമി നയിക്കുന്ന എ.ഐ.എന്‍.ആര്‍.സി, എ.ഐ.എ.ഡി.എം.കെ അടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് നിലവില്‍ 16 പേരുടെ പിന്തുണയുണ്ടെന്ന് വാദിക്കുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രതിപക്ഷം വലിയ വെല്ലുവിളി ഉയര്‍ത്തും. വിധാന്‍ സഭയിലെ മൂന്ന് ബിജെപി കൂടി കളത്തില്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുമ്പോള്‍ നാരായണസ്വാമിക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.
2016ലെ കക്ഷിനില
മൊത്തം - 33
കോണ്‍ഗ്രസ് - 15
എ.ഐ.എ.ഡി.എം.കെ - 4
എ.ഐ.എന്‍.ആര്‍.സി - 8
ഡി.എം.കെ - 2
സ്വതന്ത്രന്‍ - 1
കേന്ദ്ര നാമനിര്‍ദ്ദേശം - 3
Adjust Story Font
16

