Quantcast

രാമക്ഷേത്രം; സംഭാവനയായി ലഭിച്ചത് 2500 കോടി രൂപ, കേരളത്തിൽ നിന്ന് 13 കോടി

"മൂന്നു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം"

MediaOne Logo

  • Published:

    7 March 2021 10:26 AM IST

രാമക്ഷേത്രം; സംഭാവനയായി ലഭിച്ചത് 2500 കോടി രൂപ, കേരളത്തിൽ നിന്ന് 13 കോടി
X

ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന് മാർച്ച് നാലു വരെ സംഭാവനയായി ആകെ ലഭിച്ചത് 2500 കോടി രൂപ. കേരളത്തിൽ നിന്ന് 13 കോടി രൂപ ലഭിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് ആണ് ഇക്കാര്യം അറിയിച്ചത്. വീടുവീടാന്തരമുള്ള സംഭാവന സ്വീകരിക്കൽ യജ്ഞം അവസാനിച്ചതായും ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ആളുകൾക്ക് ഇനിയും സംഭാവന നൽകാമെന്ന് അദ്ദേഹം അറിയിച്ചു.

നാനൂറ് കോടി രൂപയാണ് നേരത്തെ ക്ഷേത്രത്തിനായി ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ചെലവ് ഒന്നര മടങ്ങ് വർധിക്കുമെന്നാണ് ഇപ്പോൾ കരുതപ്പടുന്നത്. മൂന്നു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.

രാജസ്ഥാനിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. മുസ്‌ലിംകളിൽ നിന്നും സംഭാവന ലഭിച്ചു. വിദേശത്തു നിന്ന് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ കുറച്ചു കൂടി കാത്തു നിൽക്കണം. വിദേശ വിനിമയച്ചട്ട നടപടിക്രമങ്ങൾ ഇതിനായി പൂർത്തിയാക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

നിർദിഷ്ട ക്ഷേത്ര സമുച്ചയത്തോട് ചേർന്ന് കിടക്കുന്ന 7285 ചതുരശ്ര അടി വിസ്തീർണമുള്ള ഭൂമി ട്രസ്റ്റ് വാങ്ങിയതായും അദ്ദേഹം അറിയിച്ചു. ക്ഷേത്ര നിർമാണത്തിനായി സുപ്രീംകോടതി അനുവദിച്ച 70 ഏക്കർ ഭൂമിയോട് ചേർന്ന് കിടക്കുന്ന ഭൂമിയാണിത്. പ്രദേശവാസിയുടെ വസ്തു ഒരു കോടി രൂപ നൽകിയാണ് ട്രസ്റ്റ് സ്വന്തമാക്കിയത്.

രാമക്ഷേത്ര സമുച്ചയം 70 ഏക്കറിൽ നിന്ന് 107 ഏക്കറായി വിപുലീകരിക്കാനാണ് ട്രസ്റ്റ് ആലോചിക്കുന്നത്. പ്രധാന ക്ഷേത്രം അഞ്ച് ഏക്കറിലായിരിക്കും നിർമിക്കുക. ബാക്കിയുള്ള 100 ഏക്കറോളം ഭൂമി മ്യൂസിയം, ലൈബ്രറി, യാഗശാല, ആർട്ട് ഗ്യാലറി എന്നിവക്കായി ഉപയോഗിക്കും. ഉത്സവ സീസണിൽ അഞ്ചു ലക്ഷം സന്ദർശകരെയാണ് പ്രതിദിനം ക്ഷേത്ര ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ശ്രമം.

TAGS :

Next Story