Quantcast

അടുത്തതായി പിടിച്ചടക്കേണ്ടത് കാശിയും മഥുരയും; ചര്‍ച്ചയാരംഭിച്ച് ആര്‍എസ്എസ്

ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വേള വിഷയം പരസ്യമായി ഉയർത്തിക്കൊണ്ടുവരാൻ പറ്റിയ സമയമാണെന്ന് സംഘ്പരിവാർ കരുതുന്നു

MediaOne Logo

  • Published:

    13 March 2021 1:29 PM IST

അടുത്തതായി പിടിച്ചടക്കേണ്ടത് കാശിയും മഥുരയും; ചര്‍ച്ചയാരംഭിച്ച് ആര്‍എസ്എസ്
X

ന്യൂഡൽഹി: കാശിയിലെ വിശ്വനാഥ മന്ദിറിനും മഥുരയിലെ കൃഷ്ണജന്മഭൂമിക്കും അടുത്തുള്ള മസ്ജിദുകള്‍ പിടിച്ചെടുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യങ്ങളിൽ ചർച്ചയാരംഭിച്ച് ആർഎസ്എസ്. ഇതുമായി ബന്ധപ്പെട്ട വിശദസംവാദങ്ങൾക്കായി ആർഎസ്എസും വിഎച്ച്പിയും തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള പള്ളി 12 ജ്യോതിർലിംഗങ്ങളിൽ (ശിവന്റെ ഭക്തിരൂപം) ഒന്നാണ് എന്നാണ് സംഘ്പരിവാർ അവകാശപ്പെടുന്നത്. മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് കൃഷ്ണന്റെ ജന്മസ്ഥലമാണ് എന്നും അവർ അവകാശപ്പെടുന്നു. മതാടയാളങ്ങളെയും സംസ്‌കാരത്തെയും തകർത്ത 'വൈദേശിക അതിക്രമകാരികൾ'ക്ക് കീഴിലുള്ള ഇന്ത്യയുടെ 'അടിമത്വ'ത്തെയാണ് ഇവ രണ്ടും സൂചിപ്പിക്കുന്നത് എന്ന് സംഘ് പരിവാർ പറയുന്നു.

ഇതു പറ്റിയ സമയമെന്ന് സംഘ്പരിവാർ

ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വേള വിഷയം പരസ്യമായി ഉയർത്തിക്കൊണ്ടുവരാൻ പറ്റിയ സമയമാണെന്ന് സംഘ്പരിവാർ കരുതുന്നു.

മഥുരയിലെ മസ്ജിദ്‌

നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹർജിയിൽ കോടതി കേന്ദ്രസർക്കാറിന് നോട്ടീസയച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യാതെ അതാതു മതവിഭാഗങ്ങളുടെ കൈവശം സംരക്ഷിച്ചു നിർത്തണമെന്ന നിയമത്തിലാണ് കോടതിയുടെ ഇടപെടൽ.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവർ അടങ്ങുന്ന ബഞ്ചാണ് കേന്ദ്ര ആഭ്യന്തര, നിയമ, സാംസ്‌കാരിക മന്ത്രാലയങ്ങൾക്ക് നോട്ടീസ് അയച്ചത്. 1991ൽ പാസാക്കിയ ആരാധനാലയ (സ്പെഷ്യൽ പ്രൊവിഷൻ) ആക്ടിലെ വകുപ്പ് രണ്ട്, മൂന്ന്, നാല് വകുപ്പുകൾ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

'കൃഷ്ണ ദേവന്റെ ജന്മസ്ഥലം തിരിച്ചുകിട്ടാനായി നൂറ്റാണ്ടുകളായി ഹിന്ദുക്കൾ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇതിനായി സമാധാനപരമായ സമരവും നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ അയോധ്യയിലെ രാമന്റെ ജന്മസ്ഥലം മാത്രമാണ് കേന്ദ്രം നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മഥുരയിലെ കൃഷ്ണ ജന്മസ്ഥലത്തിന് ഒഴിവില്ല. രണ്ടും മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്'- ഹർജിയിൽ പറയുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള മസ്ജിദ്‌

നേരത്തെ, യുപി മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് നില നിൽക്കുന്ന സ്ഥലം കൃഷ്ണജന്മഭൂമിയാണെന്നും പള്ളി പൊളിച്ചു നീക്കണമെന്നും സംഘ്പരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം സിവിൽ കോടതി തള്ളുകയായിരുന്നു. 1991ലെ നിയമം അനുസരിച്ചായിരുന്നു കോടതി വിധി.

ആർഎസ്എസ് നിലപാട് മാറ്റുന്നു

മഥുര, കാശി വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ട എന്നായിരുന്നു നേരത്തെയുള്ള നിലപാട്. ആഗ്രയിലെ ഒരു ചടങ്ങിൽ സംഘടനാ മേധാവി മോഹൻ ഭാഗവത് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഈ നിലപാടിലാണ് ആർഎസ്എസ് ഇപ്പോൾ മാറ്റം വരുത്തുന്നത്.

'ഹിന്ദു അവകാശവാദങ്ങളിൽ' സമവായമുണ്ടാകണം എന്നാണ് സംഘ്പരിവാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ ചർച്ചയുമുണ്ടാകണം. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് നിർവഹിക്കാനാകും. ഈയിടെ തകർക്കപ്പെട്ട ചർച്ചുകൾ കാണാൻ വേണ്ടി പോപ്പ് ഇറാനിലെത്തി. മുഗൾ രാജഭരണകാലത്ത് നമ്മുടെ രാജ്യത്തും അത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്- ഒരു സംഘ്പരിവാർ അംഗം പറഞ്ഞു.

ബാബരി മസ്ജിദ്‌

അയോധ്യയിലെ ബാബരി മസ്ജിദ് പിടിച്ചെടുത്ത ആസൂത്രിത നീക്കങ്ങള്‍ക്ക് ശേഷമാണ് സംഘ്പരിവാര്‍ കാശിയിലെയും മഥുരയിലെയും മസ്ജിദുകള്‍ ലക്ഷ്യം വയ്ക്കുന്നത്. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് ഉയരുന്ന രാമക്ഷേത്രത്തിന്റെ നിര്‍മാണം ഊര്‍ജിതമാണിപ്പോള്‍. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.

TAGS :

Next Story