സൗദി ഖത്തീഫ് കൊലപാതകം; ഒരാളുടെ മൃതദേഹം മറവ് ചെയ്തു
പ്രതികളുടെ വധശിക്ഷയും നടപ്പിലാക്കിയിരുന്നു

സൗദി ദമ്മാം ഖത്തീഫീല്‍ ജീവനോടെ കുഴിച്ചുമൂടി കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹം മറവ് ചെയ്തു. കൊല്ലം ശാസ്താം കോട്ട സ്വദേശി ഷാജഹാന്‍ അബൂബക്കറിന്റെ മൃതദേഹമാണ് മറവ് ചെയ്തത്. ഏഴ് വര്‍ഷം മുമ്പ് നടന്ന കൊലപാതകം മൂന്ന് വര്‍ഷം മുമ്പാണ് പുറം ലോകം അറിഞ്ഞത്.
കേസിലെ പ്രതികളായ മൂന്ന് സ്വദേശികള്‍ക്കും വധശിക്ഷ വിധിച്ച കേസാണിത്. ഇവരുടെ വധശിക്ഷ ആഴ്ചകള്‍ക്ക് മുമ്പ് നടപ്പിലാക്കുകയും ചെയ്തിരുന്നു. എംബസിയില്‍ നിന്ന് എന്‍.ഒ.സി ലഭിക്കാത്തത് കാരണം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് ഏഴ് വര്‍ഷത്തിലേറെ നീണ്ട് പോയി. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍.ഒ.സി ലഭിക്കാന്‍ വൈകിയതും, മൃതദേഹങ്ങളുടെ ശാസ്ത്രീയമായ തിരിച്ചറിയല്‍ പരിശോധനകള്‍ പൂര്‍ത്തിയാവാത്തതും ഇതിന് തടസ്സമായി. ഇതു വരെയായി മൂന്ന് പേരുടെ ഡി.എന്‍.എ പരിശോധനകളാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. രണ്ടുപേരുടെ ബന്ധുക്കളെ ലഭ്യമാകാത്തതിനാല്‍ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായിട്ടില്ല. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എംബസി എന്‍.ഒ.സി നല്‍കിയ കൊല്ലം സ്വദേശി ഷാജഹാന്‍ അബൂബക്കറിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ദമ്മാമില്‍ മറവ് ചെയ്തത്. മറ്റ് രണ്ട് പേരുടേത് കൂടി നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസങ്ങളില്‍ മറവ് ചെയ്യുമെന്നാണ് എംബസി അതികൃതര്‍ നല്‍കുന്ന വിശദീകരണം.
Adjust Story Font
16

