ഇങ്ങനെയൊരു കഴിവ് ആനകള്‍ക്ക് ഉണ്ടായിരുന്നോ? 'കാട്ടിലെ ഡോക്ടര്‍' എന്ന് വിളിക്കേണ്ടിവരുമോ
ഔഷധസസ്യങ്ങള്‍ കണ്ടെത്തി ഉപയോഗിക്കാനുള്ള കഴിവുണ്ടെന്ന് പഠനം

ഏറെ പ്രത്യേകതയും കൗതുകങ്ങളും നിറഞ്ഞതാണ് ആനകളുടെ ജീവിതം. കൂട്ടംകൂടിയുള്ള ജീവിതരീതിയും അതിലെ കൃത്യമായ ക്രമങ്ങളുമെല്ലാം ഏറെ പഠനവിധേയമായിട്ടുണ്ട്. ആനകളെ സംബന്ധിച്ച് കൗതുകകരമായ മറ്റൊരു പഠനം കൂടി പുറത്തുവന്നിരിക്കുകയാണ്. രോഗങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ ആനകള്‍ സ്വയം ചികിത്സയ്ക്കായി പ്രത്യേക സസ്യങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ടാകാമെന്ന് പുതിയ പഠനം. കെനിയയിലെ മൗണ്ട് എല്‍ഗണ്‍ മേഖലയിലെ ആഫ്രിക്കന്‍ ആനകളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. സയന്റിഫിക് റിപ്പോര്‍ട്ട് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മൗണ്ട് എല്‍ഗണ്‍ മേഖലയിലെ ആനകളെ ദീര്‍ഘകാലമായി നിരീക്ഷിച്ചിരുന്ന എട്ട് പ്രാദേശിക വിദഗ്ധരില്‍നിന്നാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ആനകള്‍ ഔഷധഗുണമുള്ള സസ്യങ്ങളും മണ്ണും ധാതുക്കളും ഉപയോഗിക്കുന്നതായി കണ്ടെത്തി. ആനകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 39 പ്രകൃതിവിഭവങ്ങളില്‍ 35 സസ്യങ്ങളും നാല് തരത്തിലുള്ള മണ്ണുമാണുള്ളത്. ഇവയില്‍ 25 സസ്യങ്ങള്‍ ആനകള്‍ ഔഷധഗുണത്തിന് വേണ്ടിയാണത്രെ ഉപയോഗിക്കുന്നത്.
രോഗബാധിതരായ ആനകള്‍ ചികിത്സക്കായി എട്ട് സസ്യങ്ങളെ പ്രത്യേകം ഉപയോഗിക്കുന്നതായി കണ്ടെത്തി. ചില സന്ദര്‍ഭങ്ങളില്‍ അമ്മയാനകള്‍ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കായി ഇവ നല്‍കുന്നതായും നിരീക്ഷിച്ചു. ആനകള്‍ സസ്യങ്ങളെ യഥാര്‍ഥത്തില്‍ ചികിത്സയ്ക്കായാണ് തിരഞ്ഞെടുക്കുന്നതെന്ന് പഠനം അന്തിമമായി തെളിയിക്കുന്നില്ല. വിദഗ്ധരുടെ നിരീക്ഷണങ്ങളും അനുഭവസാക്ഷ്യങ്ങളുമാണ് പ്രധാനമായും പഠനത്തിന്റെ അടിസ്ഥാനം. ആനകള്‍ ഏതെങ്കിലും സസ്യം രോഗശമനത്തിനായി ഉദ്ദേശപൂര്‍വം കഴിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നേരിട്ടുള്ള നിരീക്ഷണങ്ങളും ആരോഗ്യ-ഫാര്‍മക്കോളജിക്കല്‍ പഠനങ്ങളും ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ആനകള്‍ക്ക് സങ്കീര്‍ണമായ സാമൂഹികബന്ധങ്ങളും പഠിച്ചെടുത്ത പെരുമാറ്റങ്ങളും തലമുറകളിലേക്ക് കൈമാറാനുള്ള കഴിവുണ്ടെന്ന് പഠനം പറയുന്നു. അതിനാല്‍ രോഗാവസ്ഥയില്‍ പ്രത്യേക സസ്യങ്ങളോ മറ്റ് പ്രകൃതിദത്ത വിഭവങ്ങളോ തിരഞ്ഞെടുക്കുന്ന അറിവ് കൂട്ടത്തിലെ മറ്റ് ആനകളില്‍നിന്ന് പഠിക്കുന്നതാകാമെന്ന സാധ്യതയും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നു.
Adjust Story Font
16

