എസ്.ഡി.പി.ഐ കമൽ ഹാസന്റെ മുന്നണിയിൽ; 18 സീറ്റിൽ മത്സരിക്കും
25 സീറ്റുകൾ നൽകണമെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആവശ്യമെങ്കിലും 18-ൽ തൃപ്തിപ്പെടുകയായിരുന്നു.

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മത്സരിക്കുക കമൽ ഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം) നേതൃത്വം നൽകുന്ന മുന്നണിയിൽ. ഇരുകക്ഷികളും തമ്മിലുള്ള സഖ്യചർച്ച ഏറെക്കുറെ പൂർത്തിയായതായും എസ്.ഡി.പി.ഐ 18 സീറ്റുകളിൽ മത്സരിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കമൽ ഹാസനും എസ്.ഡി.പി.ഐ നേതാവ് ദെഹ്‌ലാൻ ബാഖവിയും തമ്മിലുള്ള ചർച്ചക്കു ശേഷമാണ് ഇരുകക്ഷികളും സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചത്. 25 സീറ്റുകൾ നൽകണമെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആവശ്യമെങ്കിലും 18-ൽ തൃപ്തിപ്പെടുകയായിരുന്നു.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയുമായി സഖ്യത്തിലായിരുന്ന എസ്.ഡി.പി.ഐ ചെന്നൈ സെൻട്രലിൽ മത്സരിച്ചിരുന്നു. ഡി.എം.കെയുടെ ദയാനിധി മാരൻ ജയിച്ച മണ്ഡലത്തിൽ 23,741 വോട്ടുകളാണ് എസ്.ഡി.പി.ഐക്ക് നേടാൻ കഴിഞ്ഞത്. ഇത്തവണ എ.എം.എം.കെ അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായി എ.എം.എം.കെ സഖ്യത്തിലെത്തിയതോടെയാണ് എസ്.ഡി.പി.ഐ മുന്നണി വിട്ടത്.
234 അംഗ തമിഴ്‌നാട് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 154 സീറ്റിലാണ് കമൽ ഹാസന്റെ മക്കൾ നീതി മയ്യം മത്സരിക്കുന്നത്. 70 പേരടങ്ങുന്ന ആദ്യ ലിസ്റ്റ് കമൽ പുറത്തുവിട്ടു. രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണെന്ന മാർക് ട്വയിന്റെ വാക്കുകൾ തിരുത്താനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഡി.എം.കെയും അണ്ണാ ഡി.എം.കെയും പരസ്പരം ചെളിവാരിയെറിയുന്ന കക്ഷികളായി മാറിക്കഴിഞ്ഞെന്നും കമൽ പറഞ്ഞു.
നടൻ ശരത് കുമാറിന്റെ ആൾ ഇന്ത്യ സമത്വ മക്കൾ കച്ചി (എ.ഐ.എസ്.എം.കെ), വിദ്യാഭ്യാസ വിദഗ്ധൻ ടി.ആർ പച്ചമുത്തു സ്ഥാപിച്ച ഇന്ത്യാ ജനനായക കച്ചി (ഐ.ജെ.കെ) എന്നിവയും കമൽ ഹാസനുമായി ഇത്തവണ സഖ്യത്തിലുണ്ട്. ഇരുകക്ഷികൾക്കും 40 വീതം സീറ്റുകൾ നൽകാൻ ധാരണയായിട്ടുണ്ട്.
Adjust Story Font
16

