Quantcast

തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടിയുള്ള പിണറായിയുടെ ഇടപെടൽ: ന്യായീകരണം വൈറലാവുന്നു 

‘ഇത് ഒരു ന്യായീകരണ പോസ്റ്റാണ്; വേണ്ടവർ വായിച്ചാൽ മതി’ എന്ന തലവാചകത്തോടെയുള്ള പോസ്റ്റ് വാട്ട്‌സാപ്പ്, ടെലഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിലും വൈറലായിക്കഴിഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 Aug 2019 6:49 AM GMT

തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടിയുള്ള പിണറായിയുടെ ഇടപെടൽ: ന്യായീകരണം വൈറലാവുന്നു 
X

യു.എ.ഇയിൽ അറസ്റ്റിലായ എൻ.ഡി.എ കേരള കൺവീനർ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സത്വര ഇടപെടൽ ഇടത് സഹയാത്രികർ അടക്കമുള്ളവരുടെ അപ്രീതിക്കു കാരണമായിരുന്നു. സജീവ ഇടതുപക്ഷ പ്രവർത്തകരടക്കമുള്ളവർ സംഘ് പരിവാർ നേതാവിനു വേണ്ടി അനാവശ്യ തിടുക്കം കാണിച്ചുവെന്ന് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി.

ഈ വിഷയത്തിൽ പിണറായിയും സി.പി.എമ്മും ശക്തമായ വിമർശനം നേരിടുന്നതിനിടെ, മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലാവുകയാണ്. മാധ്യമപ്രവർത്തകനും ഇടതു സഹയാത്രികനുമായ സെബിൻ എബ്രഹാം ജേക്കബ് ആണ് ദീർഘമായ ന്യായീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇത് ഒരു ന്യായീകരണ പോസ്റ്റാണ്; വേണ്ടവർ വായിച്ചാൽ മതി' എന്ന തലവാചകത്തോടെയുള്ള പോസ്റ്റ് വാട്ട്‌സാപ്പ്, ടെലഗ്രാം അടക്കമുള്ള വോയ്പ് മെസ്സേജിംഗ് ആപ്പുകളിലും വൈറലായിക്കഴിഞ്ഞു.

പോസ്റ്റിന്റെ പൂർണ രൂപം:

ഇത് ഒരു ന്യായീകരണ പോസ്റ്റ് ആണ്. വേണ്ടവർ വായിച്ചാൽ മതി.

തുഷാറിനു വേണ്ടി പിണറായി വിജയൻ ഇടപെട്ടതിൽ വിഷമവും ഖേദവും പ്രകടിപ്പിച്ചും മ്ലാനവദനരായും ഇടതുസഹയാത്രികർ ഫേസ്ബുക്കിൽ തിക്കിമുട്ടുകയാണ്. ബിജെപിയുടെ സഖ്യകക്ഷി നേതാവിനു വേണ്ടി, ഒരു സമുദായ നേതാവിനുവേണ്ടി, മതേതര കേരളത്തിന്റെ മുഖ്യമന്ത്രി ഇടപെട്ടുപോലും! എന്തുകൊണ്ടു നേരത്തെ അറ്റ്ലസ് രാമചന്ദ്രനു വേണ്ടി അദ്ദേഹം ഇടപെട്ടിരുന്നില്ല എന്നും വാടകകൊടുക്കാൻ നിവൃത്തിയില്ലാതെ വന്നതിനെ തുടർന്നു ഗൾഫിൽ തടവിലായ സാധാരണക്കാരായ മലയാളികൾ വേറെ ഒട്ടധികമുണ്ടെന്നുമൊക്കെയാണ് കണ്ണീർവീഴ്ത്തുകൾ.

ഓരോന്നായെടുക്കാം. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് സന്ദർശിച്ചിരുന്ന സമയത്ത് ഷാർജ ഷെയ്ഖും യുഎഇ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കണ്ട് പ്രത്യേകം ചർച്ച നടത്താനും പല ആവശ്യങ്ങളും ഉന്നയിക്കാനും നേടിയെടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. യുഎഇയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും ക്രിമിനൽ അല്ലാത്ത കേസുകളുടെയും പേരിൽ ജയിലിൽ കിടക്കുന്നവരോട് അനുഭാവപൂർണ്ണമായ പെരുമാറ്റം ഉണ്ടാകണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന കൈക്കൊണ്ട ഷാർജ ഷെയ്ഖ് സ്വന്തം കൈയിൽനിന്ന് ജാമ്യത്തുക കെട്ടിവച്ച് 159 തടവുകാരെയാണ് വിട്ടയച്ചത്. അക്കാര്യം അദ്ദേഹം പ്രഖ്യാപിക്കുന്നത്, 2017ൽ തിരുവനന്തപുരം രാജ്ഭവനിൽ വച്ച് കാലിക്കറ്റ് സർവ്വകലാശാല അദ്ദേഹത്തെ ഡിലിറ്റ് നൽകി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു നടത്തിയ മറുപടി പ്രസംഗത്തിലാണ്. അന്നു വിട്ടയക്കപ്പെട്ടവർ മലയാളികൾ മാത്രമായിരുന്നില്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു.

സംസ്ഥാനത്തെ ഇൻഫ്രാസ്ട്രക്ചർ വികസന മേഖലയിൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപം നടത്താനും വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിൽ വർധിച്ച സഹകരണത്തിനും മറ്റും അന്ന് തീരുമാനങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെ സംബന്ധിച്ച വാർത്തകളുടെ ലിങ്ക് ചുവടെ കമന്റായി നൽകാം.

അതേ സമയം കഴിഞ്ഞ വർഷം യുഎഇ സന്ദർശിച്ച നരേന്ദ്ര മോദി നേടിയെടുത്തത് അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള അനുമതിയാണ്. മോദി നാളെ വീണ്ടും യുഎഇ സന്ദർശിക്കുന്നുണ്ട്. മേൽപ്പറഞ്ഞ ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷിക്കാനാണ് സന്ദർശനം. അദ്ദേഹം അവിടെ ചെന്ന് ഉണ്ടാക്കിയ പ്രധാന കരാർ യുഎഇയും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ വച്ചുമാറുന്നതിനുള്ള extradiction treaty ആയിരുന്നു. എന്നിട്ട് വല്ലതും നടന്നോ? ആന്റിഗ്വയിൽ നിന്ന് മെഹുൾ ചോക്സി സുഖമായി യുഎഇയിൽ ചെന്ന് പുതിയ രത്നവ്യാപാര കമ്പനി തുടങ്ങിയിട്ടു പോയി. നടന്നോ എക്സ്ട്രാഡിഷൻ?

തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് നേതാവ് മാത്രമല്ല, എസ്എൻഡിപി യോഗത്തിന്റെ യുവജനനേതാവുമാണ്. അങ്ങനെയൊരാൾക്കുവേണ്ടി യോഗം ജനറൽ സെക്രട്ടറിയായ അദ്ദേഹത്തിന്റെ പിതാവ് തന്നെ അഭ്യർത്ഥിക്കുമ്പോൾ നിങ്ങള് പോയി പണി നോക്ക് എന്നു കേരളത്തിന്റെ മുഖ്യമന്ത്രി പറയണമായിരുന്നു എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചു നിങ്ങൾക്കു വല്ല ധാരണയുമുണ്ടോ?

മുഖ്യമന്ത്രി ഇവിടെ ചെയ്തത്, തുഷാറിന്റെ കാര്യത്തിൽ നിയമപരമായി സാധ്യമായ ഇടപെടൽ നടത്തണമെന്ന് ജയശങ്കറിനു കത്തെഴുതുകയാണ്. അല്ലാതെ നിയമത്തെ നോക്കുകുത്തിയാക്കി ഏതുവിധേനയും അദ്ദേഹത്തെ ജയിൽമോചിതനാക്കണം എന്നഭ്യർത്ഥിക്കയല്ല. മുഖ്യമന്ത്രി ഇങ്ങനെ അഭ്യർത്ഥിച്ചതിനാലുമല്ല, അദ്ദേഹം മോചിതനായത്. പകരം തർക്കത്തിലുള്ള തുകയുടെ പത്തിലൊന്ന് കെട്ടിവയ്ക്കാൻ തയ്യാറായി എം എ യൂസഫലിയുടെ അഭിഭാഷകൻ രംഗത്തെത്തി എന്നതിനാലാണ്.

യുഎഇയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ആരായിരുന്നാലും അതിപ്പോൾ ഞാനായാലും നിങ്ങളായാലും പത്തുശതമാനം തുക കെട്ടിവച്ചാൽ ജാമ്യം ലഭിക്കും. ആ തുക കെട്ടിവയ്ക്കുമ്പോൾ പകരം പലമടങ്ങായി അതീടാക്കാൻ - അതുചിലപ്പോൾ പണമായാകില്ല - യൂസഫലിക്കറിയാമായിരിക്കും. ഇനി അല്ലെങ്കിൽ തന്നെ അത് യൂസഫലിക്കും വെള്ളാപ്പള്ളിക്കും ഇടയിലുള്ള കാര്യം.

ഇത്തരം ഒരു രാഷ്ട്രീയ നീക്കം നടത്തിയതിലൂടെ എൻഡിഎയിൽ ഒരു റിഫ്റ്റ് ഉണ്ടാക്കാനാവുമോ എന്ന ശ്രമമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. ആറു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സാഹചര്യത്തിൽ അത് നിസ്സാരമായ നീക്കമായി കരുതാനാവില്ല. എന്തുകൊണ്ട് നിങ്ങൾ അപ്പോളജറ്റിൿ ആകുന്നു എന്നാണ് അറിയാൻ പാടില്ലാത്തത്.

അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ അടയ്ക്കപ്പെടുമ്പോൾ പിണറായി വിജയൻ എംഎൽഎ പോലുമല്ല. അന്ന് ഉമ്മൻ ചാണ്ടിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. നീ കുളംകലക്കിയില്ലെങ്കിൽ നിന്റെ അപ്പൻ കുളംകലക്കി എന്ന ന്യായമാണ്, ഇദ്ദേഹത്തിന്റെ പേരു വലിച്ചിഴയ്ക്കുന്നതിലൂടെ ഉന്നയിക്കപ്പെടുന്നത്.

ഇത് ഒരു ന്യായീകരണ പോസ്റ്റ് ആണ്. വേണ്ടവർ വായിച്ചാൽ മതി. തുഷാറിനു വേണ്ടി പിണറായി വിജയൻ ഇടപെട്ടതിൽ വിഷമവും ഖേദവും...

Posted by Sebin A Jacob on Friday, August 23, 2019
TAGS :

Next Story