Quantcast

സൗരവ് ഗാംഗുലി ബിജെപിയിലേക്ക്? മോദിയുടെ റാലിയിൽ പങ്കെടുക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ

വാർത്തയുടെ പോസ്റ്റർ ന്യൂസ് ടൈം ബംഗ്ല സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു

MediaOne Logo

  • Published:

    2 March 2021 3:21 PM GMT

സൗരവ് ഗാംഗുലി ബിജെപിയിലേക്ക്? മോദിയുടെ റാലിയിൽ പങ്കെടുക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ
X

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന സൂചന നൽകി ബംഗാളി പ്രാദേശിക മാധ്യമങ്ങൾ. മാർച്ച് ഏഴിന് കൊൽക്കത്ത ബ്രിഗേഡ് മൈതാനിയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ ഗാംഗുലി ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്ന് ന്യൂസ് ടൈം ബംഗ്ല റിപ്പോർട്ട് ചെയ്തു.

വാർത്തയുടെ പോസ്റ്റർ ന്യൂസ് ടൈം ബംഗ്ല സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. 'മാർച്ച് ഏഴിലെ ബിജെപിയുടെ ബ്രിഗേഡ് സമ്മേളനത്തിൽ സൗരവ് ഗാംഗുലി പങ്കെടുത്തേക്കും. മോദിയുടെ സാന്നിധ്യത്തിൽ വച്ച് ബിജെപിയിൽ ചേരുമെന്ന് സൂചന' എന്നാണ് പോസ്റ്ററിൽ പറയുന്നത്.

എന്നാൽ ഇതാദ്യമായല്ല ബിജെപിയെയും ഗാംഗുലിയെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ പരക്കുന്നത്. രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഏതുവിധേനയും സൗരവിനെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് ഗാംഗുലി. ഭാര്യ ഡോണ ഗാംഗുലി കൊൽക്കത്തയിൽ അടുത്തിടെ നടന്ന മഹിള മോർച്ചയുടെ ദുർഗപൂജയിൽ നൃത്തം അവതരിപ്പിച്ചതും അഭ്യൂഹങ്ങൾ ശക്തിപ്പെടാൻ കാരണമായിരുന്നു.

പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറുമായി കഴിഞ്ഞ വർഷം അവസാനം ഗാംഗുലി നടത്തിയ കൂടിക്കാഴ്ചയും രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നടത്തിയത് സൗഹൃദകൂടിക്കാഴ്ചയാണ് എന്നാണ് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്.

TAGS :

Next Story