എല്‍ ക്ലാസികോ: മെസ്സി മാജികില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം

എല്‍ ക്ലാസികോ: മെസ്സി മാജികില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം
രണ്ട് ഗോൾ നേടിയ മെസി ബാഴ്സലോണക്ക് വേണ്ടി 500 ഗോൾ തികച്ചു

സൂപ്പർ താരം ലയണൽ മെസിയുടെ മികവിൽ സ്പാനിഷ് ലീഗിലെ എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ കിരീട പ്രതീക്ഷകൾ നില നിർത്തി. രണ്ട് ഗോൾ നേടിയ മെസി ബാഴ്സലോണക്ക് വേണ്ടി 500 ഗോൾ തികച്ചു.
റയൽ മാഡ്രിഡിനും ബാഴ്സലോണക്കുമിടയിലെ വ്യത്യാസം ലയണൽ മെസിയായിരുന്നു. മത്സരം അവസാനിപ്പിക്കാൻ റഫറി വിസിലൂതാൻ ഒരുങ്ങുന്നതിന് തൊട്ട് മുമ്പ് ആ വ്യത്യാസമെന്താണെന്ന് മെസി റയലിന് കാട്ടി കൊടുത്തു. തുടക്കം മുതൽ മൈതാനം തുല്യ ശക്തികളുടേതായിരുന്നു. ഇരു ഗോൾ മുഖത്തേക്കും പന്ത് നിരന്തരം കയറിയിറങ്ങി. സ്വന്തം കാണികളുടെ മുന്നിൽ കാസമിറോ വഴി റയലാണ് ആദ്യം മുന്നിലെത്തിയത്. അധികം വൈകിയില്ല.മെസിയുടെ അതി മനോഹര ഗോൾ. ഒപ്പത്തിനൊപ്പം. ഇതിനിടെ മെസിക്ക് പരുക്കേറ്റത് ബാഴ്സ ക്യാമ്പിൽ ആശങ്കയുണ്ടാക്കി. രണ്ടാം പകുതി , പകുതി ഭാഗം പിന്നിട്ടപ്പോൾ ഇവാൻ റാക്കിട്ടിച്ചിന്റെ റോക്കറ്റ് ഷോട്ടിൽ ബാഴ്സ മുന്നിലെത്തി.
തൊട്ട് പിന്നാലെ റയൽ നായകൻ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്ത്. കറ്റാലൻ പട ജയം ഉറപ്പിച്ചിരിക്കെ പകരക്കാരനായിറങ്ങിയ ഹാമേസ് റോഡ്രിഗസ് റയലിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്തിന്റെ അവസാന സെക്കന്റുകളിലായിരുന്നു മെസിയുടെ രണ്ടാം ഗോൾ. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയെങ്കിലും റയൽ ഒരു മത്സരം കുറവാണ് കളിച്ചിട്ടുളത്.
Adjust Story Font
16

