Quantcast

കുബ്ലെയും ജെന്നിങ്സും കൊഹ്‍ലിയും

MediaOne Logo

admin

  • Published:

    27 March 2018 10:14 AM IST

കുബ്ലെയും ജെന്നിങ്സും കൊഹ്‍ലിയും
X

കുബ്ലെയും ജെന്നിങ്സും കൊഹ്‍ലിയും

കളത്തിലും പുറത്തും നായകനായ കൊഹ്‍ലിയുടെ ചില തീരുമാനങ്ങളെ തിരുത്തിയതും ചോദ്യം ചെയ്തതുമാണ് ജെന്നിങ്സിന് വിനയായത്. സ്വന്തം തെറ്റുകള്‍ ചെറുതാണെങ്കില്‍ പോലും മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്പോള്‍


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ അനില്‍ കുംബ്ലെയുടെ ഭാവിയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയം. നായകന്‍ വിരാട് കൊഹ്‍ലിയുമായി കുംബ്ലെ നല്ല സ്വരത്തിലല്ലെന്ന വാര്‍ത്തകള്‍ പരിശീലനെന്ന നിലയില്‍ കുംബ്ലെ തുടരാനിടയില്ലെന്ന സൂചനയായി വായിക്കുന്നവരുമുണ്ട്. കുംബ്ലെയുടെ ചില നിലപാടുകളില്‍ കൊഹ്‍ലിയും ടീമിലെ ചില കളിക്കാരും അസ്വസ്ഥരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കൂംബ്ലെ എന്ന പരിശീലകനെച്ചൊല്ലി കൊഹ്‍ലിക്ക് ആദ്യം മുതല്‍ തന്നെ ആശങ്കകളുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പരിശീകനെക്കുറിച്ചുള്ള തന്‍റെ ചിന്തകള്‍ ഒന്നോ രണ്ടോ വാക്കുകളില്‍ കൊഹ്‍ലി ഡ്രസിങ് റൂമില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇവ മോശമായതല്ലായിരുന്നെങ്കിലും അദ്ദേഹത്തിന് ന്യായമായ സംശയങ്ങളുണ്ടെന്ന് പറയാതെ പറയുന്നതായിരുന്നുവെന്നാണ് അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രവി ശാസ്ത്രി തള്ളപ്പെട്ടതിലുള്ള വ്യസനം സ്വാഭാവികമായും കൊഹ്‍ലിക്കുണ്ടായിരുന്നു. നായകന് എന്നും ശക്തമായ പിന്തുണ നല്‍കിയിരുന്ന ശാസ്ത്രി കൊഹ്‍ലിയുടെ ഇഷ്ടക്കാരനായി മാറിയിരുന്നു. പരിശീലക സ്ഥാനത്തേക്ക് അഭിമുഖം നടക്കുന്പോഴും തന്‍റെ സാധ്യതകളില്‍ ശാസ്ത്രി വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചത് നായകനുമായി തനിക്കുള്ള നല്ല ബന്ധത്തിന്‍റെ തണലിലായിരുന്നു. ഈ ധാരണകളെയാണ് സൌരവ് ഗാംഗുലി അട്ടിമറിച്ചതും മുന്‍ നിശ്ചയപ്രകാരം എന്ന തോന്നലുളവാക്കുന്ന വിധം കുംബ്ലെയെ ടീമിന്‍റെ പരിശീലക സ്ഥാനത്ത് പ്രതിഷ്ഠിച്ചതും.

ഒരു പരിശീകനെന്ന നിലയില്‍ ആവശ്യമായ ശക്തമായ ഇടപെടലുകളാണ് കുംബ്ലെ നടത്തിയതെന്നും ഇത് ആത്യന്തികമായി ടീമിനും കളിക്കാര്‍ക്കും ഗുണകരമായി തീരുകയാണുണ്ടായതെന്നും വാദിക്കുന്നവരുണ്ട്. ബംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയ ഒരു ബൌളറോട് ടെസ്റ്റ് മത്സരത്തിനായി ശാരീരിക യോഗ്യത നേടുന്ന തരത്തില്‍ ദിവസവും ബൌള്‍ ചെയ്യാന്‍ കുംബ്ലൈ ആവശ്യപ്പെട്ടതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന ഒരു സംഭവം. പരിക്കില്‍ നിന്നും മുക്തനായി എത്തിയ ബൌളര്‍ കുറഞ്ഞ സമയം ബൌള്‍ ചെയ്യുകയും കൂടുതല്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കുകയുമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഗത്യന്തരമില്ലാതെ കുംബ്ലെ നിര്‍ദേശിച്ച വഴിയെ താരം സഞ്ചരിച്ചു. ബൌളിങ് ശക്തമാക്കാന്‍ ഇത് സഹായകരമാകുകയും ചെയ്തു.

കുംബ്ലെ - കൊഹ്‍ലി ഭിന്നതകള്‍ വാര്‍ത്തയാകുന്പോള്‍ ഐപിഎല്ലിന്‍റെ ആദ്യ നാളുകളില്‍ അധികമാരും അറിയാതെ പോയ ഒരു പരിശീലകന്‍റെ സ്ഥാനചലനവും ഓര്‍മ്മകളിലേക്ക് ഓടിയടുക്കുന്നത് സ്വാഭാവികമാണ്. ബംഗളൂരു ടീമിന്‍റെ പരിശീലകനായിരുന്ന റേയ് ജെന്നിങ്സിനാണ് സ്ഥാനം നഷ്ടമായത്. പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ കൊഹ്‍ലിയുടെ അപ്രീതിയും. കളത്തിലും പുറത്തും നായകനായ കൊഹ്‍ലിയുടെ ചില തീരുമാനങ്ങളെ തിരുത്തിയതും ചോദ്യം ചെയ്തതുമാണ് ജെന്നിങ്സിന് വിനയായത്. സ്വന്തം തെറ്റുകള്‍ ചെറുതാണെങ്കില്‍ പോലും മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്പോള്‍ അത് മിക്കവര്‍ക്കും ഇഷ്ടമാകില്ല. കൊഹ്‍ലിക്കും ടീമിനും ഗുണകരമായത് മാത്രമാണ് ഞാന്‍ ചെയ്തതെന്ന് എനിക്ക് ഉറപ്പാണ് - ജെന്നിങ്സിന് അക്കാലത്തെക്കുറിച്ച് പറയാനുള്ളത് ഇതാണ്. കൊഹ്‍ലി പ്രതിഭാധനനായ കളിക്കാരനാണെന്നും എന്നാല്‍ കളിയെക്കാള്‍ മികച്ചതാണ് താനെന്ന ധാരണ ചിലപ്പോഴുണ്ടാകാറുണ്ടെന്നും മുന്‍ പരിശീകലന്‍ പറയുന്നു.

പരിശീകലനും നായകനും തമ്മില്‍ നല്ല ബന്ധം അനിവാര്യമാണ്. ഒരു പരിശീലകന് ടീമിലെ മറ്റ് കളിക്കാരുമായി പ്രശ്നങ്ങളുണ്ടെങ്കിലും കുഴപ്പമില്ല, പക്ഷേ നായകനുമായി നല്ല ഒഴുക്കുള്ള ബന്ധം അനിവാര്യമാണ്. നായകനെന്ന നിലയില്‍ തനിക്ക് കുടൂതല്‍ സ്വതന്ത്രമായി ഇടപഴകാനാകുന്ന പരിശീലകനായി വാദിക്കുവാന്‍ കൊഹ്‍ലിക്ക് അധികാരവുമുണ്ട്. ഇതിലെനിക്ക് പരാതിയുമില്ലെന്നാണ് ജെന്നിങ്സിന്‍റെ നിലപാട്.

കുംബ്ലൈ - കൊഹ്‍ലി ബന്ധത്തിലെ വിള്ളല്‍ ശക്തമാണെന്നും ഇത് പരിഹരിക്കുക ബുദ്ധിമുട്ടാകുമെന്നുമാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നായകന് പുറമെ ടീമിലെ മറ്റ് ചില കളിക്കാര്‍ക്കും കുംബ്ലെയെ സംബന്ധിച്ച് പരാതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊഹ്‍ലിയുടെ പിടിവാശിക്ക് വഴങ്ങുന്നത് ഗുണകരമല്ലെന്ന വാദം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയെ ചില അംഗങ്ങള്‍ക്കുണ്ടെങ്കിലും കുംബ്ലെ തുടരാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ശ്രീനിവാസന്റെ തണലില്‍ ശക്തനായി മാറിയ ധോണിയുടെ സമാനമായ അവസ്ഥ കൊഹ്‍ലിയും ആഗ്രഹിക്കുന്നുണ്ടെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൊഹീന്ദര്‍ അമര്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ ധോണിയെ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ ശ്രീനിവാസന്‍ അത് വീറ്റോ ചെയ്തത് ഇന്ന് പരസ്യമായ രഹസ്യമാണ്. അനുരാഗ് താക്കൂര്‍ ബിസിസിഐ അധ്യക്ഷ പദവിയെത്തിയപ്പോള്‍ കൊഹ്ലിക്കും അത് സ്വീകാര്യമായിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇടപെടല്‍ ഇതെല്ലാം തകിടം മറിച്ചു.


കൊഹ്‌ലിക്ക് മണികെട്ടണമെന്ന് ഗാംഗുലി. സച്ചിന്‍, ലക്ഷ്മണ്‍ ത്രയം തീരുമാനിക്കുമോ എന്നതാണ് ഇനി പ്രസക്തമായ ചോദ്യം. കൊഹ്‍ലിക്ക് തീരുമാനങ്ങളില്‍ മുന്‍തൂക്കം വേണമെന്ന നിലപാടിലേക്ക് ഇവരെത്തിയാല്‍ അത് കുംബ്ലൈ യുഗത്തിന്‍റെ പരിസമാപ്തി കുറിക്കും.

TAGS :

Next Story