ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുറേ രണ്ടാം റൗണ്ടില്‍ പുറത്ത്; അട്ടിമറിച്ചത് ജപ്പാന്‍ താരം

മൂന്ന് തവണ ഗ്രാൻഡ്സ്ലാം ജേതാവായ മുറേ കുറേയധികം കാലമായി ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Jan 2022 12:16 PM GMT

ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുറേ രണ്ടാം റൗണ്ടില്‍ പുറത്ത്; അട്ടിമറിച്ചത് ജപ്പാന്‍ താരം
X

തിരിച്ചുവരവ് ലക്ഷ്യമിട്ട് ആസ്ട്രേലിയന്‍ ഓപ്പണെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറേയ്ക്ക് നിരാശ. രണ്ടാം റൗണ്ടില്‍ തോറ്റ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്‍റെ ടാറോ ഡാനിയേല്‍ ആണ് മുറേയെ തോല്‍പ്പിച്ചത്. മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മുറേ കുറേയധികം കാലമായി ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് താരം ഓസ്ട്രേലിയന്‍ ഓപ്പണെത്തിയത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകാനായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ വിധി.

ജപ്പാന്‍ താരം ടാറോ ഡാനിയേല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറേയെ കീഴ്പ്പെടുത്തിയത്. സ്‌കോര്‍: 4-6, 4-6, 4-6. ലോക റാങ്കിങ്ങില്‍ 120-ാം സ്ഥാനത്താണ് മുറേയെ തോല്‍പ്പിച്ച ടാറോ ഡാനിയേല്‍. ടെന്നീസില്‍ നിന്ന് കുറേ നാളുകളായി വിട്ടുനിന്ന മുറേ റാങ്കിങില്‍ 113 -ാം സ്‌ഥാനത്തേക്ക് വീണിരുന്നു. പിന്നീട് വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രി വഴിയാണ്‌ താരം ഓസ്ട്രേലിയന്‍ ഓപ്പണെത്തിയത്.

നേരത്തേ ആദ്യ റൗണ്ടില്‍ ആന്‍ഡി മുറേ തകര്‍പ്പന്‍ തിരിച്ചുവരവിന്‍റെ സൂചനയാണ് ആരാധകര്‍ക്ക് നല്‍കിയത്. പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ നികോളോസ്‌ ബാസലാഷ്‌വിയെ അഞ്ച്‌ സെറ്റ്‌ നീണ്ട പോരാട്ടത്തില്‍ മുറേ തോല്‍പ്പിക്കുകയായിരുന്നു. ജോര്‍ജിയക്കാരനായ നികോളോസിനെ നാല്‌ മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണു മുറേ തോല്‍പ്പിച്ചത്‌. സ്കോര്‍ 6-1,3-6,6-4,6-7 (5/7), 6-4.

മൂന്നു തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ മുറേ 2017 നു ശേഷം ആദ്യമായാണ് മെല്‍ബണ്‍ പാര്‍ക്കില്‍ വിജയിക്കുന്നത്. 2019 ല്‍ പരിക്കിനെത്തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ മുറേ ഏറെനാള്‍ വിശ്രമത്തിലായിരുന്നു. അതിന് ശേഷം കളിക്കളത്തില്‍ സജീവമാകുന്നതിന്‍റെ ഭാഗമായി ഓസ്ട്രേലിയന്‍ ഓപ്പണിനെത്തുകയായിരുന്നു താരം. എന്നാല്‍ രണ്ടാം റൗണ്ടില്‍ ജപ്പാന്‍ താരം ടാറോ ഡാനിയേുമായി മുറേ പരാജയപ്പെട്ടതോടെ ആരാധകര്‍ക്കിന്ന് നിരാശയുടെ ദിവസമായി.

അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വെദേവ് നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. നാലുസെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മെദ്വെദേവിന്‍റെ വിജയം. സ്‌കോര്‍: 7-6, 6-4,4-6, 6-2.

TAGS :

Next Story