Quantcast

ഡെന്മാര്‍ക്കിന്‍റെ 'ഹൃദയമിടിപ്പ്'; ക്രിസ്റ്റ്യന്‍ എറിക്സണ്‍

കഴിഞ്ഞ യൂറോ കപ്പിൽ ഫിൻലന്‍റിനെതിരായ മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് ആരാധകരെ മുഴുവൻ കണ്ണീലിരാഴ്ത്തിയ എറിക്‌സൺ മരണമുഖത്തു നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഫുട്‌ബോൾ ലോകം എങ്ങനെ മറക്കാനാണ്...?

MediaOne Logo

Web Desk

  • Published:

    22 Nov 2022 10:37 AM GMT

ഡെന്മാര്‍ക്കിന്‍റെ ഹൃദയമിടിപ്പ്; ക്രിസ്റ്റ്യന്‍ എറിക്സണ്‍
X

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ഡെന്മാര്‍ക്ക് പന്ത് തട്ടാനിറങ്ങുമ്പോള്‍ കളിയാരാധകര്‍ പരതുന്നത് ക്രിസ്റ്റ്യന്‍ എറിക്സണെയായിരിക്കും. കഴിഞ്ഞ യൂറോ കപ്പിൽ ഫിൻലന്‍റിനെതിരായ മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് ആരാധകരെ മുഴുവൻ കണ്ണീലിരാഴ്ത്തിയ എറിക്‌സൺ മരണമുഖത്തു നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഫുട്‌ബോൾ ലോകം എങ്ങനെ മറക്കാനാണ്...? ഫുട്ബോള്‍ ലോകത്തിന്‍റെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമായിരുന്നു എറിക്സന്‍റെ തിരിച്ചുവരവ്.

അന്ന് മൈതാനമധ്യത്ത്‌ ഹൃദയംപിടഞ്ഞ്‌ എറിക്സണ്‍ വീണുകിടന്നപ്പോൾ തളരാതെ കൂട്ടുകാരന്‌ സുരക്ഷാകവചമൊരുക്കിയ ഡെന്മാര്‍ക്കിന്‍റെ സഹകളിക്കാരെ ഫുട്ബോള്‍ ലോകവും ചേര്‍ത്തുപിടിച്ചു... ഇന്നോളം ലോകഫുട്ബോളില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നായിരുന്നു അത്.

ഡെന്മാര്‍ക്കിലേക്ക് വരാം, അവരുടെ മത്സരങ്ങള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം, ഡച്ച് ടീമിന്‍റെ തിരിച്ചുവരവുകളുടെ ചരിത്രം എന്താണെന്ന്... യൂറോ കപ്പ് തന്നെ സാക്ഷി, വേദനിപ്പിക്കുന്ന തുടക്കം. അതിലും ഗംഭീരമായ തിരിച്ചുവരവ്‌... വിട്ടുകൊടുക്കാന്‍ മനസില്ലാത്തവരുടെ പോരാട്ടവീര്യമായേ അതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. യൂറോയിലെ ആദ്യ കളിയില്‍ തന്നെ ടീമിന്‍റെ കുന്തമുനയായ എറിക്‌സൻ മൈതാനത്ത് കുഴഞ്ഞുവീഴുന്നു... ഫിൻലൻഡിനോടും ബെൽജിയത്തോടും തോല്‍വി... ഏതൊരു ടീമിനെ സംബന്ധിച്ചും ആത്മവിശ്വാസം കെട്ടടങ്ങി പുറത്തേക്കുള്ള വഴി ചിന്തിച്ചുപോകും.

എന്നാല്‍ തുടര്‍ച്ചയായ രണ്ട്‌ മത്സരങ്ങളില്‍ തോല്‍വി രുചിച്ചിട്ടും ഡെൻമാർക്ക്‌ വീര്യം കെട്ടില്ല. അവസാന മത്സരത്തിൽ റഷ്യയെ ഗോൾമഴയിൽ മുക്കി അസാധ്യമായൊരു തിരിച്ചുവരവ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഡെന്മാര്‍ക്കിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. എറിക്സൺ വീണപ്പോൾ ഹൃദയം പിടഞ്ഞ ഫുട്ബോൾ ലോകത്തിന്‍റെ മനസ് ഡെൻമാർക്കിനൊപ്പമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അവര്‍ക്ക് കിട്ടിയ പിന്തുണ. ഇഷ്ടപ്പെടുന്ന ഓരോ ടീമുകളുമുണ്ടാകും എല്ലാവർക്കും. അതിനുമപ്പുറം എല്ലാവരും ഇഷ്ടപ്പെടുന്ന സംഘമായി അവർ മാറുകയായിരുന്നു. ഒരുപക്ഷേ ടൂര്‍ണമെന്‍റ് ഫേവറൈറ്റുകളായി തന്നെ.റഷ്യയെ ഗോള്‍മഴയില്‍ മുക്കിയിടത്തു നിന്ന് തന്നെ പിന്നീട് ബെയിലിന്‍റെ വെയിൽസിനെയും നാലുഗോളിന് അടിയറവ് പറയിച്ചുകൊണ്ടാണ് ഡച്ച് ടീം ക്വാർട്ടറിലെത്തിയത്.

അവിടെ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുമ്പോഴും അദൃശ്യമായ ഒരു കരുത്ത് ആവാഹിച്ചിരുന്നതുപോലെയായിരുന്നു ഡാനിഷ് താരങ്ങളുടെ പ്രകടനം. എണ്ണംപറഞ്ഞ രണ്ട് ഗോളുകൾ... ബാകു ഒളിംപിക് സ്റ്റേഡിയത്തിൽ തുല്യശക്തികളുടെ പോരാട്ടമെന്ന് കളിയാരാധകര്‍ വിലയിരുത്തിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡാനിഷ് വിജയം. തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. പക്ഷേ സെമിയില്‍ ഡെന്മാര്‍ക്കിന്‍റെ പോരാട്ടം അവസാനിച്ചു. ഒന്നിനെതിരെ രണ്ട ്ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ തിരിച്ചയച്ചു.


ലോകകപ്പില്‍...

ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയതാണ് ഡെന്മാര്‍ക്കിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച ലോകകപ്പ് നേട്ടം. കഴിഞ്ഞ തവണത്തെ റഷ്യന്‍ ലോകകപ്പില്‍ ഒരു കളി മാത്രം ജയിക്കാന്‍ കഴിഞ്ഞ ഡെന്മാര്‍ക്കിന് ഗ്രൂപ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല.

ഇത്തവണ ഗ്രൂപ്പ് ഡിയിലാണ് ഡാനിഷ് പട ഇടം നേടിയത്. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനൊപ്പം ആസ്തേലിയ, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ലോക റാങ്കിങില്‍ 10ാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് സ്‌ക്വാഡിലെ ശ്രദ്ധാകേന്ദ്രം ക്രിസ്റ്റ്യന്‍ എറിക്സണ്‍ തന്നെയാണ്.

ഇത്തവണ ലോകകപ്പിനെത്തുമ്പോള്‍ കറുത്ത കുതിരകളാകാനല്ല ഞങ്ങളുടെ വരവ്, ഈ നിര അതിനും അപ്പുറമാണെന്ന് പറയുന്ന പരിശീലകൻ കാസ്‌പെർ ഹുൽമണ്ട് തന്നെയാണ് ഡെൻമാർക്ക്‌ ടീമിന്റെ കരുത്ത്. ഗ്രൂപ്പ്‌ ഡിയിൽ ഇന്ന് ടുണീഷ്യക്കെതിരെയാണ് ഡച്ച് പടയുടെ ആദ്യ മത്സരം.

ലോകകപ്പ്‌ യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ യൂറോപ്പിൽനിന്ന്‌ ജർമനിക്കൊപ്പം ഏറ്റവുമാദ്യം യോഗ്യത നേടിയ ടീം കൂടിയാണ് ഡെന്മാര്‍ക്ക്. കളിച്ച 10 മത്സരങ്ങളില്‍ ഒമ്പതിലും വിജയം. സ്വന്തം പോസ്റ്റില്‍ കയറിയതാകട്ടെ മൂന്ന്‌ ഗോൾമാത്രവും. വഴങ്ങിയത് ഒരേയൊരു തോൽവിയും.

നേഷൻസ്‌ ലീഗിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ രണ്ടുവട്ടം വീഴ്‌ത്തി. അവസാന പതിനഞ്ചിൽ 11ലും ജയം. കൂട്ടായ്‌മയാണ്‌ ടീമിന്റെ ബലം. ഒത്തൊരുമ അവര്‍ക്ക് കളത്തിൽ നൽകുന്ന താളം ചെറുതല്ല. ഡെന്‍മാര്‍ക്ക് സ്ക്വാഡിലേക്ക് വരുമ്പോള്‍ ടീം ഗെയിമിന് പ്രാധാന്യം നല്‍കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ ടീം സ്പിരിറ്റാണ് പ്ലസ് പോയിന്‍റായി ചൂണ്ടിക്കാണിക്കാവുന്ന ഏറ്റവും പ്രധാന ഘടകം.

എ.സി മിലാന്‍റെ താരമായ സിമണ്‍ ഖേയറാണ് ഡെന്മാര്‍ക്കിന്‍റെ ടീം ക്യാപ്റ്റന്‍. ടീമില്‍ നിലിവില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരവും അദ്ദേഹമാണ്. ഫ്രഞ്ച് ലീഗില്‍ കളിക്കുന്ന കാസ്പെര്‍സ്മൈക്കളാണ് ടീം ഗോള്‍കീപ്പര്‍. നീസിന്‍റെ ഒന്നാം നമ്പര്‍ ഗോളിയില്‍ ഡെന്മാര്‍ക്ക് വെക്കുന്ന പ്രതീക്ഷ ചെറുതല്ല.

മിഖേല്‍ ഡാംസ്ഗാര്‍ഡ്, ജോക്കിം മെയലേ, പിയേര്‍ എമില്‍ ഹോജ്ബെര്‍ഗ് എന്നിവരാണ് ഡാനിഷ് പടയുടെ സൂപ്പര്‍ താരങ്ങള്‍. നിലവിലെ ഫോമില്‍ ഏത് ടീമുമായും കൊമ്പുകോര്‍ക്കാനുള്ള കരുത്തുണ്ട് ഡെന്‍മാര്‍ക്കിന്.

TAGS :

Next Story