Quantcast

ഇന്ത്യ -പാക് പോരാട്ടത്തിനുമപ്പുറം: ന്യൂസിലൻഡിനെതിരെയുള്ള മത്സരം കണ്ടത് 4.3 കോടി പേർ

അഹമ്മദാബാദിലെ ഇന്ത്യ-പാക് മത്സരം 3.5 കോടി കാഴ്ചക്കാരാണ് ആസ്വദിച്ചത്

MediaOne Logo

Sports Desk

  • Updated:

    2023-10-23 18:27:55.0

Published:

23 Oct 2023 12:47 PM GMT

4.3 crore viewers (43 million) watched Indias win over New Zealand on Disney Plus Hotstar
X

മുംബൈ: ചേസിംഗ് കിങ് വിരാട് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യ വിജയിച്ച ന്യൂസിലൻഡിനെതിരെയുള്ള മത്സരം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ കണ്ടത് 4.3 കോടി പേർ (43 ദശലക്ഷം). ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലെയും ഏറ്റവുമുയർന്ന തത്സമയ കാണികളുടെ റെക്കോർഡാണിത്. 2023 ഏകദിന ലോകകപ്പിൽ തന്നെ പാകിസ്താനെതിരെ അഹമ്മദാബാദിൽ വെച്ച് ഇന്ത്യ കളിച്ച മത്സരത്തിന്റെ റെക്കോർഡാണ് ഇതിലൂടെ മറികടന്നത്. അന്ന് 3.5 കോടി (35 ദശലക്ഷം) കാഴ്ചക്കാരാണ് മത്സരം ആസ്വദിച്ചത്.

മത്സരം കണ്ട് റെക്കോർഡ് നേട്ടം സമ്മാനിച്ച ആരാധകർക്ക് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ തലവൻ സജിത് ശിവാനന്ദൻ നന്ദി പറഞ്ഞു. 'ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശകരമായ ഗെയിമിനായി ഡിസ്‌നി + ഹോട്ട്സ്റ്റാറിലേക്ക് ഒഴുകിയെത്തിയ ഞങ്ങളുടെ ഉപയോക്താക്കൾക്ക് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, തത്സമയ സ്ട്രീമിംഗ് ലോക റെക്കോർഡ് പുതുക്കാൻ ഞങ്ങളെ സഹായിച്ചതിനും നന്ദി'' ശിവാനന്ദൻ പറഞ്ഞു.

ഏഷ്യാകപ്പിന് പിറകെ ഏകദിന ലോകകപ്പും സൗജന്യമായാണ് ഡിസ്‌നി ഹോട്സ്റ്റാർ സംപ്രേക്ഷണം ചെയ്യുന്നത്. ലൈവ് സ്ട്രീമിംഗിൽ ജിയോ സിനിമ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനാണ് ഹോട്സ്റ്റാറിന്റെ നീക്കം. മൊബൈർ ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് സൗജന്യ സ്ട്രീമിംഗ് നൽകുന്നത്. ജിയോ സിനിമ മത്സരങ്ങൾ സൗജന്യമായി സ്ട്രീമിംഗ് ചെയ്യാൻ തുടങ്ങിയതോടെ ഹോട്സ്റ്റാറിനെ ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ ഓഡിയൻസിന്റെ പൾസ് മനസിലാക്കിയുള്ളതാണ് ഹോട്സ്റ്റാറിന്റെ നീക്കം.

2022 ഐ.പി.എൽ ഡിജിറ്റൽ സംപ്രേഷണവകാശം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടസ്ഥതതയിലുള്ള വയാകോം 18ന് ആയിരുന്നു. ഹോട്സ്റ്റാറിൽ നിന്ന് വൻതുകക്കാണ് അവർ സംപ്രേഷണവകാശം നേടിയത്. പിന്നാലെ ഐപിഎൽ മുഴുവൻ സൗജന്യമായി ജിയോ സിനിമയിലൂടെ സ്ട്രീം ചെയ്തു. ഇത് വൻ കാഴ്ചക്കാരെയാണ് വയാകോമിന് നേടിക്കൊടുത്തത്. ഇത് ഹോട്സ്റ്റാറിന് വൻ ക്ഷീണമായി.

ഐ.പി.എൽ സംപ്രേഷണവകാശം നഷ്ടമായതിനൊപ്പം കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവിൽ ഡിസ്‌നി ഹോട്സ്റ്റാറിന് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കിവികളെയും തകർത്ത്‌ ഇന്ത്യയുടെ അപരാജിത കുതിപ്പ്

ധരംശാലയിൽ നടന്ന മത്സരം ജയിച്ച് ലോകമാമാങ്കങ്ങളിൽ കിവികളോട് തോൽവി ഏറ്റുവാങ്ങുന്ന പഴിതീർക്കുകയായിരുന്നു ടീം ഇന്ത്യ. ന്യൂസിലൻഡിനെ നാലു വിക്കറ്റിനാണ് തകർത്തത്. കളിച്ച അഞ്ചു മത്സരവും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നീലപ്പട. സെഞ്ച്വറിക്കു തൊട്ടരികെ വീണ വിരാട് കോഹ്ലി വീണ്ടും ഇന്ത്യയെ വിജയതീരത്തേക്കു മുന്നിൽനിന്നു നയിക്കുന്ന മനോഹരകാഴ്ചയായിരുന്നു മഞ്ഞിലലിഞ്ഞ ധരംശാല രാത്രിയിൽ കണ്ടത്.

ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 274 എന്ന വിജയലക്ഷ്യം 12 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പനടികളുമായി നായകൻ രോഹിത് ശർമ നൽകിയ തുടക്കം കൃത്യമായി മുതലെടുത്ത് ടീം വിശ്വസിച്ചേൽപിച്ച ദൗത്യം ഒരിക്കൽകൂടി പൂർത്തിയാക്കി വിരാട് കോഹ്ലി. 104 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും രണ്ടു സിക്സറും സഹിതമാണ് കോഹ്‌ലി 95 റൺസെടുത്തു പുറത്തായത്.

മറുപടി ബാറ്റിങ്ങിൽ ഗില്ലിനെ കാഴ്ചക്കാരനാക്കി രോഹിത് അഴിഞ്ഞാടുകയായിരുന്നു ധരംശാലയിൽ. തുടരെ സിക്സറുകളും ബൗണ്ടറികളും പറത്തി കിവി പേസർമാരെ വശംകെടുത്തി ഇന്ത്യൻ നായകൻ. എന്നാൽ, അർധസെഞ്ച്വറിക്കു തൊട്ടരികെ രോഹിത് വീണു. ലോക്കി ഫെർഗൂസനാണ് ന്യൂസിലൻഡിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ 40 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 46 റൺസെടുത്തിരുന്നു രോഹിത്. തൊട്ടടുത്ത ഓവറിൽ ശുഭ്മൻ ഗില്ലിനെ(26) കൂടി വീഴ്ത്തി ഫെർഗൂസൻ കിവികൾക്കു പ്രതീക്ഷ നൽകി.

എന്നാൽ, അവിടെനിന്നായിരുന്നു കിങ് കോഹ്ലിയുടെ തുടക്കം. ചേസിങ് എന്നു കേട്ടാൽ എല്ലാം മറന്നു പോരാടുന്ന വിരാടിന്റെ തനിരൂപം ഒരിക്കൽകൂടി ഈ ലോകകപ്പിൽ കണ്ടു. ബംഗ്ലാദേശിനെതിരെയും അഫ്ഗാനിസ്താനെതിരെയും കണ്ട അതേ ചേസിങ് പോരാട്ടവീര്യം ഒരിക്കൽകൂടി ഇന്ത്യയെ കരക്കടുപ്പിച്ചു. ഓപണർമാർ പോയ ശേഷം മറുവശത്ത് ശ്രേയസ് അയ്യരെയും(33) കെ.എൽ രാഹുലിനെയും(27) രവീന്ദ്ര ജഡേജയെയും(39) കൂട്ടുപിടിച്ചായിരുന്നു കോഹ്ലി ഇന്ത്യയെ ഇടറിവീഴാതെ മറ്റൊരു വിജയത്തിലേക്കു നയിച്ചത്.

ഒടുവിൽ സെഞ്ച്വറിക്ക് വെറും നാല് റൺസകലെ സിക്സർ പറത്തി ഫിനിഷ് ചെയ്യാനുള്ള ശ്രമം പാളി. മാറ്റ് ഹെൺറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് പിടിച്ചുപുറത്താകുമ്പോൾ ജയിക്കാൻ വെറും അഞ്ചു റൺസായിരുന്ന ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്.

മിച്ചലിന്റെ പാഴായ സെഞ്ച്വറി; രച്ചിന്റെ പോരാട്ടവീര്യം

നേരത്തെ, 48 വർഷത്തിനുശേഷം ഇന്ത്യയ്‌ക്കെതിരെ ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായിരുന്നു ഡാരിൽ മിച്ചൽ. മിച്ചലിന്റെ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ന്യൂസിലൻഡിനെ എത്തിച്ചത്. ഒപ്പം കന്നി ലോകകപ്പിൽ മൂന്നാം അർധസെഞ്ച്വറിയുമായി ആഘോഷം തുടരുകയാണ് ഇന്ത്യൻ വംശജനായ കിവി യുവതാരം രച്ചിൻ. ഇത്തവണ ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ മുഹമ്മദ് ഷമി നാലു വിക്കറ്റുമായി ധരംശാലയുടെ മനോഹരസായാഹ്നത്തിൽ നിറഞ്ഞാടി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. പവർപ്ലേയിൽ തന്നെ രണ്ട് ഓപണർമാരെയും മടക്കിയയച്ച് ഇന്ത്യൻ പേസർമാർ കിവികളെ വിറപ്പിച്ചു. ഡേവൻ കോൺവേയെ സംപൂജ്യനാക്കി മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിൽ യങ്ങിനെ(17) ക്ലീൻ ബൗൾഡാക്കി ഷമി തിരിച്ചുവരവ് ഗംഭീരമാക്കി.

തുടർന്നായിരുന്നു മൂന്നാം വിക്കറ്റിൽ രച്ചിനും മിച്ചലും ഒന്നിച്ചത്. നായകൻ കെയിൻ വില്യംസന്റെ അഭാവത്തിൽ ഒരിക്കൽകൂടി ലഭിച്ച മൂന്നാം നമ്പർ റോൾ ഇത്തവണ അൽപം ശ്രദ്ധയോടെയാണ് രച്ചിൻ നിർവഹിച്ചത്. മറുവശത്ത് മിച്ചലും സൂക്ഷിച്ചായിരുന്നു കളി. ഇന്ത്യയുടെ ബുംറ-സിറാജ്-ഷമി പേസ് ത്രയം കളംവാണപ്പോൾ പ്രതിരോധവുമായി കോട്ടകെട്ടിനിന്നു ഇരുവരും. മറുവശത്ത് സ്പിന്നർമാരെ കടന്നാക്രമിക്കുകയും ചെയ്തു. ഇത്തവണ കുൽദീപ് യാദവായിരുന്നു ഇര.

രച്ചിനെ ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ച് ഒടുവിൽ മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പിരിച്ചത്. അപ്പോഴേക്കും മൂന്നാം വിക്കറ്റിൽ 152 പന്ത് നേരിട്ട് 159 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു ഇരുവരും. 87 പന്തിൽ ഒരു സിക്‌സും ആറ് ഫോറും സഹിതം 75 റൺസെടുത്താണ് രച്ചിൻ മടങ്ങിയത്. ഗ്ലെൻ ഫിലിപ്‌സിന്റെ കാമിയോ(26 പന്തിൽ 23) ഒഴിച്ചുനിർത്തിയാൽ പിന്നീട് വന്നവർക്കൊന്നും കാര്യമായ സംഭാവനകളർപ്പിക്കാനായില്ല. ഒടുവിൽ അവസാന ഓവറിൽ മിച്ചലിനെ കോഹ്ലിയുടെ കൈയിലെത്തിച്ച് അഞ്ചു വിക്കറ്റ് കുറിച്ചു ഷമി. 127 പന്ത് നേരിട്ട് ഒൻപത് ബൗണ്ടറിയും അഞ്ച് സിക്‌സറും അടിച്ചുപറത്തിയാണ് മിച്ചൽ 130 റൺസെടുത്തത്.

ഇടവേളകളിൽ വിക്കറ്റ് കൊയ്ത് തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു ഷമി ഇന്ന്. പത്ത് ഓവറിൽ 54 റൺസ് വിട്ടുനൽകിയായിരുന്നു ഷമിയുടെ നേട്ടം. കുൽദീപ് യാദവ് തല്ലുവാങ്ങിയെങ്കിലും രണ്ടു വിക്കറ്റ് നേടി. ബുംറയ്ക്കും സിറാജിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

4.3 crore viewers (43 million) watched India's win over New Zealand on Disney Plus Hotstar

TAGS :

Next Story