ആസ്‌ട്രേലിയയെ എറിഞ്ഞിട്ടു; തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിൽ

ക്വീൻസ്‌ലാൻഡ്: ആസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്റെ തകർപ്പൻ ജയം. ക്വീൻസ്‌ലാൻഡിലെ കറാറ ഓവലിൽ നടന്ന മത്സരത്തിൽ, ബൗളർമാരുടെ ഉജ്ജ്വല പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച അക്സർ പട്ടേലാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണെടുത്തത്. 39 പന്തിൽ നിന്ന് 46 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അഭിഷേക് ശർമ (28), ശിവം ദുബെ (22), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറുകളിൽ 11 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്ന അക്സർ പട്ടേലിന്റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. ഓസീസിന് വേണ്ടി നഥാൻ എല്ലിസും ആദം സാംപയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഇന്നിംഗ്സ് 18.2 ഓവറിൽ 119 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ മിച്ചൽ മാർഷ് (30), മാത്യു ഷോർട്ട് (25) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും, ഇന്ത്യൻ ബൗളിംഗ് നിര കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി. ഒരു ഘട്ടത്തിൽ 3 വിക്കറ്റിന് 91 റൺസ് എന്ന നിലയിലായിരുന്ന ആസ്‌ട്രേലിയ, വെറും 28 റൺസ് കൂടി ചേർക്കുന്നതിനിടെ അവസാന 7 വിക്കറ്റുകളും നഷ്ടപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ ബൗളർമാരുടെ അച്ചടക്കമുള്ള പ്രകടനമാണ് വിജയത്തിന് അടിത്തറയിട്ടത്. വെറും 1.2 ഓവർ (8 പന്ത്) എറിഞ്ഞ വാഷിംഗ്ടൺ സുന്ദർ, 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി . അക്സർ പട്ടേലും ശിവം ദുബെയും 2 വിക്കറ്റുകൾ വീതം നേടിയപ്പോൾ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ബ്രിസ്ബേനിൽ നടക്കും.
Adjust Story Font
16

