'സിക്‌സറടിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ...' ബിസിസിഐയുടെ നിരീക്ഷണത്തില്‍ സൂര്യവംശിയും അഭിഷേകും
അന്താരാഷ്ട്ര കരിയറിന്റെ തുടക്കം സൂര്യവംശിക്ക് അത്ര ശുഭകരമല്ല.

- Updated:
2026-07-11 09:03:53

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ഇന്ത്യൻ ഓപ്പണിംഗ് ജോഡികളായ അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളെയും അവരുടെ സിക്സർ അടിക്കാനുള്ള അമിത പ്രവണതയെയും ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി റിപ്പോർട്ട്.
"അഭിഷേകിന്റെയും സൂര്യവംശിയുടെയും സിക്സർ അടിക്കാനുള്ള ശേഷി മികച്ചതാണ്, എന്നാൽ അതിന് നിയന്ത്രണം വേണം''- യുവ ഓപ്പണർമാരുടെ ആക്രമണ ശൈലിയെക്കുറിച്ച് ഒരു മുതിർന്ന ബിസിസിഐ വൃത്തം വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. അയർലൻഡ് പരമ്പരയിൽ 49, 0 എന്നിങ്ങനെയായിരുന്നു അഭിഷേകിന്റെ സ്കോറുകൾ. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന അദ്ദേഹം 59, 43, 10, 16 എന്നിങ്ങനെ റൺസ് നേടി ഇന്ത്യയുടെ മുൻനിര ബാറ്റർമാരിൽ ഒരാളായി തുടരുന്നുണ്ടെങ്കിലും, മത്സരങ്ങൾ ജയിപ്പിക്കാൻ പോന്ന ഒരു ഇംപാക്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
എന്നാൽ അന്താരാഷ്ട്ര കരിയറിന്റെ തുടക്കം സൂര്യവംശിക്ക് അത്ര ശുഭകരമല്ല. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് യഥാക്രമം 14, 13, 15, എന്നിങ്ങനെ മാത്രമാണ് താരത്തിന് നേടാനായത്. വിക്കറ്റ് വലിച്ചെറിയുന്ന ഈ പ്രവണതയാണ് ഇപ്പോൾ ബിസിസിഐയുടെ നിരീക്ഷണത്തിന് കാരണമായിരിക്കുന്നത്.
പുതിയ നായകനായ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കളിക്കുന്ന ഇന്ത്യക്ക് ചലനങ്ങളുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് ഓപ്പണര്‍മാരുടെ 'സിക്സറടി പിടിക്കാന്‍' ബിസിസിഐ ഇറങ്ങുന്നത്. സൂര്യകുമാർ യാദവിൽ നിന്നാണ് മധ്യനിര ബാറ്ററായ ശ്രേയസ് അയ്യർ, ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് അയർലൻഡിനോട് 2-0 ന് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യ, നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയും കൈവിട്ടു. അഞ്ചാം ടി20 ഇന്നാണ്.
Adjust Story Font
16
