'ഇനിയെല്ലാം ബിസിസിഐയെ അറിയിക്കണം'; ഐപിഎൽ വിജയാഘോഷങ്ങൾക്ക് മാർഗനിർദേശമായി
ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരണമടഞ്ഞത്.

മുംബൈ: ഐപിഎൽ ടീമുകളുടെ വിജയാഘോഷങ്ങൾക്ക് മാർഗനിർദേശം ഏർപ്പെടുത്തി ബിസിസിഐ. ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബോർഡ് ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയത്. ആഘോഷങ്ങൾക്ക് മുൻപായി ടീമുകൾ ബിസിസിഐയുടെ മുൻകൂർ അനുമതി വേണമെന്നതാണ് പ്രധാന നിർദേശം. പഴുതടച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാൽ മാത്രമാകും അനുമതി ലഭിക്കുക.
ഇതിനായി വിവിധ ഘട്ടങ്ങളുള്ള പരിശോധന നടത്തണം. അതാത് സംസ്ഥാന സർക്കാറിന്റേയും പൊലീസിന്റേയും രേഖാമൂലമുള്ള അനുമതിയും നേരത്തെയെടുക്കണം. വിമാനത്താവളം മുതൽ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ പ്രോട്ടോകോൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പുറത്തിറിക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലുണ്ടായ അപകടത്തിൽ 11 പേരുടെ മരണത്തിന് പുറമെ 50ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 18 വർഷത്തെ കാത്തിരിപ്പ് ആഘോഷമാക്കാൻ നിരവധി പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തേക്കായി എത്തിയത്. ആളുകളെ നിയന്ത്രിക്കാനായി ആവശ്യത്തിന് പൊലീസില്ലാതിരുന്നെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
Adjust Story Font
16

