Quantcast

'പണമില്ല, ബാങ്ക് ഗ്യാരന്റിയിൽ നിന്ന് ഈടാക്കാം': ജഴ്‌സി സ്‌പോൺസർഷിപ്പിൽ ബി.സി.സി.ഐയോട് ബൈജൂസ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ 130 കോടി രൂപയുടെ ഡിസ്‌കൗണ്ട്‌, സ്റ്റാര്‍ ഇന്ത്യ ആവശ്യപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Jan 2023 12:40 PM GMT

പണമില്ല, ബാങ്ക് ഗ്യാരന്റിയിൽ നിന്ന് ഈടാക്കാം: ജഴ്‌സി സ്‌പോൺസർഷിപ്പിൽ ബി.സി.സി.ഐയോട് ബൈജൂസ്
X

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർഷിപ്പില്‍ നല്‍കാനുള്ള തുകയുടെ ഒരു ഭാഗം ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് ഈടാക്കാമെന്ന് ബി.സി.സി.ഐയോട് എഡ്ടെക് കമ്പനിയായ ബൈജൂസ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ 130 കോടി രൂപയുടെ ഡിസ്‌കൗണ്ട്‌, സ്റ്റാര്‍ ഇന്ത്യ ആവശ്യപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ബാങ്ക് ഗാരന്റിയായി നൽകിയിരുന്ന 140 കോടി രൂപ ഈ ഇനത്തിൽ വകയിരുത്താനും ബാക്കി തുക തവണകളായി നൽകാമെന്നുമാണ് ബൈജൂസ് ആവശ്യപ്പെട്ടിരിക്കുന്നത്. ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ 50,000 തൊഴിലാളികളിൽ 2500 പേരെ മാർച്ചോടെ പിരിച്ചുവിടാന്‍ ബൈജൂസ് പദ്ധതിയിടുന്നുണ്ട്. ഇതിനിടയിലാണ് ബി.സി.സി.ഐക്ക് നല്‍കാന്‍ പണമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണു ബൈജൂസ് 2023 നവംബർ വരെ 3.5 കോടി ഡോളറിന് (ഏകദേശം 280 കോടി രൂപ) കരാർ നീട്ടിയത്. എന്നാൽ ഈ മാർച്ചിൽ കരാർ അവസാനിപ്പിക്കുകയാണെന്ന് ബിസിസിഐയെ 2022 നവംബറിൽ ബൈജൂസ് അറിയിക്കുകയായിരുന്നു. അതേസമയം 2018–2023 കാലത്തെ ടിവി സംപ്രേഷണാവകാശം നേടിയ സ്റ്റാർ ഇന്ത്യ കരാർ തുകയായ 6138.1 കോടി രൂപയിൽ 130 കോടി രൂപ ഇളവു തേടി. കരാർ കാലത്തെ ചില മത്സരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയതു കാട്ടിയാണ് തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം ഇരു വിഷയവും ബോർഡ് യോഗം ചർച്ച ചെയ്തുവെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. ചൈനീസ് കമ്പനിയായ ഒപ്പോക്ക് പകരമായാണ് 2019ല്‍ ബൈജൂസ് ടീം ഇന്ത്യയുടെ ജഴ്സി സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കുന്നത്. 2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ പരസ്യ, പ്രചാരണ ചെലവ് കുത്തനെ ഉയർന്നിരുന്നു. 899 കോടിയിൽനിന്ന് ഒറ്റയടിക്ക് 2,251 കോടിയായാണ് ഇത് ഉയർന്നത്. എന്നാൽ, വരുമാനത്തിൽ വെറും നാല് ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.

വാർഷിക വരുമാനം 2,280 ആയിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബൈജൂസിന്റെ നീക്കം.

TAGS :

Next Story