Quantcast

'സൂര്യൻ ഉദിക്കുക തന്നെ ചെയ്യും'; ഏഷ്യാകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ടതിൽ ചാഹൽ

മറ്റൊരു സ്പിന്നറായ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല

MediaOne Logo

Sports Desk

  • Updated:

    2023-08-21 14:58:11.0

Published:

21 Aug 2023 2:41 PM GMT

Chahal reacts to being left out of Indias Asia Cup squad
X

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നഷ്ടപ്പെട്ടതിൽ പ്രതികരിച്ച് മുതിർന്ന സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. കാർമേഘത്തിന്റെ മറ നീക്കി പുറത്തുവന്ന സൂര്യന്റെ ഇമോജിയാണ് താരം ട്വിറ്ററിൽ(എക്‌സ്) പങ്കുവെച്ചത്. കുൽദീപ് യാദവാണ് ടീമിലെ സ്പിന്നർ. ടിമിലുള്ള ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും സ്പിൻ ബൗളർമാരാണ്. കുൽദീപ് ചാഹലിനേക്കാൾ മികച്ച് പ്രകടനം നടത്തുകയാണെന്ന് മുഖ്യ സെലക്ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനമാണ് ചാഹൽ നടത്തുന്നത്. എന്നാൽ ഈ വർഷം രണ്ട് ഏകദിനങ്ങളിൽ നിന്ന് രണ്ട് വിക്കറ്റാണ് ചാഹൽ നേടിയത്. ഒമ്പത് ടി20കളിൽ നിന്ന് ഒമ്പത് വിക്കറ്റും നേടി. അതേസമയം, 2023 ലെ വൈറ്റ് ബോൾ ക്രിക്കറ്റിൽ മൂന്നു മത്സരങ്ങളിൽ നിന്ന് കുൽദീപ് ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 4/6 എന്ന മികച്ച നേട്ടവും താരത്തിന്റെ പേരിലുണ്ട്. 3/28 എന്ന പ്രകടനത്തോടെ ഏഴ് ടി20കളിൽ നിന്ന് എട്ട് വിക്കറ്റും സ്വന്തമാക്കി.

2021 ടി 20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്ന ചാഹലിന് കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് സംഘത്തിലുൾപ്പെട്ടെങ്കിലും ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. ഏഷ്യാകപ്പ് സംഘത്തിൽ നിന്നായിരിക്കും ഇന്ത്യയിൽ നടക്കുന്ന ഏകദിന ടീമിനെയും തിരഞ്ഞെടുക്കുകയെന്നാണ് അഗാർക്കറുടെ പ്രഖ്യാപനം. അതിനാൽ ഏകദിന ലോകകപ്പ് സംഘത്തിലും ചാഹലുണ്ടായേക്കില്ല. ചാഹലിന് പകരം അക്‌സർ പട്ടേലിനാണ് ഇടം നൽകിയിരിക്കുന്നത്. ചാഹലിന് പുറമേ മറ്റൊരു സ്പിന്നറായ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ദേശീയ ടീമിനെതിരെ ഈയിടെ അശ്വിൻ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഇന്ത്യയുടെ ഏഷ്യാകപ്പ് സംഘം

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ രാഹുലും ശ്രേയസ് അയ്യരും പ്രസിദ്ധ് കൃഷ്ണയും ടീമിൽ തിരിച്ചെത്തിയപ്പോൾ റിസർവിലാണ് മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനം. കഴിഞ്ഞ മാസം വെസ്റ്റിൻഡീസ് പര്യടനത്തിലൂടെ ദേശീയകുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച തിലക് വർമയും ടീമിൽ ഇടംകണ്ടെത്തിയിട്ടുണ്ട്.

18 അംഗ സംഘത്തെയാണ് ബി.സി.സി.ഐ സെലക്ഷൻ സമിതി തലവൻ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഏറെനാളായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബ് ക്യാംപിലായിരുന്നു. ഇതിൽ അയ്യർ പൂർണ ഫിറ്റ്നെസ് തിരിച്ചെടുത്തിട്ടുണ്ടെന്ന് അഗാർക്കർ അറിയിച്ചു.

ഏറെനാളായി ടീമിനു പുറത്തുള്ള മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. ഷർദുൽ താക്കൂർ ഓൾറൗണ്ടറായും ടീമിൽ ഇടംപിടിച്ചു. വിശ്രമം നൽകിയ മുഹമ്മദ് സിറാജും ടീമിലുണ്ട്. കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓൾറൗണ്ടിങ് സ്പിന്നർമാരായി ടീമിലുണ്ട്. ഏറെക്കുറെ ഇതേ ടീമിൽനിന്നു തന്നെയാകും ലോകകപ്പ് സംഘത്തെയും തിരഞ്ഞെടുക്കുകയെന്നും ചീഫ് സെലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ്‌ കൃഷ്ണ. റിസർവ്: സഞ്ജു സാംസൺ.

Chahal reacts to being left out of India's Asia Cup squad

TAGS :

Next Story