Quantcast

വിജയദാഹം തീർക്കാൻ ചെന്നൈ; ഒന്നാമതെത്താൻ ബാംഗ്ലൂർ

പഴയ പ്രതാപത്തിന്റെ കണക്കിൽ മാത്രമേ ഈ ആധിപത്യമുള്ളൂ എന്നത് ചെന്നൈ ആരാധകരെ അലോസരപ്പെടുത്തുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    12 April 2022 4:36 AM GMT

വിജയദാഹം തീർക്കാൻ ചെന്നൈ; ഒന്നാമതെത്താൻ ബാംഗ്ലൂർ
X

മുംബൈ: ഐപിഎൽ 15-ാം സീസണിൽ ചില അത്ഭുതങ്ങൾക്കാണ് സാക്ഷിയാകുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും നാല് മത്സരങ്ങൾക്കിപ്പുറവും വിജയത്തിന്റെ അക്കൗണ്ട് തുറക്കാത്ത ആദ്യ സീസൺ ഇതാണ്.

മുംബൈയ്ക്ക് തോറ്റു തുടങ്ങുക ശീലമാണെങ്കിലും ചെന്നൈക്ക് ഇതിന് മുമ്പ് ഒരു പ്രാവശ്യം മാത്രമേ ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഒരു ജയത്തോടെ ലീഗിലേക്ക് തിരിച്ചുവരുക എന്നത് അവർക്ക് അത്യന്താപേക്ഷികമാണ്. ആ ബോധ്യത്തോടെ തന്നെ ആദ്യ ജയം തേടി ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാൻ ഇറങ്ങുകയാണ് ജഡേജ നയിക്കുന്ന ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ്.

സീസണിൽ മികച്ച നിലയിൽ നിൽക്കുന്ന ബാംഗ്ലൂരിനെ തോൽപ്പിക്കാൻ സാധിച്ചാൽ ടീമിന് നഷ്ടപ്പെട്ട ആത്മവിശ്വാസവും ആരാധകർക്ക് ഫാൻ ഫൈറ്റുകളിൽ ആശ്വാസവും നൽകാൻ ചെന്നൈക്ക് സാധിക്കും. നിലവിൽ ലീഗിൽ മുംബൈക്കും പിറകിൽ അവസാനസ്ഥാനത്താണ് ചെന്നൈ. ബാംഗ്ലൂരാണെങ്കിൽ കളിച്ച നാലുകളിയിൽ മൂന്നും ജയിച്ച് ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒന്നും രണ്ടും സ്ഥാനത്തുള്ള രാജസ്ഥാനും കൊൽക്കത്തക്കും ആറു പോയിന്റ് തന്നെയാണ്. നെറ്റ് റൺ റേറ്റ് അൽപ്പ കുറഞ്ഞതു കൊണ്ടാണ് ബാംഗ്ലൂർ പിറകിലായി പോയത്.

ഓപ്പണിങിൽ റുതുരാജ് ഗെയ്ക്‌വാദിന്റെ ഫോമില്ലായ്മയിൽ തുടങ്ങുന്നു ചെന്നൈയുടെ കഷ്ടകാലം. കഴിഞ്ഞ നാലുമത്സരങ്ങളിലും ഗെയ്ക്‌വാദിന്റെ ബാറ്റിങിൽ ആത്മവിശ്വാസത്തിന്റെ കുറവ് നിഴലിച്ചിരുന്നു. ലോകോത്തര താരങ്ങളുണ്ടായിട്ടും ശിവം ദുബെ ഒഴികെ ആർക്കും കാര്യമായ വെടിക്കെട്ട് പ്രകടനങ്ങളൊന്നും നടത്താൻ സാധിക്കാത്തതും ബാറ്റിങിന്റെ ആഴമില്ലായ്മ വ്യക്തമാക്കുന്നു. 200 ന് മുകളിലുള്ള സ്‌കോർ പോലും പ്രതിരോധിക്കാൻ സാധിക്കാത്ത ബോളിങ് നിരയുടെ പ്രകടനവും ശരാശരിയാണ്.

ദീപക് ചഹർ പരിക്കേറ്റ് പുറത്തു നിൽക്കുന്നതാണ് ചെന്നൈയുടെ മറ്റൊരു വെല്ലുവിളി. ഈ സീസണിൽ പവർ പ്ലേയിൽ ചെന്നൈക്ക് ഇതുവരെ വീഴ്ത്താനായത് കേവലം ഒരുവിക്കറ്റ് മാത്രമാണ് എന്നതും ബോളിങ് നിരയുടെ പ്രകടനത്തെ ചോദ്യം ചെയ്യുന്നതാണ്.

എന്നാൽ മുൻ സീസണുകളിലെ കണക്കുകൾ പരിശോധിച്ചാൽ ഇരുടീമുകളും 28 പ്രാവശ്യം ഏറ്റുമുട്ടിയപ്പോൾ 18 പ്രാവശ്യവും ചെന്നൈ വിജയം നേടി. 9 പ്രാവശ്യം മാത്രമേ ബാംഗ്ലൂരിന് ജയിക്കാൻ സാധിച്ചുള്ളൂ. പക്ഷേ പഴയ പ്രതാപത്തിന്റെ കണക്കിൽ മാത്രമേ ഈ ആധിപത്യമുള്ളൂ എന്നത് ചെന്നൈ ആരാധകരെ അലോസരപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ മത്സരങ്ങളിലെ പ്ലേയിങ് ഇലവനിൽ ഇരു ടീമും മാറ്റങ്ങൾക്ക് തയാറാകില്ല.

തേർഡ് അംപയർ

1. ബാംഗ്ലൂർ മുൻ നായകൻ വിരാട് കോഹ്‌ലി 52 റൺസ് കൂടി നേടിയാൽ ചെന്നൈക്കെതിരെ 1000 റൺസ് തികയ്ക്കും

2. 28 പ്രാവശ്യം ബാംഗ്ലൂരുമായി ഏറ്റുമുട്ടിയ ചെന്നൈ നായകൻ ജഡേജ ഇതുവരെ 23 വിക്കറുകൾ നേടിയിട്ടുണ്ട്

3. ദീപക് ചഹറിന്റെ അഭാവത്തിൽ കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് സീസണിൽ ഇതുവരെ പ്ലേ ഓഫിൽ ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താൻ സാധിച്ചിട്ടുള്ളൂ.

TAGS :

Next Story