Quantcast

ഐ.പി.എൽ ലേലത്തിൽ അൺസോൾഡ്; മത്സരങ്ങളിൽ ടീം ഇന്ത്യയെ ഞെട്ടിച്ച വീരന്മാർ

ഐ.പി.എൽ ടീമുകൾ അവഗണിച്ച ചിലർ ഈയിടെ ഇന്ത്യൻ ദേശീയ ടീമിനെതിരെ മിന്നും പ്രകടനം തന്നെ നടത്തിയിരുന്നു. അത്തരം ചില താരങ്ങളെ നമുക്കൊന്ന് നോക്കാം

MediaOne Logo

Sports Desk

  • Published:

    20 Jan 2023 2:33 PM GMT

ഐ.പി.എൽ ലേലത്തിൽ അൺസോൾഡ്; മത്സരങ്ങളിൽ ടീം ഇന്ത്യയെ ഞെട്ടിച്ച വീരന്മാർ
X

ഐ.പി.എൽ ലേലത്തിൽ പുല്ലുവില ലഭിച്ചവർ അന്താരാഷ്ട്ര മത്സരങ്ങളിൽ ടീം ഇന്ത്യയെ ഞെട്ടിക്കുമ്പോൾ ശരിക്കും ഞെട്ടിയത് അവരെ ടീമിലെടുക്കാതിരുന്ന ഫ്രാഞ്ചസി മേധാവികളായിരിക്കും. കഴിഞ്ഞ മാസം നടന്ന ലേലത്തിൽ പത്ത് കോടിയിലേറെ തുകയുടെ കരാറുകളിൽ വിവിധ താരങ്ങളുമായി ടീമുകൾ ഒപ്പുവെച്ചിരുന്നു. എന്നാൽ അന്ന് ടീമുകൾ അവഗണിച്ച ചിലർ ഈയിടെ ഇന്ത്യൻ ദേശീയ ടീമിനെതിരെ മിന്നും പ്രകടനം തന്നെ നടത്തി. അത്തരം ചില താരങ്ങളെ നമുക്കൊന്ന് നോക്കാം.

1. മിച്ചൽ ബ്രാസ്‌വെൽ, ന്യൂസിലൻഡ്

ശ്രീലങ്ക പര്യടനം കഴിഞ്ഞയുടൻ ഇന്ത്യയിലെത്തിയിരിക്കുകയാണ് ന്യൂസിലൻഡ്. ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ ഇരട്ടസെഞ്ച്വറിയിലൂടെ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോറിനെതിരെ അവർ മറുപടി ബാറ്റിംഗിനിങ്ങിയപ്പോൾ കാണികളുടെ കണ്ണുകളെല്ലാം ഒരു താരത്തിലായിരുന്നു. മിച്ചൽ ബ്രാസ്‌വെൽ. കേവലം 78 പന്തിൽ 140 റൺസാണ് ഇയാൾ അടിച്ചുകൂട്ടിയത്. 12 ഫോറും 10 സിക്‌സറുമടക്കം അനായസമാണ് താരം റൺ വാരിക്കൂട്ടിയത്. ഒരുവേള കിവിപ്പടയെ ഇയാൾ വിജയതീരത്തെത്തിക്കുമെന്ന് തന്നെ തോന്നിപ്പിച്ചു. പക്ഷേ ഷർദുൽ താക്കൂറെറിഞ്ഞ അവസാന ഓവറിൽ എൽ.ബി.ഡബ്ല്യൂവിൽ കുരുങ്ങി താരം പുറത്താകുകയായിരുന്നു. ബൗളിംഗിലും മികച്ച റെക്കോഡുകളുള്ള താരമാണ് ഈ ഓൾറൗണ്ടർ. പക്ഷേ 2022 ഡിസംബറിലെ ഐ.പി.എൽ ലേലത്തിൽ താരത്തെ ആരും വിളിച്ചെടുത്തിരുന്നില്ല. ഒരു കോടിയായി പ്രാഥമിക മതിപ്പുവില.

2. ദസുൻ ഷനക, ശ്രീലങ്ക

ന്യൂസിലൻഡിന് തൊട്ടുമുമ്പ് വന്ന ശ്രീലങ്കൻ ടീമിലുമുണ്ടായിരുന്നു ഐ.പി.എൽ ടീമുകൾ മുൻവിധിയോടെ ഒഴിവാക്കിയ ഒരു താരം. മറ്റാരുമല്ല ശ്രീലങ്കൻ നായകനും ഓൾറൗണ്ടറുമായ ദസുൻ ഷനക. രാജ്യത്തിന്റെ മാച്ച് വിന്നിംഗ് താരമായ ഷനകയെയും ഐ.പി.എൽ ലേലത്തിൽ ആരും വിളിച്ചിരുന്നില്ല. മധ്യനിര ബാറ്ററായി കളിയുടെ ഗതിമാറ്റാനും വലംകയ്യൻ ബൗളറായി വിക്കറ്റുകൾ പിഴുതെടുക്കാനും മിടുക്കനാണ് താരം.

കഴിഞ്ഞ വർഷത്തെ ഏഷ്യാകപ്പിൽ 18 പന്തിൽ 33 റൺസ് ഇന്ത്യയെ പുറത്താക്കാനിടയാക്കിയിരുന്നു. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിലും മികച്ച പ്രകടനം നടത്തി.

3. മെഹ്ദി ഹസൻ മിറാസ്, ബംഗ്ലാദേശ്

കഴിഞ്ഞ വർഷം ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ ബംഗ്ലാദേശിന് 2-1ന് വിജയം നേടിക്കൊടുത്ത് ഓൾറൗണ്ടറായ മെഹ്ദി ഹസൻ മിറാസായിരുന്നു. രണ്ടാം ഏകദിനത്തിൽ സെഞ്ച്വറിയും ഒന്നാം ഏകദിനത്തിൽ മത്സരം ജയിപ്പിച്ച 38 നോട്ടൗട്ട് സ്‌കോറും താരം നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോം പ്രകടിപ്പിക്കുന്ന താരവും ഐ.പി.എല്ലിൽ ലേലം വിളിക്കപ്പെട്ടില്ല.

4. ടോം ലാതം, ന്യൂസിലൻഡ്

ഇന്ത്യക്കെതിരെയും ഇന്ത്യൻ സാഹചര്യത്തിലും മികച്ച റെക്കോഡുള്ള ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാതവും ഐ.പി.എല്ലിൽ പരിഗണിക്കപ്പെടാതിരുന്ന താരമാണ്. കഴിഞ്ഞ വർഷം ന്യൂസിലൻഡ് ഇന്ത്യയിലെത്തിയപ്പോൾ 104 പന്തിൽ 145 റൺസുമായി ലാതം ടീമിനെ വിജയിപ്പിച്ചിരുന്നു.

5. വെയ്ൻ പാർനൽ, ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയുടെ ടി20 വിജയതാരവും ഇതര ടി20 ലീഗുകളിലെ നിത്യ സാന്നിധ്യവുമായ വെയ്ൻ പാർനൽ 2015 മുതൽ ഐ.പി.എല്ലില്ല. കഴിഞ്ഞ ടി 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ 4-1-15-3 എന്ന സ്‌പെല്ലറിഞ്ഞ ബൗളറാണ് പാർനൽ. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു ഫലം. സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വിക്കറ്റായിരുന്നു താരം അന്ന് വീഴ്ത്തിയത്. പക്ഷേ ഐ.പി.എൽ ടീമുകൾ താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞില്ല.

ലോകത്തിലെ ഒന്നാം നമ്പർ ടി 20 ലീഗാണ് ഐ.പി.എൽ. ലീഗിൽ പങ്കെടുക്കുകയെന്നത് മിക്ക ക്രിക്കറ്റർമാരുടെയും ലക്ഷ്യമാണ്. പേരും പെരുമയും വമ്പൻ സാലറിയുമൊക്കെയാണ് ഇവരെ ആകർഷിക്കുന്നത്. നിരവധി താരങ്ങളുടെ ജീവിതം തന്നെ ലീഗ് മാറ്റിമറിച്ചിട്ടുണ്ട്.

Cricketers not sold in IPL auction; But they shocked Team India in the matches

TAGS :

Next Story