Quantcast

തകർന്നടിഞ്ഞ് ചെന്നൈ ; രാജസ്ഥാന് 128 റൺസ് വിജയലക്ഷ്യം

MediaOne Logo

Sports Desk

  • Published:

    30 March 2026 9:25 PM IST

തകർന്നടിഞ്ഞ് ചെന്നൈ ; രാജസ്ഥാന് 128 റൺസ് വിജയലക്ഷ്യം
X

ഗുവാഹത്തി : ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ ബോളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ ബാറ്റിങ് നിര. 19.4 ഓവറിൽ 127 റൺസിനാണ് രാജസ്ഥാൻ ചെന്നൈയെ എറിഞ്ഞൊതുക്കിയത്. രാജസ്ഥാനായി ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ, നാന്ദ്രേ ബർഗർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 42 റൺസ് നേടിയ ജാമി ഓവർട്ടനാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ.

ടോസ് നേടി ചെന്നൈയെ ബാറ്റിങിനയച്ച രാജസ്ഥാൻ നായകൻ റയാൻ പരാഗിന്റെ തീരുമാനം രണ്ടാം ഓവറിൽ തന്നെ ഫലം കണ്ടു. നാന്ദ്രേ ബർഗറിന്റെ ഉഗ്രനൊരു ഗുഡ് ലെങ്ത്ത് ഡെലിവറി സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. ഏഴ് പന്തിൽ വെറും ആറ് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാം ഓവറിൽ നായകൻ ഗെയ്ക്ക്വാഡും നാലാം ഓവറിൽ ആയുഷ് മാത്രെയും കൂടാരം കയറിയതോടെ പവർ പ്ലേയിൽ ചെന്നൈ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

ആയുഷിനെ പിൻവലിച്ച് ഇമ്പാക്ട് പ്ലെയറാക്കി ചെന്നൈ സർഫറാസിനെ കൊണ്ടുവന്നു. യുവതാരം കാർത്തിക് ശർമക്കൊപ്പം ചേർന്ന് താരം ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും രവീന്ദ്ര ജഡേജ അവതരിച്ചു. സർഫറാസിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ജഡേജ അതേ ഓവറിൽ തന്നെ ശിവം ദുബെയെയും മടക്കി. അരങ്ങേറ്റക്കാരൻ ബ്രിജേഷ് ശർമയാണ് കാർത്തിക്കിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്.

വാലറ്റത്തെ കൂട്ടുപിടിച്ച് ഇംഗ്ലീഷ് ആൾറൗണ്ടർ ജാമി ഓവർട്ടൺ നടത്തിയ പോരാട്ടമാണ് ചെന്നൈയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്. 35 പന്തിൽ 42 റൺസാണ് താരം നേടിയത്.

TAGS :

Next Story