ധോണി യൂറോപ്പിലേക്കോ? ആഗ്രഹം പങ്കുവെച്ച് ഇ.പി.ടി.എൽ സഹസ്ഥാപകൻ അഭിഷേക് ബച്ചൻ
ധോണിയെപ്പോലൊരു താരം ലീഗിലെത്തുന്നത് ക്രിക്കറ്റിനെ ആഗോള തലത്തിൽ വളർത്താൻ സഹായിക്കുമെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണി യൂറോപ്പിൽ കളിച്ചുകാണണം എന്ന ആഗ്രഹം പങ്കുവെച്ച് യൂറോപ്യൻ ടി20 പ്രീമിയർ ലീഗ് സഹസ്ഥാപകൻ കൂടിയായ അഭിഷേക് ബച്ചൻ. ഡബ്ലിനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോളാണ് താരം ഇങ്ങനെ പറഞ്ഞത്. ഏതു ഇന്ത്യൻ താരത്തെയാണ് യൂറോപ്യൻ ടി20 ലീഗിലേക്ക് കൊണ്ടുവരാൻ ആഗ്രഹം എന്ന ചോദ്യത്തിന് പെട്ടന്ന് തന്നെ അഭിഷേക് ബച്ചൻ ഉത്തരം പറഞ്ഞു 'മഹേന്ദ്ര സിങ് ധോണി'.
എന്തുകൊണ്ട് ധോണിയെ കൊണ്ടുവരണം എന്ന ചോദ്യത്തിന് മറുപടിയായി അഭിഷേക് ഇങ്ങനെ പറഞ്ഞു "മഹേന്ദ്ര സിങ് ധോണിയെ ക്രിക്കറ്റ് മൈതാനത്ത് കാണാൻ ആർക്കെങ്കിലും പ്രത്യേകിച്ച് വല്ല കാരണവും ആവശ്യമുണ്ടോ?"
ഡബ്ലിനിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ധോണിയെ കൊണ്ടുവരാനുള്ള തന്റെ താൽപര്യം അദ്ദേഹം പങ്കുവെച്ചത്. എന്നാൽ ഇതിന് പിന്നിൽ തടസങ്ങളുണ്ട്. ബിസിസിഐ നിയമപ്രകാരം, ഇന്ത്യൻ കരാറിലുള്ള താരങ്ങൾക്കോ ഐ.പി.എല്ലിൽ സജീവമായി തുടരുന്നവർക്കോ വിദേശ ടി20 ലീഗുകളിൽ കളിക്കാൻ അനുമതിയില്ല.
നിലവിൽ പരിക്കിനെത്തുടർന്ന് ഐപിഎൽ 2026 സീസണിൽ നിന്ന് ധോണി വിട്ടുനിൽക്കുകയാണ്. രാഹുൽ ദ്രാവിഡ്, സ്റ്റീവ് വോ തുടങ്ങിയ പ്രമുഖർ ഉടമകളായെത്തുന്ന ഇടിപിഎൽ, ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 20 വരെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ധോണിയെപ്പോലൊരു താരം ലീഗിലെത്തുന്നത് ക്രിക്കറ്റിനെ ആഗോള തലത്തിൽ വളർത്താൻ സഹായിക്കുമെന്നും അഭിഷേക് കൂട്ടിച്ചേർത്തു. ബിസിസിഐ നിയമങ്ങൾ മാറ്റുകയോ ധോണി പൂർണമായും ഐപിഎല്ലിൽ നിന്ന് വിരമിക്കുകയോ ചെയ്‌താൽ മാത്രമേ അഭിഷേക് ബച്ചന്റെ ആഗ്രഹം സാധിക്കുകയുള്ളു. ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമകളാണ് അഭിഷേക് ബച്ചനും എംഎസ് ധോണിയും.
Adjust Story Font
16

