സഞ്ജു സാംസണ് നിർണായകം; ഇന്ത്യ-ഓസീസ് ടി20 പര്യടനത്തിന് നാളെ തുടക്കം
ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരമ്പര അതിനിർണായകം

കാൻബെറ: ലോക റാങ്കിങിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയും ആസ്‌ട്രേലിയയും ടി20 പരമ്പരയിൽ നേർക്കുനേർ വരുന്നു. അവസാനം കളിച്ച പത്ത് മത്സരങ്ങളിൽ ഒൻപത് മത്സരങ്ങളിലും വിജയവുമായാണ് ഇരു ടീമുകളും അഞ്ച് മത്സര പരമ്പരയിലേക്ക് എത്തുന്നത്. ഇന്ത്യയാവട്ടെ ഏഷ്യാ കപ്പ് വിജയവുമായി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടുന്നത് 2024 ടി20 ലോകകപ്പ് സെമി ഫൈനലിലായിരുന്നു. അന്ന് വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഏഷ്യാ കപ്പിലെ മിന്നും പ്രകടനത്തോടെ അഭിഷേക് ശർമ ഓപ്പണിങ് പൊസിഷനിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ടൂർണമെന്റിലെ ടോപ് സ്‌കോററായ താരം 314 റൺസ് ആണ് അടിച്ചുകൂട്ടിയത്. എന്നാൽ ശുഭ്മൻ ഗില്ലിന്റെ സ്ഥിതി വ്യത്യസ്തമാണ്. ഒരു ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിനായുള്ള ടീമിൽ ഉപനായകനായി തിരിച്ചെത്തിയ ഗില്ലിന് നിരാശയായിരുന്നു. പാകിസ്താനെതിരായ മത്സരത്തിലെ 47 റൺസ് മാത്രമാണ് നേടാനായത്. അതിനാൽ താരത്തിന് ഈ പരമ്പര നിർണായകമാണ്. നായകൻ സൂര്യകുമാർ യാദവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അവസാനം കളിച്ച 14 മത്സരങ്ങളിൽ നിന്ന് ഒറ്റ അർധ സെഞ്ചുറി നേടിയിട്ടില്ലാത്ത സ്‌കൈ ബാറ്റിങിൽ ശക്തമായ തിരിച്ചുവരവാണ് ഓസീസ് മണ്ണിൽ ലക്ഷ്യമിടുന്നത്. നാലാമതായി മികച്ച ഫോമിലുള്ള തിലക് വർമയും വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ വിശ്രമത്തിന് ശേഷം ജസ്പ്രിത് ബുംറ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്നത് ഇന്ത്യൻ പേസ് നിരക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ബുമ്രക്കൊപ്പം അർഷ്ദീപ് സിങും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ നാലു വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഹർഷിത് റാണ ആദ്യ ഇലവനിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓൾറൗണ്ടറായി അക്‌സർ പട്ടേലും സ്പിൻ നിരയിൽ കുൽദീപ് യാദവോ വരുൺ ചക്രവർത്തിയോ ആദ്യ ഇലവനിൽ ഉൾപ്പെട്ടേക്കും.
ഇന്ത്യ (സാധ്യത ഇലവൻ): അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, റിങ്കു സിങ്, അക്‌സർ പട്ടേൽ, ശിവം ദുബെ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിങ്.
മിച്ചൽ മാർഷും ട്രാവിഡ് ഹെഡുമായിരിക്കും ഓപ്പണിങ് റോളിലെത്തുക. മൂന്നാം നമ്പറിൽ വിക്കറ്റ് കീപ്പറായ ജോഷ് ഇംഗ്ലിസ് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിരലിനേറ്റ പരിക്കു മൂലം മാത്യു ഷോർട് കളിച്ചേക്കില്ല. ഗ്ലെൻ മാക്‌സ്വെൽ ആദ്യ രണ്ടു മത്സരങ്ങളിൽ ടീമിനൊപ്പം ചേരില്ല എന്നതിനാൽ മധ്യനിരയിൽ ബാക്കപ്പ് കീപ്പറായ ജോഷ് ഫിലിപ്പ് ബാറ്റിങിന് ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആദം സാംബക്ക് പകരമായി മാത്യൂ കൂനെമൻ ബൗളിംഗ് നിരയിൽ ഉൾപ്പെടും.
ആസ്‌ത്രേലിയ (സാധ്യത ഇലവൻ): മിച്ചെൽ മാർഷ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മിച്ചെൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, ഷോൺ അബട്‌നസേവിയർ ബാർട്‌ലെറ്റ്, നതൻ ഇല്ലിസ്, മാത്യൂ കൂനെമൻ, ജോഷ് ഹേസൽവുഡ്
ആദ്യ മത്സരം നടക്കുന്ന കാൻബെറയിലെ മനുക ഓവലിൽ 2020ൽ ഒറ്റ തവണ മാത്രമാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള തയാറെടുപ്പു കൂടിയാണ് ഇരു ടീമുകൾക്കും ഈ പരമ്പര.
Adjust Story Font
16

