Quantcast

വിൻഡീസിലെ ക്ഷീണം തീർക്കാൻ ഇന്ത്യ; അയർലാൻഡിനെതിരെയുള്ള ടി20 പരമ്പര ഇന്ന് തുടങ്ങും

വിൻഡീസിനെതിരെ കളിച്ച സഞ്ജു സാംസണടക്കം ചില താരങ്ങൾക്ക് അയർലാൻഡിലും 'ഡ്യൂട്ടി'യുണ്ട്

MediaOne Logo

Sports Desk

  • Updated:

    2023-08-18 09:22:23.0

Published:

18 Aug 2023 9:20 AM GMT

India-Ireland t20 series starts today
X

മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ പരാജയപ്പെട്ട ഇന്ത്യൻ ടീം ഇന്ന് അയർലാൻഡിനെതിരെയിറങ്ങുന്നു. പ്രധാന താരങ്ങളില്ലാതെയാണ് പുതിയ ദൗത്യമെങ്കിലും കഴിവുതെളിയിച്ച പുതുനിര പുതിയ നായകന് കീഴിലാണ് ഇറങ്ങുന്നത്. അയർലാൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ മുതിർന്ന താരം ജസ്പ്രീത് ബുംറയാണ് നായകൻ. പരിക്കേറ്റ് ഏറെക്കാലം പുറത്തായിരുന്ന ബുംറ ഇപ്പോൾ കിടിലൻ ഫോമിലാണെന്നാണ് നെറ്റ്‌സ് പരിശീലന വീഡിയോകൾ സൂചിപ്പിക്കുന്നത്. ഏഷ്യാകപ്പും ഏകദിന ലോകകപ്പും അടുത്തിരിക്കെ ബുംറയുടെ ഫോമും തിരിച്ചുവരവും ഇന്ത്യക്ക് ഏറെ പ്രധാനമാണ്.

വിൻഡീസിനെതിരെ കളിച്ച മലയാളി താരം സഞ്ജു സാംസണടക്കം ചില താരങ്ങൾക്ക് അയർലാൻഡിലും 'ഡ്യൂട്ടി'യുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിന്റെ സ്ഥാനം. വിൻഡീസിനെതിരായ പരമ്പരയിൽ വൻ പരാജയമായ സഞ്ജുവിന് തിരിച്ചുവരാനുള്ള അവസാന തുരുത്താണ് അയർലാൻഡിലേത്. ഇന്നും 20, 23 തിയതികളിലുമായി അയർലാൻഡിലെ മലാഹിഡെയിലാണ് മത്സരങ്ങൾ. ഇന്ത്യൻ സമയം വൈകീട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. വിയാകോം18 ഉടമസ്ഥതയിലുള്ള സ്‌പോർസ് 18ൽ മത്സരം കാണാനാകും. ഇന്ത്യയിൽ ജിയോ സിനിമ ആപ്പ് വഴിയും കളി കാണാം.

ബുംറക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, ഋതുരാജ് ഗെയിക് വാദ്, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ടീമിലുണ്ട്. സഞ്ജുവിനെക്കൂടാതെ തിലക് വർമ്മ, യശസ്വി ജയ്സ്വാൾ, മുകേഷ് കുമാർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ് എന്നിവർ വിൻഡീസിൽ നിന്ന് നേരിട്ട് അയർലാൻഡിലേക്ക് എത്തുകയായിരുന്നു. ഇതിൽ സഞ്ജു ഒഴികെ എല്ലാവരും മികച്ച ഫോമിലാണ്. വിൻഡീസ് പരമ്പരയിലെ കണ്ടെത്തലുകളാണ് തിലക് വർമ്മയും മുകേഷ് കുമാറുമൊക്കെ. ഏതായാലും ഈ വർഷം പ്രധാന ടി20 ടൂർണമെന്റുകളൊന്നും ഇല്ലാത്തതിനാൽ ഇന്ത്യക്ക് അയർലാൻഡിനെതിരായ പരമ്പര അത്ര പ്രധാനമില്ല.

എന്നാൽ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ഇന്ത്യൻ ടീം വിൻഡീസിനോട് തോറ്റതിനാൽ ബുംറക്കും സംഘത്തിനും ശ്രദ്ധയോടെ കളിക്കേണ്ടിവരും. ഒരു ടി20 പരമ്പര കൂടി തോൽക്കുന്നത് ഇന്ത്യൻ ആരാധകർക്ക് സഹിക്കില്ല.

ഇന്ത്യൻ സംഘം

ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്ക്‌വാദ്(വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ഡൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ്, മുകേഷ് കുമാർ, ആവേശ് ഖാൻ.

അയർലാൻഡ് സംഘം

പോൾ സ്റ്റർലിംഗ് (ക്യാപ്റ്റൻ), ആൻ്രേഡാ ബാൽബിർനി, മാർക് അഡൈർ, റോസ് അഡൈർ, കുർടിസ് കാംഫർ, ഗരേത് ഡെലേനി, ജോർജ് ഡോക്രെൽ, ഫിയോൻ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മകാർത്തി, ഹാരി ടെക്ടർ, ലോർകാൻ ടെക്ടർ, തിയോ വാൻ വോയെർകോം, ബെൻ വൈറ്റ്, ക്രെയ്ഗ് യംഗ്.

India-Ireland t20 series starts today

TAGS :

Next Story