ഇന്ത്യക്ക് വിജയ തുടക്കം; മലയാളി താരം മുഹമ്മദ് സുഹൈൽ ഗോൾ നേടി
ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബഹ്‌റൈനെ തോല്പിച്ചത്

ദോഹ: എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്ക് വിജയ തുടക്കം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബഹ്‌റൈനെ തോല്പിച്ചത്. ദോഹയിലെ സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 32ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് സുഹൈൽ നേടിയ ഉജ്വല ഗോളിൽ ഇന്ത്യ ലീഡ് നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് ശിവാൾഡോയിലൂടെ രണ്ടാം ഗോളും നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
കളിയുടെ 32-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. മൈതാന മധ്യത്തു നിന്ന് മകാർട്ടൺ നിക്‌സൺ നൽകിയ അസിസ്റ്റിൽ എതിർ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് മലയാളി താരമായ സുഹൈൽ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ബഹ്‌റൈൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ബികാഷ് യുംനയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം ഉലയാതെ നിന്നു. ഇഞ്ച്വറി ടൈമിലാണ് ഇന്ത്യയുടെ രണ്ടാം ഗോൾ വന്നത്. ഇടതു വിങ്ങിൽ നിന്ന് മലയാളി താരം എംഎസ് ശ്രീക്കുട്ടൻ നൽകിയ പാസിന് കൃത്യമായ പൊസിഷനിങ്ങോടെ കാൽ വച്ചാണ് ശിവാൾഡോ പന്ത് വലയിലെത്തിച്ചത്.
വിജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഇന്ത്യക്ക് മൂന്നു പോയിന്റായി. ഇന്ത്യക്കൊപ്പം ഗ്രൂപ്പ് H ൽ ബഹ്‌റൈൻ കൂടാതെ ആതിഥേയരായ ഖത്തറും ബ്രൂനൈ ദാറുസലേമും ആണുള്ളത്. ആറിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ. യോഗ്യതാറൗണ്ടിലെ 11 ഗ്രൂപ്പ് ജേതാക്കൾക്കൊപ്പം മികച്ച നാല് രണ്ടാം സ്ഥാനക്കാരും 2026ൽ സൗദിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിലേക്ക് യോഗ്യത നേടും.
Adjust Story Font
16

