അഡ്‌ലെയ്ഡിലും തോൽവി; ഓസീസിനെതിരെ ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ
ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഓസീസ് 46.2 ഓവറിൽ മറികടന്നു

അഡ്‌ലെയ്ഡ്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 46.2 ഓവറിൽ ഓസീസ് മറികടന്നു. 61 റൺസുമായി കൂപ്പർ കൊണോലി പുറത്താകാതെ നിന്നു. പെർത്തിന് പിന്നാലെ അഡ്‌ലെയ്ഡിലും ജയിച്ചതോടെ പരമ്പര 2-0 ഓസീസ് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമയുടേയും ശ്രേയസ് അയ്യരുടേയും അർധ സെഞ്ച്വറി കരുത്തിലാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. രോഹിത് 97 പന്തിൽ 73 റൺസും ശ്രേയസ് 77 പന്തിൽ 61 റൺസുമെത്തു. വിരാട് കോഹ് ലി തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. അക്‌സർ പട്ടേലും (44) മികച്ച പ്രകടനം നടത്തി. അവസാന ഓവറുകളിൽ അർഷ്ദീപ് സിങ് മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യൻ സ്‌കോർ 264ൽ എത്തിയത്.
മറുപടി ബാറ്റിങിൽ മിച്ചൽ മാർഷിനെ(11)തുടക്കത്തിലേ പുറത്താക്കാൻ സന്ദർശകർക്കായി. എന്നാൽ വൺഡൗണായി ക്രീസിലെത്തിയ മാത്യു ഷോർട്ട്(78 പന്തിൽ 74) ഇന്ത്യൻ പ്രതീക്ഷകൾ തല്ലികെടുത്തി. മധ്യഓവറുകളിൽ കൂപ്പെർ കൊണോലി(61), മിച്ചെൽ ഓവൻ(36) കൂട്ടുകെട്ട് ഓസീസിനെ വിജയതീരത്തെത്തിച്ചു. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയെങ്കിലും രണ്ട് വിക്കറ്റ് ശേഷിക്കെ മറികടന്നു
Adjust Story Font
16

